ബാറ്റെടുത്താല്‍ റണ്ണൊഴുകും... ചില്ലറക്കാരനല്ല വൈഭവ് സൂര്യവംശി; രാജസ്ഥാന്‍ ചെക്കനെ തൂക്കിയത് ചുമ്മാതല്ല
ഐപിഎല്‍ താരലേലം ഇത്തവണ അവിസ്മരണീയമായ നിരവധി സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് അവസാനദിനമായ ഇന്നലെ വൈഭവ് സൂര്യവംശി എന്ന 13 വയസുകാരന്‍ ലേലത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ്. ഐപിഎല്ലില്‍ ഒരു ടീം രജിസ്റ്റര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് വൈഭവിനെ തേടിയെത്തിയിരിക്കുന്നത്.
ബിഹാറുകാരനായ വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 2011 മാര്‍ച്ച് 27 ന് ബിഹാറിലെ സമസ്തിപൂരില്‍ ജനിച്ച വൈഭവ് ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ്. പിതാവ് സഞ്ജീവ് സൂര്യവംശിയാണ് വൈഭവിന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെ പ്രോത്സാഹിപ്പിച്ചത്. പലപ്പോഴും പിതാവിന്റെ കൃഷിസ്ഥലത്തായിരുന്നു വൈഭവ് ക്രിക്കറ്റ് പരിശീലിച്ചത്.

ഒമ്പതാം വയസില്‍ വൈഭവ് സമസ്തിപൂരിലെ ഒരു ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു. മുന്‍ രഞ്ജി താരം മനീഷ് ഓജ താരത്തിന്റെ കഴിവുകള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വെറും 12 വയസ് മാത്രമുള്ളപ്പോള്‍ ഈ വര്‍ഷം ജനുവരിയില്‍ മുംബൈയ്ക്കെതിരെ ബിഹാറിനായി വൈഭവ് രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി വൈഭവ് ഇതോടെ മാറി.
അണ്ടര്‍-19 ക്വാഡ്രാംഗുലര്‍ സീരീസില്‍ ഇന്ത്യ ബിയെ പ്രതിനിധീകരിച്ച് വൈഭവ് ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 177 റണ്‍സ് നേടി. സ്ഥിരതയാര്‍ന്ന പ്രകടനം കാരണം ബിഹാര്‍ അണ്ടര്‍ 23 ക്യാംപിലും അദ്ദേഹം ഇടം നേടി. വിനു മങ്കാദ് ട്രോഫിയിലും വൈഭവ് തന്റെ പ്രതിഭ കാത്തു. ബിഹാറിന്റെ അണ്ടര്‍ 19 ടീമിനായി അഞ്ച് മത്സരങ്ങളില്‍ നിന്ന് 400 റണ്‍സ് നേടാന്‍ താരത്തിനായി.
ഹേമാന്‍ ട്രോഫിയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 800 റണ്‍സ് വാരിക്കൂട്ടിയ വൈഭവ് പല റെക്കോര്‍ഡുകളും തകര്‍ത്തു. 2024 സെപ്തംബറില്‍ ഇന്ത്യ അണ്ടര്‍-19, ഓസ്ട്രേലിയ അണ്ടര്‍-19 യൂത്ത് ടെസ്റ്റ് പരമ്പരയിലെ പ്രകടനാണ് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ വൈഭവിനെ സഹായിച്ചത്. 58 പന്തില്‍ 104 റണ്‍സ് അടിച്ചുകൂട്ടി യൂത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് താരം കുറിച്ചത്.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ ആരാധകനാണ് വൈഭവ് സൂര്യവംശി. ഇടംകൈയ്യന്‍ ബാറ്ററായ വൈഭവ് ലാറയുടെ ബാറ്റിംഗിന്റെ വീഡിയോകളുടെ ഒരു വലിയ ശേഖരം തന്നെ സൂക്ഷിച്ചിട്ടുണ്ട്. ബ്രയാന്‍ ലാറയുടെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ആന്റിഗ്വയിലെ 400* പലതവണ താന്‍ കണ്ടിട്ടുണ്ട് എന്ന് ഒരിക്കല്‍ വൈഭവ് പറഞ്ഞിരുന്നു.
1.10 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ലേലത്തില്‍ 30 ലക്ഷം രൂപയായിരുന്നു വൈഭവിന്റെ അടിസ്ഥാനവില. ഡല്‍ഹി ക്യാപിറ്റല്‍സ് അടക്കമുള്ള ടീമുകള്‍ താരത്തെ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നു.












Click it and Unblock the Notifications