ഐപിഎല്‍ നോക്കിയെടുത്ത ടീം; ഫൈനല്‍ കളിക്കാന്‍ ലോകകപ്പ് ടീമിലെ 15 അംഗ സ്‌ക്വാഡിലെ ആരുമില്ല!
ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടതോടെ കലാശപ്പോരിലേക്ക് ടീം ഇന്ത്യയുടെ 15 അംഗ ടി 20 ലോകകപ്പ് ടീമില്‍ നിന്നും ആരുമുണ്ടാകില്ല എന്ന് ഉറപ്പായി. ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുക. ലീഗ് റൗണ്ടില്‍ പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലില്‍ എത്തിയത് എന്ന പ്രത്യേകതയും ഉണ്ട്.
അതേസമയം ഐപിഎല്‍ കൂടി അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ നിന്നുള്ള ആരും കലാശപ്പോരില്‍ ഇല്ല എന്നതാണ് ശ്രദ്ധേയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റിങ്കു സിംഗ് ഫൈനലില്‍ കളത്തിലിറങ്ങുമെങ്കിലും, ടി20 ലോകകപ്പിനുള്ള നാല് പേരുടെ റിസര്‍വ് ലിസ്റ്റിന്റെ ഭാഗം മാത്രമാണ് അദ്ദേഹം. 15 അംഗ ടീമില്‍ പിഞ്ച് ഹിറ്ററായ റിങ്കു സിംഗിന് ഇടം നേടാനായിരുന്നില്ല.

അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കളിക്കാരായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍. പ്ലേ ഓഫിലേക്കെത്തിയ നാല് ടീമുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലിയും മുഹമ്മദ് സിറാജും ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ട്.
എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് മടങ്ങാനായിരുന്നു ആര്‍ സി ബിയുടെ വിധി. രോഹിത് ശര്‍മ്മയാണ് ലോകകപ്പ് ടീമിന്റെ ക്യാപ്റ്റന്‍, ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ മറ്റുള്ളവര്‍. റിങ്കു സിംഗിനെ കൂടാതെ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍ എന്നിവരാണ് റിസര്‍വ് ബെഞ്ചിലുള്ളത്.
അതേസമയം മൂന്നാം ഐപിഎല്‍ കിരീടം നേടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഞായറാഴ്ച ഇറങ്ങുന്നത്. ഇത് നാലാം തവണയാണ് കൊല്‍ക്കത്ത ഐപിഎല്‍ ഫൈനലില്‍ എത്തുന്നത്. 2012 ലും 2014 ലും കിരീടം നേടിയ ടീം 2021 ല്‍ കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് തോല്‍ക്കുകയായിരുന്നു. കൊല്‍ക്കത്തക്ക് രണ്ട് കിരീടങ്ങള്‍ നേടിക്കൊടുത്ത ഗൗതം ഗംഭീര്‍ ഇത്തവണ ടീം മെന്ററായി ഒപ്പമുണ്ട്.
മറുവശത്ത് ഫലത്തില്‍ ഹൈദരാബാദിനും ഇത് നാലം ഫൈനലാണ്. 2009 ല്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിലൂടെ ഹൈദരാബാദ് ഫൈനലില്‍ എത്തിയിരുന്നു. അന്ന് കിരീടവും നേടി. പിന്നീട് 2016 ലും കിരീട നേട്ടം ആവര്‍ത്തിച്ചു. 2018 ല്‍ വീണ്ടും ഫൈനലില്‍ എത്തിയെങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് തോറ്റ് മടങ്ങാനായിരുന്നു വിധി.












Click it and Unblock the Notifications