സൗദി ക്ലബുമായി വമ്പന്‍ ഡീല്‍, നെയ്മര്‍ അല്‍ ഹിലാലിലേക്ക്..; കരാര്‍ത്തുക കേട്ടോ..!!?
പാരീസ്: പി എസ് ജിയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ സൗദി ഭീമന്‍മാരായ അല്‍-ഹിലാലിലേക്കെന്ന് റിപ്പോര്‍ട്ട്. നേരത്തെ കിലിയന്‍ എംബാപ്പെയെ റാഞ്ചാന്‍ അല്‍ ഹിലാല്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെയ്മറിനേയും സൗദി ക്ലബ് നോട്ടമിട്ടിരിക്കുന്നത്. അല്‍ ഹിലാലിന്റെ 98.5 മില്യണ്‍ ഡോളര്‍ എന്ന ഓഫര്‍ പി എസ് ജി സ്വീകരിച്ചതായാണ് അന്താരാഷ്ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ മുന്‍ ക്ലബായ ബാഴ്‌സലോണയ്ക്ക് താരം മടങ്ങിയേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അല്‍ ഹിലാല്‍ നല്‍കിയ ഓഫറിനോട് നെയ്മര്‍ പാതിസമ്മതം മൂളിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നെയ്മറിന്റെ പിതാവ് മിഡില്‍ ഈസ്റ്റിലേക്ക് പറന്നിട്ടുണ്ട് എന്നാണ് വിവരം.

പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡിന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ പിന്തുണയുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ മേല്‍നോട്ടത്തിലുള്ള അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിന് സമ്മതം മൂളിയിട്ടുണ്ട് എന്നാണ് സൂചന. ഒരു സീസണില്‍ നെയ്മറിന് ക്ലബ് 100 മില്യണ്‍ ഡോളര്‍ നല്‍കിയേക്കും. ഫീല്‍ഡിന് പുറത്തുള്ള അദ്ദേഹത്തിന്റെ വരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ അടുത്ത തവണ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ ഫോര്‍ബ്‌സിന്റെ പട്ടികയിലൊരാളാകാനും നെയ്മറിനാകും.
2017 ല്‍ ബാഴ്സലോണയില്‍ നിന്ന് 222 മില്യണ്‍ യൂറോയ്ക്കാണ് പി എസ് ജി നെയ്മറിനെ എത്തിച്ചത്. കണങ്കാല്‍ ലിഗമെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം 31-കാരന്‍ മാര്‍ച്ച് മുതല്‍ കളത്തിന് പുറത്താണ്. അതിനിടെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ക്ലബ് വിടാനുള്ള താത്പര്യം നെയ്മര്‍ പി എസ് ജിയെ അറിയിക്കുകയായിരുന്നു. അതേസമയം നെയ്മറിന്റെ അല്‍ ഹിലാലിലേക്കുള്ള വരവിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
അല്‍ ഹിലാലിനെ കൂടാതെ ബാഴ്‌സലോണയും അമേരിക്കന്‍ ലീഗായ എം എല്‍ എസിയില്‍ നിന്നും നെയ്മറിന് ഓഫര്‍ വരുന്നുണ്ട്. രണ്ട് വര്‍ഷത്തെ കരാറാണ് നെയ്മര്‍ക്ക് പി എസ് ജിയില്‍ ബാക്കിയുള്ളത്. അതേസമയം നെയ്മര്‍ക്ക് പുറമേ ഫുള്‍ഹാമില്‍ നിന്ന് സൂപ്പര്‍താരം അലക്സാണ്ടര്‍ മിട്രോവിച്ചിനെയും അല്‍ ഹിലാല്‍ റാഞ്ചിയേക്കും. നിലവില്‍ റൂബന്‍ നെവസ്, കലിദോ കൗലിബാലി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അല്‍ ഹിലാലിലുണ്ട്.
അതേസമയം ലോകഫുട്‌ബോള്‍ മിഡില്‍ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു എന്ന് വീണ്ടും തെളിയിക്കുന്നതാണ് പുതിയ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍. സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ അല്‍ നസര്‍ ക്ലബിലെത്തിച്ചതാണ് ഇതിന് തുടക്കം. ഇതിന് പിന്നാലെ കരീം ബെന്‍സെമ അല്‍ ഇത്തിഹാദിലെത്തി. എന്നാല്‍ എംബാപ്പെയ്ക്കായും ലയണല്‍ മെസിക്കായും സൗദി ക്ലബുകള്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.












Click it and Unblock the Notifications