എന്താ പ്രകടനം, മിശിഹ മാജിക് സ്‌ക്രീനിലും, ടിവി സീരിസില്‍ അഭിനയിച്ച് തകര്‍ത്ത് ലയണല്‍ മെസ്സി
ബ്യൂണസ് ഐറിസ്: ആരാധകര്‍ക്കിതാ സന്തോഷവാര്‍ത്ത. ഫുട്‌ബോള്‍ ലോകത്തെ മിശിഹ ലയണല്‍ മെസ്സി അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. താരത്തിന്റെ പതര്‍ച്ചയില്ലാത്ത ഡയലോഗുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അര്‍ജന്റീനയിലെ പ്രശസ്തമായ ടിവി സീരീസായ ലോസ് പ്രൊട്ടക്ടോറസിലാണ് താരം തന്റെ അഭിനയ അരങ്ങേറ്റം നടത്തിയിരിക്കുന്നത്.
മെസ്സിയുടെ പ്രകടനത്തില്‍ സീരീസിലെ സഹതാരങ്ങള്‍ അമ്പരന്നിരിക്കുകയാണ്. തുടക്കക്കാരന്റെ പതര്‍ച്ചകളൊന്നുമില്ലാതെയായിരുന്നു മെസ്സിയുടെ പ്രകടനം. മൈതാനത്ത് പന്ത് തട്ടാന്‍ മാത്രമല്ല, അഭിനയത്തിലും താന്‍ മിശിഹയാണെന്ന് മെസ്സി തെളിയിച്ചെന്നാണ് ആരാധകര്‍ പറയുന്നത്.ലോസ് പ്രോട്ടക്ടോറസിലേക്ക് ഒരു അതിഥി വേഷത്തിനാണ് താരത്തെ ക്ഷണിച്ചത്. സ്റ്റാര്‍ പ്ലസിലാണ് ഈ സീരീസ് സംപ്രേഷണം ചെയ്യുന്നത്.

മൂന്ന് ഫുട്‌ബോള്‍ എജന്റുമാര്‍, അവരുടെ കരിയര്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാനും, പാപ്പരാവുന്നത് തടയാനും ശ്രമങ്ങള്‍ നടത്തുന്നതാണ് സീരീസിന്റെ ഇതിവൃത്തം. ഈ സീരീസിന്റെ രണ്ടാം സീസണാണ് ഇപ്പോള്‍ പുറത്തുവിട്ടത്. അതിലെ ആദ്യ എപ്പിസോഡില്‍ തന്നെയാണ് മെസ്സി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മൂന്ന് ഏജന്റുമാര്‍ പാരീസില്‍ എത്തുന്നതും, യുവ ഫുട്‌ബോള്‍ താരത്തെ പിന്തുണയ്ക്കുന്ന ഒരു സംരംഭത്തിനായി മെസ്സിയെ സമീപിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
അതേസമയം ഈ മൂന്ന് ഏജന്റുമാരും പറയുന്ന കാര്യങ്ങളെ ഗൗരവത്തോടെ മെസ്സി കേള്‍ക്കുന്നുണ്ട്. തുടര്‍ന്ന് ഇവരോട് മെസ്സി ചില കാര്യങ്ങളും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ മൂന്ന് പേരും പിന്നീട് മെസ്സിയെ ബുദ്ധിമുട്ടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരാള്‍ മെസ്സിയുടെ അതേ സോഫയില്‍ വന്നിരിക്കുന്നതും, താരം കുറച്ച് പിന്നോട്ട് മാറിയിരിക്കുന്നതും കാണാം. പിന്നീട് സെല്‍ഫിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
അടുത്തത് മറ്റൊരു ബിസിനസ് പ്ലാന്‍ ഇതിലൊരു ഏജന്റ് മെസ്സിയോട് പറയുന്നത്. എന്നാല്‍ ഒരു പ്ലാനും മെസ്സി ഏറ്റെടുക്കുന്നില്ല. വളരെ തമാശ നിറഞ്ഞ രംഗമായിരുന്നു ഇത്. എല്ലാവരുടേയും ഗൗരവമേറിയ പ്രകടനമാണ് ചിരി നിറയ്ക്കുന്നത്. " നിങ്ങള്‍ വന്ന സ്ഥലം മാറി പോയി. അവര്‍ ഇക്കാര്യങ്ങള്‍ ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. എന്നോട് മറ്റൊരു പ്രൊജക്ടിനെ കുറിച്ച് സംസാരിക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും മെസ്സി ഇവരോട് " പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
സീരീസിലെ ഏജന്റുമാരില്‍ ഒരാളായ ആന്ദ്രേ പാര മെസ്സിയെ അഭിനന്ദിക്കുകയും ചെയ്തു. "മെസ്സി ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ മനുഷ്യത്വം മാത്രമല്ല, അഭിനയ സിദ്ധികളും ഞങ്ങളെ' ഞെട്ടിച്ചെന്ന് പാര പറഞ്ഞു.അതേസമയം അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്കാണ് മെസ്സി അടുത്തതായി കളിക്കാന്‍ പോകുന്നത്.
ഇവിടെ പുതിയൊരു ടീമിനെയും മെസ്സിക്കായി ടീം തയ്യാറാക്കിയിട്ടുണ്ട്. മുന്‍ ബാഴ്‌സലോണ-അര്‍ജന്റീന പരിശീലകന്‍ ജെറാര്‍ഡോ ടാറ്റ മാര്‍ട്ടിനോയെ ഇന്റര്‍ പരിശീലകനായി നിയമിച്ചിരിക്കുകയാണ്. ബാഴ്‌സലോണയിലും, അര്‍ജന്റീന ടീമിലും മെസ്സിയെ മാര്‍ട്ടിനോ പരിശീലിപ്പിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications