ഒറ്റ ഒളിംപിക്‌സില്‍ തലവര മാറി; നീരജ് ചോപ്രയുടെ ആസ്തി എത്രയെന്നറിയാമോ?
പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിനമാണിന്ന്. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങും. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ നീരജ് ചോപ്ര അതേ നേട്ടം ആവര്‍ത്തിക്കാനാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ജാവലിന്‍ ത്രോ കളിക്കാരില്‍ ഒരാളായാണ് നീരജ് അറിയപ്പെടുന്നത്.
ഒളിംപിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഗെയിമുകളില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ ഏക കായികതാരമാണ് നീരജ് ചോപ്ര, വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ വ്യക്തി കൂടിയാണ് നീരജ് ചോപ്ര. ഒളിംപിക്‌സിന് പിന്നാലെ 2022 ല്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടാനും താരത്തിനായിരുന്നു. കഴിഞ്ഞ ഒളിംപിക്‌സിലെ മിന്നും പ്രകടനത്തിന് പിന്നാലെ നിരവധി ക്യാഷ് പ്രൈസാണ് താരത്തിന് ലഭിച്ചിരുന്നത്.

ഈ സാഹചര്യത്തില്‍ 2024 ലെ കണക്ക് അനുസരിച്ച് അദ്ദേഹത്തിന് എത്രത്തോളം ആസ്തി ഉണ്ട് എന്നതിനെ കുറിച്ചാണ് ഇവിടെ പരിശോധിക്കാന്‍ പോകുന്നത്. നീരജ് ചോപ്ര വളരെ ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. തുടക്കത്തില്‍ ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാറായിരുന്നു അദ്ദേഹം. നീരജ് ചോപ്ര ജനിച്ചതും വളര്‍ന്നതും ഹരിയാനയിലെ പാനിപ്പത്തിലെ ഖന്ദ്ര വില്ലേജ് എന്ന ചെറിയ ഗ്രാമത്തിലാണ്.
സതീഷ് കുമാര്‍ ചോപ്രയുടെയും സരോജ് ദേവിയുടെയും മകനായി 1997 ഡിസംബര്‍ 24 നാണ് നീരജ് ജനിച്ചത്. നീരജ് ചോപ്ര 2011 ല്‍ ജാവലിന്‍ ത്രോയില്‍ പരിശീലനം ആരംഭിച്ചു. 2020 ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ്ണ മെഡലിന് പുറമേ, നീരജ് ചോപ്ര നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി മറ്റ് വിവിധ ഇവന്റുകളിലും ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയിട്ടുണ്ട്.
സിഎ ക്‌നോളേജ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് പ്രകാരം 4.5 മില്യണ്‍ ഡോളറാണ് നീരജ് ചോപ്രയുടെ ആസ്തി, അതായത് ഏകദേശം 37 കോടി രൂപ. ടോക്കിയോ ഒളിംപിക്‌സിന് ശേഷമാണ് നീരജിന്റെ വരുമാനം ഗണ്യമായി വര്‍ധിച്ചത്. പ്രതിവര്‍ഷം നാല് കോടിയോളം രൂപയാണ് നീരജ് ചോപ്ര സമ്പാദിക്കുന്നത്. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തിന് ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്തിരുന്നു.
ഹരിയാന സര്‍ക്കാര്‍ ആറ് കോടി, ബൈജൂസ് രണ്ട് കോടി, പഞ്ചാബ് സര്‍ക്കാര്‍ രണ്ട് കോടി, റെയില്‍വേ മൂന്ന് കോടി, ബിസിസിഐ ഒരു കോടി, മണിപ്പൂര്‍ സര്‍ക്കാര്‍ ഒരു കോടി, ഐഒസി 75 ലക്ഷം, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു കോടി എന്നിങ്ങനെ ക്യാഷ് പ്രൈസ് സമ്മാനിച്ചിരുന്നു. ഇത് കൂടാതെ ഹരിയാന സര്‍ക്കാര്‍ ഗ്രേഡ് 1 തസ്തികയില്‍ ജോലിയും ഇന്‍ഡിഗോ ഒരു വര്‍ഷത്തേക്ക് സൗജന്യ വിമാന ടിക്കറ്റും വാഗ്ദാനം നല്‍കിയിരുന്നു.
ആനന്ദ് മഹീന്ദ്ര എക്‌സ് യു വി 700 ആണ് സമ്മാനമായി നല്‍തകിയത്. നീരജ് ചോപ്രയ്ക്ക് സ്വന്തം നാടായ ഹരിയാനയിലെ പാനിപ്പത്തില്‍ വീടുണ്ട്. കൂടാതെ തന്റെ പിതാവിന്റെ ഗ്രാമത്തിലും ഒരു വീടുണ്ട്.












Click it and Unblock the Notifications