ജസ്റ്റ് കെകെആര്‍ തിങ്‌സ്! ആദ്യം ഒഴിവാക്കിയ താരത്തെ പൊന്നുംവിലയ്ക്ക് സ്വന്തമാക്കി കൊല്‍ക്കത്ത
ഐപിഎല്‍ 2025 ലേലത്തിലെ ആദ്യദിനം തന്നെ വമ്പന്‍ സര്‍പ്രൈസുകളാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ റിഷഭ് പന്ത് ലേലത്തിലെ മൂല്യമേറിയ താരമായെങ്കിലും ശ്രേയസ് അയ്യര്‍ക്ക് 26.75 കോടി രൂപ ലഭിച്ചത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ആ ഞെട്ടല്‍ വെങ്കടേഷ് അയ്യരുടെ ലേലത്തോടെ മാറി എന്ന് മാത്രം. 2024 ല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു വെങ്കടേഷ് അയ്യര്‍.
കഴിഞ്ഞ കുറച്ച് സീസണുകളായി ടീമിന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന താരം കൂടിയാണ് വെങ്കടേഷ്. 2024 സീസണില്‍ 158 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ 370 റണ്‍സാണ് താരം നേടിയത്. എന്നാല്‍ ലേലത്തിന് മുന്‍പ് വെങ്കടേഷിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തയ്യാറായിരുന്നില്ല. അതേസമയം ലേലത്തില്‍ പൊന്നുംവിലയ്ക്ക് കൊല്‍ക്കത്ത തന്നെ താരത്തെ സ്വന്തമാക്കുകയും ചെയ്തു.

വെങ്കടേഷ് അയ്യരെ നിലനിര്‍ത്താന്‍ അവസരമുണ്ടായിട്ടും അത് ചെയ്യാതെ ലേലത്തില്‍ 23.75 കോടി എന്ന ഐപിഎല്ലിലെ എക്കാലത്തേയും ഉയര്‍ന്ന നാലാമത്തെ തുകയ്ക്ക് താരത്തെ സ്വന്തമാക്കിയത് എന്തിനാണ് എന്നാണ് നെറ്റിസണ്‍സിന്റെ ചോദ്യം. ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കടുത്ത വെല്ലുവിളിയെ മറികടന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കിടേഷിനെ ടീമിലെത്തിച്ചത്.
റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിംഗ് എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയത്. ഇത്രയും വില കൊടുത്ത് ലേലത്തിലെ കാശ് കളയേണ്ടതുണ്ടായിരുന്നോ എന്നാണ് മിക്ക ആരാധകരും കൊല്‍ക്കത്തയോട് ചോദിക്കുന്നത്. വെങ്കടേഷിനെ നിലനിര്‍ത്താതിരുന്നതിന് കൊല്‍ക്കത്ത നേരത്തേയും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
ഐപിഎല്‍ 2025 ലേലത്തില്‍ വെങ്കിടേഷ് അയ്യര്‍ ഓള്‍റൗണ്ടറായാണ് രജിസ്റ്റര്‍ ചെയ്തത് എങ്കിലും ബൗളിംഗില്‍ പറയത്തക്ക മികച്ച പ്രകടനമൊന്നുമില്ല. മാത്രമല്ല കഴിഞ്ഞ സീസണില്‍ ആകെ വെങ്കേടേഷ് അയ്യര്‍ ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്. ആ ഓവറില്‍ റിഷഭ് പന്തിനെതിരെ 28 റണ്‍സും താരം വഴങ്ങിയിരുന്നു. ഐപിഎല്ലില്‍ ആകെ 12.3 ഓവര്‍ മാത്രം പന്തെറിഞ്ഞ അയ്യര്‍ക്ക് മൂന്ന് വിക്കറ്റ് മാത്രമേയുള്ളൂ.
അതേസമയം ഇത്തവണത്തെ താരലേലത്തില്‍ റെക്കോഡ് തുകയാണ് റിഷഭ് പന്തിന് ലഭിച്ചത്. ലേലത്തില്‍ 27 കോടി രൂപ നേടിയ റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് സ്വന്തമാക്കിയത്. കെകെആറിന്റെ മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പഞ്ചാബ് കിംഗ്സ് 26.75 കോടി രൂപയ്ക്ക് സ്വന്തമാക്കി.












Click it and Unblock the Notifications