ഐപിഎല്‍ 2023: ഗുജറാത്തിന് ഭീഷണി രണ്ട് വന്മരങ്ങള്‍, ധോണി ചരിത്രം കുറിക്കുമോ?
അഹമ്മദാബാദ്: മഴപ്പേടിയോടെയാണെങ്കിലും ഗുജറാത്തും ചെന്നൈയും തമ്മിലുള്ള കലാശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഐ പി എല്‍ ആരാധകര്‍. മഴയില്ലെങ്കില്‍ രാത്രി 7.30 ഓടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും. കഴിഞ്ഞ ദിവസം ഇതേ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മഴ കാരണം മത്സരം മാറ്റിവയ്ക്കുകയായിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അഞ്ചാം കിരീടം നേടി രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ എം എസ് ധോണിക്ക് കഴിയുമോ അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷവും കപ്പ് ഉയര്‍ത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ മാറുമോ എന്ന ചോദ്യമാണ് ഐ പി എല്‍ ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. എന്നാല്‍ രണ്ട് ടീമിന്റെയും പ്രകടനങ്ങല്‍ വിലയിരുത്തി ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഗുജറാത്തിലേക്ക് വരുമ്പോള്‍, ക്വാളിഫയര്‍ 2ല്‍, ഓപ്പണറായ ശുഭ്മാന്‍ ഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വെറും 60 പന്തില്‍ 129 റണ്‍സ് നേടി ഞെട്ടിച്ചിരുന്നു. ഗില്‍ തന്റെ അവസാനത്തെ നാല് മത്സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ചറിയാണ് നേടിയെടുത്തത്. ബൗളിംഗ് നിര പരിശോധിച്ചാല്‍ സായ് സുദര്‍ശന്‍ മികച്ച ഫോമിലാണ്. മുഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും ഉജ്വല ഫോമില്‍ തുടരുന്നത് ടീമിന് ഏറെ ഗുണം ചെയ്യും.
ഇനി ചെന്നൈയിലേക്ക് എത്തുമ്പോള്‍, ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്വാദും ഗുജറാത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക. ക്വാളിഫയര്‍ 1-ല്‍ ജി ടിയുടെ സംഘത്തെ തകര്‍ത്തു, ഇപ്പോള്‍, ബാറ്റിംഗിന് അനുയോജ്യമായ പിച്ചില്‍, മധ്യനിരയില്‍ രണ്ട് പേരും ഗുജറാത്തിന് വലിയ അപകടകാരികളാണ്. കൂടാതെ മഴ മൂലം ഓവര്‍ വെട്ടിച്ചുരുക്കുകയാണെങ്കില്‍ എങ്ങനെ തന്ത്രങ്ങള്‍ മെനയണമെന്ന കാര്യത്തില്‍ ധോണിക്ക് അനുഭവ സമ്പത്തുണ്ട്. ഇത് ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ഗുണം ചെയ്യും.
ടീം സാധ്യത ഇങ്ങനെ
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപറ്റന്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ
ഗുജറാത്ത് ടൈറ്റന്‍സ്
വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപറ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി












Click it and Unblock the Notifications