രോഹിത് പോകുമെന്നുറപ്പായി... മുംബൈ എന്തുവില കൊടുത്തും നിലനിര്‍ത്താന്‍ പോകുന്നത് ഇവരെ
ഐപിഎല്‍ 2025 നുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മെഗാ ലേലം വരാനിരിക്കെ പല ഫ്രാഞ്ചൈസികളും ടീം അഴിച്ചുപണിയാനുള്ള ഒരുക്കത്തിലാണ്. ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട ആരാധകരുടെ രോഷത്തിന് പാത്രമായ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. മുംബൈയ്ക്ക് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച രോഹിത് ശര്‍മ്മയെ കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദമായിരുന്നു.
ഇതിന് പിന്നാലെ രോഹിത് ശര്‍മ്മയും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റും തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ല എന്നാണ് വിവരം. ഇത്തവണ രോഹിത് ശര്‍മ്മ മുംബൈയ്‌ക്കൊപ്പം ഉണ്ടായിരിക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാല്‍ രോഹിത് ശര്‍മ്മയോടെ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും രോഹിത് മുംബൈ വിടും എന്ന് തന്നെയാണ് ശക്തമായ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ മുംബൈ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണ് എന്ന് നോക്കാം. ജസ്പ്രിത് ബുംറ (12 കോടി), സൂര്യകുമാര്‍ യാദവ് (8 കോടി), ഹാര്‍ദിക് പാണ്ഡ്യ (15 കോടി), തിലക് വര്‍മ്മ (1.7 കോടി), ഇഷാന്‍ കിഷന്‍ (15.25 കോടി), പിയൂഷ് ചൗള (4 കോടി) എന്നിവരെ മുംബൈ നിലനിര്‍ത്തിയേക്കും എന്നാണ് ഇന്‍സൈഡ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്ത് വില കൊടുത്തും ജസ്പ്രിത് ബുംറയെ നിലനിര്‍ത്താന്‍ മുംബൈ ശ്രമിക്കും എന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണില്‍ 13 കളികളില്‍ നിന്ന് 6.48 എന്ന ഇക്കോണമി റേറ്റില്‍ 20 വിക്കറ്റ് വീഴ്ത്തിയ താരമാണ് ബുംറ. രോഹിത് കഴിഞ്ഞാല്‍ മുംബൈയുടെ ഏറ്റവും വലിയ പ്രതീക്ഷയും കഴിഞ്ഞ കുറെ സീസണുകളായി ബുംറയിലാണ്. അതിനാല്‍ അടുത്ത സീസണില്‍ ഫ്രാഞ്ചൈസി ബുംറയെ ആര്‍ക്കും വിട്ടുകൊടുക്കില്ല.
രോഹിത് കഴിഞ്ഞാല്‍ ബാറ്റിംഗില്‍ മുംബൈ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. 360 ഡിഗ്രി ബാറ്റിംഗ് ശൈലിക്ക് പേരുകേട്ട താരം കഴിഞ്ഞ സീസണിലെ 11 മത്സരങ്ങളില്‍ നിന്ന് 167.48 സ്ട്രൈക്ക് റേറ്റും 34.50 ശരാശരിയുമായി 345 റണ്‍സാണ് നേടിയത്. ടി 20 യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവിലേക്ക് മുംബൈ ക്യാപ്റ്റന്‍സി പോലും വന്നാലും സംശയിക്കാനില്ല. മുകളില്‍ പറഞ്ഞ താരങ്ങളെ കൂടാതെ ജെറാള്‍ഡ് കോട്സിയെ പോലുള്ള വിദേശതാരങ്ങളേയും മുംബൈ നിലനിര്‍ത്തിയേക്കും.












Click it and Unblock the Notifications