ധോണിക്ക് പിന്‍ഗാമിയായി ചെന്നൈ രാഹുലിനെ സ്വന്തമാക്കും; മുന്‍ ഇന്ത്യന്‍ താരം
മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തിന്റെ കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികളെല്ലാം. ഇഷ്ടതാരങ്ങളെ ഏത് ടീം സ്വന്തമാക്കും ഇഷ്ട ടീം ഏത് താരങ്ങള്‍ക്കായി പണം ചെലവഴിക്കാം എന്നെല്ലാം അറിയാനുള്ള ആകാംക്ഷയായിരിക്കും എല്ലാവര്‍ക്കും. സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ തന്നെ എല്ലാ കണ്ണുകളും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കാണ്.
ധോണി കളിക്കുമോ ഇല്ലയോ എന്നുറപ്പില്ലെങ്കിലും ഭാവിയില്‍ ആരെ വിക്കറ്റ് കീപ്പറാക്കണം എന്നത് ഫ്രാഞ്ചൈസിയുടെ പ്രധാന തലവേദനകളിലൊന്നാണ്. അതിനാല്‍ തന്നെ ലേലത്തില്‍ വിക്കറ്റ് കീപ്പര്‍ താരത്തിന് വേണ്ടിയായിരിക്കും ചെന്നൈ കൂടുതല്‍ പണമെറിയുക. യുവതാരം റിഷഭ് പന്തിനെ ചെന്നൈ റാഞ്ചിയേക്കും എന്നാണ് ക്രിക്കറ്റ് ലോകത്ത് നിന്നുള്ള സംസാരം. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പ്രവചനം ഇതല്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സ് തീര്‍ച്ചയായും കെഎല്‍ രാഹുലിന് പിന്നാലെ പോയേക്കും എന്നാണ് ആകാശ് ചോപ്രയുടെ കണക്കുകൂട്ടല്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായി പിരിഞ്ഞ രാഹുല്‍ നവംബര്‍ 24, 25 തീയതികളില്‍ ജിദ്ദയില്‍ നടക്കുന്ന മെഗാ ലേലത്തില്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022 ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്കായി ഒരു ടി20 പോലും കെഎല്‍ രാഹുല്‍ കളിച്ചിട്ടില്ല.
മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ ടി 20യില്‍ ദേശീയ ജഴ്‌സി രാഹുലിന് അണിയാനാകും എന്നും ഉറപ്പില്ല. എങ്കിലും ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ്, ക്യാപ്റ്റന്‍സി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത യോഗ്യതകള്‍ ഉള്ളതിനാല്‍ ലേലത്തില്‍ രാഹുലിനെ വില കുറച്ച് കാണണ്ടതില്ല എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. രാഹുലിന്റെ അടിസ്ഥാന വില 2 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ നിലനിര്‍ത്തിയിട്ടുള്ള സിഎസ്‌കെ, തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി രാഹുലിനെ സൈന്‍ ചെയ്യാന്‍ നോക്കുമെന്നാണ് ചോപ്ര പറയുന്നത്. 'അവര്‍ക്ക് ധോണിയുടെ പിന്‍ഗാമിയെ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു, ഒരു വിക്കറ്റ് കീപ്പര്‍-ബാറ്ററാണ് രാഹുല്‍. ഒരു ഇന്ത്യന്‍ താരത്തെ ആ പൊസിഷനിലേക്ക് കിട്ടുന്നത് പ്രധാനമാണ്,' ആകാശ് ചോപ്ര പറഞ്ഞു.
30 കഴിഞ്ഞതിനാല്‍ തന്നെ എല്ലാവരും രാഹുലിനെ എഴുതി തള്ളുമെന്നും എന്നാല്‍ ചെന്നൈ ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നിരുന്നാലും ലേലത്തില്‍ 55 കോടി രൂപയാണ് ഉള്ളത് എന്നതിനാല്‍ സിഎസ്‌കെയ്ക്ക് രാഹുലിനെ സ്വന്തമാക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ലേലത്തില്‍ വലിയ തുക ഓഫര്‍ വന്നേക്കുമെന്നതിനാല്‍ രാഹുലിനെ ചെന്നൈ പരിഗണിച്ചേക്കും എന്നും ചോപ്ര പറഞ്ഞു.












Click it and Unblock the Notifications