ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്ക്: ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായേക്കും
ഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ ഐ സി സിയുടെ തലപ്പത്തേക്ക്. നിലവിലെ ഐ സി സി അധ്യക്ഷന്‍ ഗ്രെഗ് ബാർക്ലേയ്‌ക്ക് പകരക്കാരനായി ജയ് ഷാ എത്തേക്കുമെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചെയർമാന്‍ മൈക്ക് ബെയർഡ് ഉൾപ്പെടെയുള്ള ഐ സി സി ഡയറക്ടർമാരോട് മൂന്നാം തവണയും ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ബാർക്ലേ വ്യക്തമാക്കിയതായും റിപ്പോർട്ട് പറയുന്നു.
ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ ഷായ്‌ക്കുണ്ട്. അതിനാൽ ഈ വരുന്ന നവംബറില്‍ ഐ സി സിയുടെ അധ്യക്ഷനായി ജയ്ഷാ അധികാരമേറ്റേക്കും. ഇതോടെ ഈ പദവിയിലേക്ക് എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനായേക്കും ജയ് ഷാ. ജഗ്‌മോഹൻ ഡാൽമിയ (1997 - 2000), ശരദ് പവാർ (2010 - 2012), എൻ ശ്രീനിവാസൻ (2014 - 2015), ശശാങ്ക് മനോഹർ (2015 - 2020) എന്നിവരാണ് നേരത്തെ എ ഐ സി സി തലപ്പത്ത് എത്തിയ ഇന്ത്യക്കാർ.

" മൂന്നാം ടേമും താന്‍ പദവിയില്‍ തുടരില്ലെന്നും നവംബർ അവസാനത്തോടെ തൻ്റെ നിലവിലെ കാലാവധി അവസാനിക്കുമ്പോൾ സ്ഥാനമൊഴിയുമെന്നുള്ള തീരുമാനം ഐ സി സി ചെയർമാന്‍ ഗ്രെഗ് ബാർക്ലേ ബോർഡിനെ അറിയിച്ചു. ബാർക്ലേയെ 2020 നവംബറിലാണ് ഐ സി സി അധ്യക്ഷനായി ആദ്യമായി നിയമിക്കുന്നത്. 2022-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു," ഐ സി സി വക്താവിനെ ഉദ്ധരിച്ച് ദി ഏജ് റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം 27 ന് ഉള്ളില്‍ തന്നെ നിലവിലെ ഐ സി സി ഡയറക്ടമാർ അടുത്ത അധ്യക്ഷന് വേണ്ടിയുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ, 2024 ഡിസംബർ 1-ന് ആരംഭിക്കുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് നടത്തും. ഐ സി സി നിയമങ്ങൾ അനുസരിച്ച്, ചെയർമാന്‍ തിരഞ്ഞെടുപ്പിൽ 16 ബോർഡുകള്‍ക്കാണ് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. നേരത്തെ ചെയമാനായി തിരഞ്ഞെടുക്കപ്പെടാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടിയിരുന്നതെങ്കില്‍ പുതിയ നിയമപ്രകാരം കേവല ഭൂരിപക്ഷം മതി (9 വോട്ടുകള്‍).
വോട്ട് ചെയ്യാന്‍ അധികാരമുള്ള 16 അംഗങ്ങളിൽ ഭൂരിഭാഗം പേരുമായും ജയ് ഷായ്ക്ക് മികച്ച ബന്ധമാണുള്ളത്. ബി സി സിഐ സെക്രട്ടറിയായി ജയ്ഷായുടെ ആ പദവിയിലെ കാലാവധി 2025 ഒക്ടോബർ വരെയാണ്. ഒരു വർഷം സെക്രട്ടറിസ്ഥാനം ബാക്കിനിൽക്കെ ഐ സി സിയിലേക്ക് മാറാൻ ഷാ തീരുമാനിച്ചാൽ ഐ സി സിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനെന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരില്‍ സ്വന്തമാകും.












Click it and Unblock the Notifications