ഐപിഎല്‍ 2023: റിസര്‍വ് ദിനത്തിലും മഴയാണെങ്കില്‍, കളി ഉപേക്ഷിച്ചാല്‍ കിരീടം ആര്‍ക്ക്?
ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഐ പി എല്‍ ഫൈനല്‍ റിസര്‍വ് ദിനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് മഴയില്ലാതെ കളി നടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്നും കാലാവസ്ഥയുടെ കാര്യത്തില്‍ അത്ര ശുഭകരമായ വാര്‍ത്തകളല്ല പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വൈകീട്ട് മഴ പെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ന് മഴ പെയ്താല്‍ മത്സരത്തിന്റെ ഗതി എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്, ഇത് ഐ പി എല്‍ 2023 ലെ നിര്‍ണായക മത്സരത്തെ ബാധിച്ചേക്കാം. ഇന്നത്തെ ദിവസം അഹമ്മദാബാദിലെ കാലാവസ്ഥ എങ്ങനെയായിരിക്കണമെന്ന് കണ്ടറിയണം. ഇനി മഴ പെയ്താല്‍ ഓവര്‍ വെട്ടിക്കുറക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

മത്സരം തുടങ്ങാന്‍ കാലതാമസമുണ്ടെങ്കില്‍ 9.35 വരെ ഒരു ഓവര്‍ പോലും നഷ്ടപ്പെടാതെ മത്സരം തുടങ്ങാന്‍ സാധിക്കും. എന്നാല്‍ ഇതിന് ശേഷവും മത്സരം നടക്കാന്‍ കാലതാമസമുണ്ടാകുകയാണെങ്കില്‍ ഓരോ എട്ട് മിനിറ്റിലും ഓവറുകള്‍ വെട്ടിക്കുറച്ചേക്കും. ഇനി മഴ കനത്ത് പെയ്യുകയാണെങ്കില്‍ കളി മാറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ തെറ്റി, ഇനി മറ്റൊരു റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റിവയ്ക്കില്ല.
അഞ്ച് ഓവര്‍ പോലും കളിക്കാനുള്ള സാഹചര്യമില്ലെങ്കില്‍, അല്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ പോലും കളിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ മത്സരം ഫലമില്ലത്താതായി കണക്കാക്കും. ഇനി 20 ഓവര്‍ കളി തുടങ്ങണമെങ്കില്‍ രാത്രി 9.30ന് എങ്കിലും കളി തുടങ്ങണം. ഇനി മഴ കാരണം മത്സരം 11 മണിക്കാണ് തുടങ്ങുന്നതെങ്കില്‍ 12 ഓവര്‍ കളിച്ചേക്കും. ഇനി മത്സരം 12 മണിക്ക് ശേഷമാണ് ആരംഭിക്കുന്നതെങ്കില്‍ 5 ഓവറായി കളി ചുരുങ്ങിയേക്കും.
ഡി എല്‍ എസ് നിയമ പ്രകാരമാണ് വിജയകികളെ തീരുമാനിക്കുക. രണ്ട് ടീമുകള്‍ക്ക് കുറഞ്ഞത് 5 ഓവറെങ്കിലും ബാറ്റ് ചെയ്താല്‍ മാത്രമാണ് വിജയികളെ തീരുമാനിക്കാന്‍ സാധിക്കുക. രണ്ട് ടീമുകള്‍ക്കും കുറഞ്ഞത് 5 ഓവറെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരിക്കണം. ഇല്ലെങ്കില്‍ സൂപ്പര്‍ ഓവറിലൂടെയായിരിക്കും കിരീട നിര്‍ണയം.
എന്നാല്‍ മഴ കാരണം അഞ്ച് ഓവറും സൂപ്പര്‍ ഓവറും നടന്നില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ മുന്നിലെത്തിയ ടീമിനായിരിക്കും കിരീടം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലീഗ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് ഒന്നാമതും ചെന്നൈ രണ്ടാം സ്ഥാനത്തുമാണ്. അതുകൊണ്ട് തന്നെ ഗുജറാത്ത് കിരീടം ചൂടാനാണ് സാധ്യത.












Click it and Unblock the Notifications