'കമ്മിന്‍സിനൊക്കെ എന്ത് കണ്ടിട്ടാ ഇത്രയും വലിയ തുക?'; ചോദ്യവുമായി മുന്‍ ഓസീസ് ഇതിഹാസം
ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനിലേലത്തില്‍ രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളാണ് റെക്കോഡ് തുക സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സുമായിരുന്നു ആ വിലയേറിയ താരങ്ങള്‍. ഐപിഎല്‍ ചരിത്രത്തിലെ തന്നെ റെക്കോഡ് തുകയാണ് ഇരുവരും സ്വന്തമാക്കിയത്. 20.50 കോടി രൂപക്കാണ് പേസ് ബൗളറായ പാറ്റ് കമ്മിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ആറാമതും കിരീട ജേതാക്കളാക്കിയത് പാറ്റ് കമ്മിന്‍സിന്റെ നായകത്വമാണ്. ലീഗ് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷമായിരുന്നു ഓസ്‌ട്രേലിയയുടെ അവിശ്വസനീയമായ കുതിപ്പ്. എന്നാല്‍ ഇത്രയും തുക മൂല്യമുള്ള താരമാണോ പാറ്റ് കമ്മിന്‍സ് എന്ന് നേരത്തെ തന്നെ പലരും ചോദിച്ചിരുന്നു. ഇപ്പോഴിതാ അതേ ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ഗില്ലസ്പി.

ടി20 ക്രിക്കറ്റ് പാറ്റ് കമ്മിന്‍സിന്റെ ഏറ്റവും ശക്തമായ ഫോര്‍മാറ്റല്ല എന്ന് ഗില്ലസ്പി ഉറച്ച് വിശ്വസിക്കുന്നു. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് ബ്രേക്കിംഗ് കരാറിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്യുന്നു. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് പാറ്റ് കമ്മിന്‍സിനായി രംഗത്തുണ്ടായിരുന്നത്.
വാശിയേറിയ പോരാട്ടത്തില്‍ ആണ് കമ്മിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കുന്നത്. പാറ്റ് കമ്മിന്‍സ് ഒരു മികച്ച നിലവാരമുള്ള ബൗളറും ക്യാപ്റ്റനുമാണ് എന്നും അത് നമ്മള്‍ എല്ലാവരും കണ്ടതാണ് എന്നും ഗില്ലസ്പി പറയുന്നു. എന്നാല്‍ കമ്മിന്‍സ് ഒരു ടെസ്റ്റ് ബൗളറാണ് എന്നും ടി 20 അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കപ്പ് ഓഫ് ടീ അല്ല എന്നും ഗില്ലസ്പി കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റിലാണ് പാറ്റ് കമ്മിന്‍സ് മികവ് പുലര്‍ത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല കമ്മിന്‍സിന് വേണ്ടി ഫ്രാഞ്ചൈസികള്‍ ഐപിഎല്‍ ലേലത്തില്‍ വന്‍ വില ഈടാക്കുന്നത്. 2020 പതിപ്പിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 15.5 കോടി രൂപക്കാണ് പാറ്റ് കമ്മിന്‍സിനെ ടീമില്‍ എത്തിച്ചത്. കമ്മിന്‍സ് മോശം ടി 20 ബൗളറാണ് എന്ന അഭിപ്രായമില്ല എന്നും എന്നാല്‍ നിലവിലെ വില വളരെ വലുതാണ് എന്നും ഗില്ലസ്പി കൂട്ടിച്ചേര്‍ത്തു.
അതേസമയം 24.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് എത്തുന്നത്. ഐപിഎല്ലിനേക്കാള്‍ കൂടുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് മുന്‍ഗണന നല്‍കുന്ന സ്റ്റാര്‍ക്ക് ടൂര്‍ണമെന്റില്‍ രണ്ട് സീസണുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 20.38 ശരാശരിയില്‍ 34 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് സ്റ്റാര്‍ക്ക്.












Click it and Unblock the Notifications