മുന്‍ ബിസിനസ് പങ്കാളികള്‍ 15 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ധോണി
മുന്‍ ബിസിനസ് പാര്‍ട്ണര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം മഹേന്ദ്ര സിംഗ് ഝധോണി. ആര്‍ക്ക സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് ലിമിറ്റഡിന്റെ മിഹിര്‍ ദിവാകര്‍, സൗമ്യ വിശ്വാസ് എന്നിവര്‍ക്കെതിരെയാണ് ധോണി റാഞ്ചി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിനായി 2017 ല്‍ ധോണിയുമായി ദിവാകര്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
എന്നാല്‍, കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ദിവാകര്‍ പരാജയപ്പെട്ടു. ഒരു ഫ്രാഞ്ചൈസി ഫീസും ഉടമ്പടിയുടെ വ്യവസ്ഥകള്‍ അനുസരിച്ച് ലാഭം പങ്കിടാനും ആര്‍ക്ക സ്‌പോര്‍ട്‌സ് ബാധ്യസ്ഥനായിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല എന്നാണ് ധോണി പറയുന്നത്. നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും കരാറില്‍ വ്യക്തമാക്കിയ നിബന്ധനകളും വ്യവസ്ഥകളും അവഗണിക്കപ്പെട്ടു.

തല്‍ഫലമായി, 2021 ഓഗസ്റ്റ് 15-ന് ആര്‍ക്ക സ്പോര്‍ട്സിന് അനുവദിച്ച അധികാരപത്രം ധോണി അസാധുവാക്കി. നിരവധി ലീഗല്‍ നോട്ടീസുകള്‍ അയച്ചെങ്കിലും ഫലമുണ്ടായില്ല. ധോണിയെ പ്രതിനിധീകരിച്ച് വിധി അസോസിയേറ്റ്സിന്റെ ദയാനന്ദ് സിംഗ് ആണ് തങ്ങളെ ആര്‍ക്ക സ്പോര്‍ട്സ് കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തെന്നും തല്‍ഫലമായി 15 കോടിയിലധികം നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആര്‍ക്ക സ്പോര്‍ട്സിനെതിരെ നിയമനടപടി സ്വീകരിച്ചതിന് ശേഷം മിഹിര്‍ ദിവാകര്‍ തന്നെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച് ധോണിയുടെ സുഹൃത്ത് ചിറ്റു എന്ന് അറിയപ്പെടുന്ന സിമന്ത് ലോഹാനിയും പരാതി നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് ധോണി ദുബായില്‍ പുതുവത്സരം ചെലവഴിച്ച് നാട്ടിലേക്ക് മടങ്ങിയത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനാണ് ധോണി ദുബായില്‍ എത്തിയത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും യാത്രയ്ക്കിടെ ധോണിക്കൊപ്പം ഉണ്ടായിരുന്നു. ദുബായില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് ധോണി ക്രിസ്മസും ആഘോഷിച്ചത്. ഡിസംബര്‍ 19 ന് യു എ ഇയില്‍ ആദ്യമായി നടന്ന ഐ പി എല്‍ 2024 മിനി ലേലത്തിനായി ദുബായിലെത്തിയതിന് ശേഷം റിഷഭ് പന്ത് ധോണിക്കൊപ്പം ചേരുകയായിരുന്നു.
41-ാം വയസില്‍ കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവരുടെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ധോണിയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. 2023 ജൂണില്‍ ധോണി കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനാല്‍ ഈ സീസണില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ലായിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ, കാശി വിശ്വനാഥന്‍, ധോണിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നും 2024 സീസണ്‍ കളിക്കും എന്നും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications