പതിരാന ടെസ്റ്റ് കളിക്കരുത്, അവനെ ബുദ്ധിപൂര്‍വം ഉപയോഗിക്കണം; ചര്‍ച്ചയായി ധോണിയുടെ വാക്കുകള്‍
ചെന്നൈ: ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി. ഏതൊക്കെ ഫോര്‍മാറ്റില്‍ കളിക്കണമെന്ന് കൃത്യമായി പരിശോധിച്ചേ കളിക്കാവൂ. മൂന്ന് ഫോര്‍മാറ്റിലും കളിക്കരുതെന്നും ധോണി പതിരാനയെ ഉപദേശിച്ചെന്ന് സൂചന.
മൂന്ന് ഫോര്‍മാറ്റിലും ദീര്‍ഘകാലം കളിച്ചാല്‍ ആക്ഷന്‍ കാരണം കരിയറിന് വലിയ തിരിച്ചടി നേരിടുമെന്നും പതിരാനയ്ക്ക് ധോണി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിരന്തരം പന്തെറിയേണ്ടി വരും. അങ്ങനെയുള്ള മത്സരത്തില്‍ നിന്ന് പതിരാന വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നാണ് ധോണി ഉപദേശിച്ചത്.

റൗണ്ട് ആം ആക്ഷന്‍ ഉള്ളവര്‍ക്ക് വേഗത്തില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. നിരവധി താരങ്ങള്‍ ഇത്തരത്തില്‍ ആക്ഷന്‍ ഉള്ളത് കൊണ്ട് പരിക്കേറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗയുടെ ആക്ഷന് സമാനമാണ് പതിരാനയുടെയും ആക്ഷന്‍. കൃത്യമായി ഒരുആക്ഷന്‍ ഇല്ലാത്തവരെ, നന്നായി കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുമെന്ന് ധോണി പറയുന്നു.
പതിരാനയുടെ കൃത്യതയും, വേഗതയുമാണ് അദ്ദേഹത്തെ സ്‌പെഷ്യല്‍ ആക്കുന്നതെന്നും ധോണി മുംബൈക്കെതിരായ മത്സര ശേഷം പറഞ്ഞിരുന്നു. ഇത്തരം താരം റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുക പോലും ചെയ്യരുതെന്നും ധോണി ഉപദേശിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിന്റെ അടുത്തേക്ക് പോലും ഇത്തരം ആക്ഷനുള്ള ബൗളര്‍മാര്‍ പോകരുതെന്ന് ധോണി പറയുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രം ഇവര്‍ കളിക്കുക. വളരെ ചെറുപ്പമാണ് പതിരാന. ശ്രീലങ്കന്‍ ക്രിക്കറ്റിന് അവന്‍ മൂല്യമേറിയ സ്വത്തായിരിക്കും.
കഴിഞ്ഞ തവണ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു പതിരാനയ്ക്ക്. കാരണം വളരെ മെലിഞ്ഞ അവസ്ഥയിലായിരുന്നു താരം. ഇപ്പോള്‍ കായികമായി അവന്‍ നല്ല നിലയിലാണ്.പേശികളൊക്കെ ശക്തമായി. അതുകൊണ്ട് നല്ല രീതിയില്‍ അവന് പന്തെറിയാന്‍ സാധിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു.
അതേസമയം ധോണി പറഞ്ഞതിനെ തള്ളി മലിംഗ രംഗത്ത് വന്നു. താന്‍ 16 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചയാളാണ്. തനിക്ക് അത്തരം പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും മലിംഗ പറഞ്ഞു.
പതിരാനയോട് ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുതെന്ന് പറയുന്നവര്‍, അവന് പരിക്കേല്‍ക്കുമെന്നാണ് കരുതുന്നത്. ഞാനും അതുപോലെ ടെസ്റ്റ് കളിച്ചതാണ്. ആരും എന്നോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. 2004 മുല്‍ 2010 വരെ ടെസ്റ്റ് കളിച്ചിട്ടുണ്ട്. ഐപിഎല്ലും, ബിഗ്ബാഷും, മറ്റെല്ലാ ലീഗുകളും കളിച്ചിട്ടുണ്ടെന്നും മലിംഗ പറഞ്ഞു.
തനിക്ക് കാലിനോ, കാല്‍ മുട്ടിനോ പരിക്കേറ്റിട്ടില്ല. മസിലുകള്‍ക്കും, നടുവിനോ പരിക്കേറ്റിട്ടില്ല. നിരവധി പേര്‍ ഞാന്‍ പറഞ്ഞതിനെ എതിര്‍ക്കാം. പക്ഷേ പരിക്കേല്‍ക്കുമെന്ന് പറയുന്നതിനെ അംഗീകരിക്കാനാവില്ല. ഈ രീതിയില്‍ തന്നെയാണ് ഞാനും പന്തെറിഞ്ഞത്. അതുകൊണ്ട് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നന്നായി അറിയാമെന്നും മലിംഗ പറഞ്ഞു.
അതേസമയം ധോണിയുടെ നിലപാടുകളോട് ശ്രീലങ്കന്‍ മുന്‍ പേസ് ചാമിന്ദ വാസും യോജിച്ചു. എല്ലാ മത്സരങ്ങളിലും പതിരാനയെ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താല്‍ അധിക കാലം അദ്ദേഹത്തിന് കളിക്കാനാവില്ല. എല്ലാ ഫോര്‍മാറ്റും ആ ആക്ഷനില്‍ ഒരാള്‍ക്ക് ദീര്‍ഘകാലം കളിക്കാനാവില്ല. തീര്‍ച്ചയായും പരിക്കുകള്‍ ഉണ്ടാവും.
ശ്രീലങ്കന്‍ ക്രിക്കറ്റിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. പതിരാനയെ പോലൊരാളെ നന്നായി സൂക്ഷിക്കേണ്ടതുണ്ട്. കാരണം താരത്തിന്റെ ആക്ഷന്‍ അത്ര എളുപ്പമല്ല. അതിനൊപ്പം ഫിറ്റ്‌നസ് നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്. നാല് ഓവര്‍ ടി20യില്‍ എറിയുന്നത് പോലെയല്ല ടെസ്റ്റ് കളിക്കുന്നതെന്നും വാസ് പറഞ്ഞു.












Click it and Unblock the Notifications