കോലിയോ രോഹിതോ ബുംറയോ ഷമിയോ അല്ല; ഐസിസി റാങ്കിംഗില്‍ ഈ ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമത്..!
ലോകകപ്പ് ക്രിക്കറ്റില്‍ കളിച്ച എട്ട് മത്സരങ്ങളിലും ആധികാരിക വിജയം സ്വന്തമാക്കി സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് പ്രാഥമിക റൗണ്ടില്‍ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. ദുര്‍ബലരായ നെതര്‍ലാന്റുമായി ഞായറാഴ്ചയാണ് ഇന്ത്യയുടെ മത്സരം. അതില്‍ കൂടി വിജയിച്ചില്‍ സെമിയിലേക്ക് അപരാജിത കുതിപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.
ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും അവിസ്മരണീയമായ പ്രകടനം കാഴ്ച വെച്ചാണ് ഇന്ത്യ ഈ ലോകകപ്പില്‍ മുന്നേറുന്നത്. വിരാട് കോലിയും രോഹിത് ശര്‍മ്മയും ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് ബൗളിംഗിലെ കുന്തമുനകള്‍. അതിനിടെ ഇന്ന് ഐസിസി ഏകദിന ബാറ്റിംഗ്, ബൗളിംഗ് റാങ്കിംഗുകള്‍ പുറത്തിറക്കിയിരിക്കുകയാണ്.

ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമത് എത്തി എന്നതാണ് അതുല്യമായ നേട്ടം. ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലും ബൗളിംഗില്‍ മുഹമ്മദ് സിറാജുമാണ് ഒന്നാം സ്ഥാനത്ത്. ബാബര്‍ അസമിനെ മറികടന്നാണ് ഗില്‍ ഒന്നം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 830 പോയന്റാണ് ഗില്ലിനുള്ളത്. ബാബറിന് 824 പോയന്റും ഉണ്ട്. വിരാട് കോലി നാലാം സ്ഥാനത്തും രോഹിത് ശര്‍മ്മ ആറാം സ്ഥാനത്തുമുണ്ട്.
ഏറ്റവും വേഗത്തില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. 38 ഇന്നിംഗ്‌സുകളില്‍ നിന്ന് ഒന്നാമതെത്തിയ ധോണിയുടെ പേരിലാണ് ഈ റെക്കോഡ്. ഗില്‍ 41 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം ഏകദിനത്തിലും അന്താരാഷ്ട്ര ക്രിക്കറ്റിലും നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ശുഭ്മാന്‍ ഗില്‍.
ലോകകപ്പില്‍ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 219 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ സര്‍വാധിപത്യമാണ്. നാല് ഇന്ത്യന്‍ താരങ്ങളാണ് ബൗളര്‍മാരുടെ ആദ്യ പത്തില്‍ ഇടം നേടിയിരിക്കുന്നത്. സിറാജിന് ഒന്നാം സ്ഥാനത്ത് 709 പോയന്റുണ്ട്. രണ്ടാം സ്ഥാനത്ത് കേശവ് മഹാരാജാണ്. കുല്‍ദീപ് യാദവ് നാലാം സ്ഥാനത്തും ജസ്പ്രീത് ബുംറ എട്ടാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താം സ്ഥാനത്തുമാണ്.
ലോകകപ്പില്‍ ഷമിയും ബുംറയും വിക്കറ്റ് വേട്ട തുടരുമ്പോള്‍ ഉറച്ച പിന്തുണയുമായി സിറാജുമുണ്ട്. ശ്രീലങ്കയ്ക്കെതിരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. അതിനിടെ ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്റെ മത്സരത്തിന് ശേഷം ഒന്നാം നമ്പര്‍ ബൗളറായി മാറിയ ഷഹീന്‍ ഷാ അഫ്രീദി അഞ്ച് സ്ഥാനങ്ങള്‍ താഴ്ന്ന് അഞ്ചാം സ്ഥാനത്തെത്തി.












Click it and Unblock the Notifications