ഹര്‍ദിക്കിന്റെ വരവ് ഇഷ്ടപ്പെട്ടില്ല, ജസ്പ്രീത് ബുംറ മുംബൈ വിടുന്നു? കാത്തിരിക്കുന്നത് ഈ ടീം
മുംബൈ: ഐപിഎല്ലിന്റെ ട്രേഡിംഗ് വിന്‍ഡോ ആരംഭിച്ചതോടെ മുംബൈ ഇന്ത്യന്‍സില്‍ പ്രശ്‌നങ്ങള്‍. ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യ മുംബൈയില്‍ തിരിച്ചെത്തിയതോടെ ടീം വിടാന്‍ ഒരുങ്ങുകയാണ് ജസ്പ്രീത് ബുംറയെന്ന് റിപ്പോര്‍ട്ട്. ബുംറയ്ക്കായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുംറയും ആര്‍സിബിയിലേക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
ഹര്‍ദിക് വരുന്നതോടെ ടീമിന്റെ അടുത്ത ക്യാപ്റ്റനാകുമെന്ന് ഉറപ്പാണ്. രോഹിത് ശര്‍മ കഴിഞ്ഞാല്‍ മുംബൈയെ നയിക്കേണ്ടിയിരുന്നത് ജസ്പ്രീത് ബുംറയാണ്. എന്നാല്‍ ഹര്‍ദിക് വരുന്നത് ബുംറയ്ക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണ്. ആര്‍സിബിയില്‍ വിരാട് കോലിയുള്ളത് കൊണ്ട് ബുംറയ്ക്ക് അവിടേക്ക് മാറുന്നതില്‍ പ്രശ്‌നമില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്. മുംബൈ താരത്തെ കൈമാറുമോ എന്നാണ് ഇനി അറിയാനുള്ളത്.

മുംബൈ ഇന്ത്യന്‍സ് ടീമിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുംറ. അത് മാത്രമല്ല ആര്‍സിബിയെ താരം ഫോളോ ചെയ്തിരിക്കുകയാണ്. ഇതിനോടകം ആര്‍സിബി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. മുംബൈ ബുംറയെ കൈമാറാനുള്ള താല്‍പര്യവും അറിയിച്ചിട്ടില്ല. ആര്‍സിബി പരസ്യമായി ബുംറയെ വാങ്ങാന്‍ താല്‍പര്യപ്പെട്ടിട്ടില്ല.
നിലവില്‍ അഭ്യൂഹങ്ങള്‍ മാത്രമാണ് ഉള്ളത്.മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ഏറ്റവും വിജയം നേടിയിട്ടുള്ള ടീമാണ്. അഞ്ച് കിരീടങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഈ വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കാന്‍ ബുംറയുണ്ടായിരുന്നു. നിലവില്‍ ലോകത്തെ തന്നെ ഒന്നാം നമ്പര്‍ താരമാണ് ബുംറ. ആര്‍സിബി പോലൊരു താരത്തെ കൈവിടുന്നത് എന്തുകൊണ്ടും മുംബൈക്കത് തിരിച്ചടിയായി മാറും.
ടി20 ഫോര്‍മാറ്റില്‍ ബുംറയോളം മിടുക്കരായ ബൗളര്‍മാരുമില്ല. ഐപിഎല്ലില്‍ വേഗത്തില്‍ വിക്കറ്റെടുക്കാനുള്ള ബുംറയുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. 120 ടി20 മത്സരങ്ങളില്‍ നിന്ന് 145 വിക്കറ്റുകളും ബുംറ ഐപിഎല്ലില്‍ വീഴ്ത്തിയിട്ടുണ്ട്. കണക്കുകള്‍ മാത്രമല്ല ബുംറയെ അപകടകാരിയാക്കുന്നത്.
റണ്‍സ് ഏറ്റവും കുറവ് വഴങ്ങുന്നു എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. എതിരാളികളില്‍ സമ്മര്‍ദം ചെലുത്തുന്നതോടെ വിക്കറ്റ് വീഴുകയും ചെയ്യും. ഏത് അവസരത്തിലും ടീമിന് ബ്രേക് ത്രൂ സമ്മാനിക്കാനുള്ള ബുംറുടെ മികവും മുംബൈക്ക് പലതവണ വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അതേസമയം രോഹിത് ശര്‍മയും ഹര്‍ദിക്കിന്റെ വരവില്‍ അതൃപ്തിയിലാണ്. മുംബൈയിലെ ടീം ലൈനപ്പില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഹര്‍ദിക്ക് വരുന്നതിലൂടെയുണ്ടാവും. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്തിനെ ഫൈനലിലെത്തിക്കുകയും ഒരു തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത മികവുണ്ട് ഹര്‍ദിക്കിന്. അതാണ് മുംബൈക്ക് അവഗണിക്കാന്‍ സാധിക്കാത്ത കാര്യം.












Click it and Unblock the Notifications