25 കോടിയുടെ താരം... ലേലത്തിന് മുന്‍പെ ചുളുവിലയ്ക്ക് ടീമിലെത്തിച്ച് മുംബൈ; കൈയടി
ഐപിഎല്‍ 2025 സീസണിലേക്കുള്ള താരലേലം ഇന്നും നാളെയുമായി നടക്കുകയാണ്. ഏതൊക്കെ താരങ്ങള്‍ക്കാണ് പൊന്നുംവില ലഭിക്കുക എന്നും ഏത് ഫ്രാഞ്ചൈസി ആയിരിക്കും ആ താരത്തെ സ്വന്തമാക്കുക എന്നും അറിയാനുള്ള ആകാംക്ഷയിലാണ് ഐപിഎല്‍ ആരാധകര്‍. എന്നാല്‍ താരലേലത്തിന് മുന്‍പ് തന്നെ പൊന്നുംവിലയുള്ള യുവതാരത്തെ സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളിലായി ടീം മോശം ഫോമിലാണ്. എങ്കിലും ലേലത്തില്‍ ഏറ്റവും സമര്‍ത്ഥമായി തന്ത്രങ്ങള്‍ മെനഞ്ഞ് പ്രതിഭാധനരായ താരങ്ങളെ ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മുംബൈയുടെ മറ്റൊരു സമര്‍ത്ഥമായ നീക്കമാണ് ക്രിക്കറ്റ് വിദഗ്ധരുടെ കൈയടി നേടുന്നത്.

25 കോടി രൂപയെങ്കിലും ലേലത്തില്‍ ലഭിക്കുമായിരുന്ന ഒരു താരത്തെ വെറും എട്ട് കോടിക്ക് രൂപയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ലേലത്തിന് മുന്‍പ് എല്ലാ ടീമുകള്‍ക്കും നിലവിലുള്ള താരങ്ങളില്‍ ചിലരെ നിലനിര്‍ത്താനുള്ള ഓപ്ഷനുണ്ടായിരുന്നു. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് കളിക്കാരെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ്മ എന്നിവരെയാണ് മുംബൈ നിലനിര്‍ത്തയത്.
ഇതില്‍ മിന്നുന്ന ഫോമിലുള്ള ഫോമിലുള്ള തിലക് വര്‍മ്മയുടെ കാര്യം തന്നെയാണ് പറഞ്ഞ് വരുന്നത്. 22 കാരനായ തിലക് വര്‍മ്മയെ എട്ട് കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ മിന്നുന്ന സെഞ്ച്വറി നേടി റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ് തിലക്.
ഇതിന് പിന്നാലെ ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി 2024 ലെ ആദ്യ മത്സരത്തില്‍ തന്നെ 151 റണ്‍സും നേടി. ഹൈദരാബാദിനായി 67 പന്തില്‍ 151 റണ്‍സാണ് അദ്ദേഹം നേടിയിരിക്കുന്നത്. നിലവിലെ ഫോമില്‍ ഐപിഎല്‍ 2025 ലേലത്തിന് പോയിരുന്നെങ്കില്‍ 25 കോടി രൂപ വരെ ലേലത്തുക ലഭിക്കുമായിരുന്ന താരമാണ് തിലക് വര്‍മ്മ എന്നാണ് എല്ലാവരുടേയും അഭിപ്രായം.
ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ 18 കോടിക്കും സൂര്യകുമാര്‍ യാദവിനെ 16.35 കോടിക്കും നിലവിലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 16.35 കോടിക്കും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ 16.30 കോടിക്കും ആണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തയത്. മുംബൈ നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക തിലക് വര്‍മ്മയ്ക്കാണ്. വളരെ കുറഞ്ഞ വിലയ്ക്ക് തിലകിനെ നിലനിര്‍ത്തിയതിലൂടെ മുംബൈയ്ക്ക് നേട്ടമുണ്ടായെന്നാണ് ആരാധകരുടെ അഭിപ്രായം.












Click it and Unblock the Notifications