വെങ്കലത്തിളക്കത്തില്‍ ശ്രീജേഷും സംഘവുമെത്തി; വിമാനത്താവളത്തില്‍ വന്‍സ്വീകരണം
ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ മലയാളി താരം പി ആര്‍ ശ്രീജേഷും സംഘവും ഡല്‍ഹിയിലെത്തി. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് ശ്രീജേഷിന്റെ മികവില്‍ ഇന്ത്യ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടുന്നത്. 52 വര്‍ഷത്തിന് ശേഷമാണ് തുടര്‍ച്ചയായ ഒളിംപിക്സില്‍ ഇന്ത്യ മെഡലില്‍ മുത്തമിടുന്നത്. 1968, 1972 ഒളിംപിക്സുകളിലാണ് അവസാനമായി അടുത്തടുത്തായി ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടിയത്.
ഗോള്‍ കീപ്പറായ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവിലാണ് ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യ മെഡല്‍ നേടിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ശ്രീജേഷും സംഘവും ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഇന്ത്യന്‍ സംഘത്തിന് ഒരുക്കിയിരുന്നത്. നാളെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണവും സജ്ജീകരിച്ചിട്ടുണ്ട്.

ടീമംഗങ്ങളുടെ കുടുംബങ്ങളും താരങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഹോക്കിയിലെ ഒളിംപിക്‌സ് വിജയം രാജ്യമാകെ ആഘോഷിക്കുകയാണ് എന്ന് ഇന്ത്യന്‍ താരം സുമിത് വാല്‍മികി പറഞ്ഞു. ഇന്ത്യയുടെ സ്‌നേഹം ഇപ്പോള്‍ തങ്ങള്‍ അറിയുന്നുണ്ട് എന്നും ഒളിംപിക്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണു ശ്രീജേഷ് നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ശ്രീജേഷ് കാരണമാണ് തങ്ങള്‍ക്ക് വെങ്കല മെഡല്‍ നേടാനായത് എന്നും സുമിത് വാല്‍മികി വ്യക്തമാക്കി.
സ്‌പെയിനെ 2-1ന് തോല്‍പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ഇതിന് പിന്നാലെ ശ്രീജേഷ് വിരമിച്ചിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഓരോ വിജയത്തിലും ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഇന്ത്യന്‍ ഹോക്കി ടീമിലെ ചില താരങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച തന്നെ നാട്ടിലെത്തിയിരുന്നു. ഒളിംപിക്‌സ് സമാപന പരിപാടിക്കായി പാരിസില്‍ തുടര്‍ന്നതോടെയാണ് ശ്രീജേഷ് ഉള്‍പ്പടെയുള്ളവരുടെ വരവ് വൈകിയത്.
സമാപന പരിപാടിയില്‍ ഇന്ത്യന്‍ പതാകയേന്തിയത് ശ്രീജേഷും ഇരട്ട മെഡല്‍ നേടിയ മനു ഭാകറുമായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ചരിത്രപ്രസിദ്ധമായ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ഒളിംപിക്‌സ് മെഡലുമായി പോസ് ചെയ്യുന്ന ചിത്രം ശ്രീജേഷ് പങ്ക് വെച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'എടാ മോനേ...' എന്ന് കുറിപ്പോടെ ശ്രീജേഷ് പങ്കുവെച്ച ചിത്രത്തിന് താഴെ 'ഇവനെ പടച്ചുവിട്ട കടവുള്‍ക്ക് പത്തില്‍ പത്ത്...' എന്ന കമന്റുമായി ആരാധകരും എത്തിയിരുന്നു.
എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. 2016 ലെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനായിരുന്നു. പത്മശ്രീ പുരസ്‌കാര ജേതാവുമാണ്.












Click it and Unblock the Notifications