പെലെ പറയുന്നു; മെസിയല്ല, കേമന്‍ ക്രിസ്റ്റ്യാനോ
റിയോ ഡി ജെനീറോ: പെലെയോ മറഡോണയോ, ലോകം മുഴുവന്‍ ചോദിച്ചുനടന്ന ഒരുകാലമുണ്ടായിരുന്നു മുമ്പ്. ഫുട്‌ബോള്‍ ആരാധകരുടെ സമയം കളഞ്ഞ ചോദ്യത്തിന്റെ പുതുരൂപം ലയണല്‍ മെസിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് എന്നാണ്. എന്നാല്‍ ഫുട്‌ബോള്‍ ഇതിഹാസമായ പെലെ പറയുന്നത് കേള്‍ക്കുക, മെസിയല്ല, റൊണാള്‍ഡോയാണ് താരം.
കഴിഞ്ഞ രണ്ട് സീസണുകളിലെ മിന്നുന്ന പ്രകടനം കൊണ്ട ലയണല്‍ മെസിയെ കവച്ചുവെക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാക്ക് കഴിഞ്ഞു എന്നാണ് പെലെ പറയുന്നത്. മുമ്പ് മെസിയായിരുന്നു മികച്ച താരം. എന്നാല്‍ സമീപകാലത്തെ പ്രകടനം കണക്കിലെടുത്താല്‍ ക്രിസ്റ്റ്യാനോയാണ് മികച്ച താരം - ഇ എസ് പി എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പെലെ.

ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡിഓര്‍ പുരസ്‌കാരം പെലെയുടെ വാക്കുകള്‍ക്ക് അടിവരയിടുന്നു. ലയണല്‍ മെസിയുടെ നാല് വര്‍ഷത്തെ കുത്തക അവസാനിപ്പിച്ചാണ് പോര്‍ച്ചുഗീസ് സ്‌ട്രൈക്കറായ റൊണാള്‍ഡോ ഈ വര്‍ഷത്തെ ബാലന്‍ ഡിഓര്‍ പുരസ്‌കാരം നേടിയത്. ലയണല്‍ മെസി, ഫ്രാങ്ക് റിബറി എന്നിവരായിരുന്നു മികച്ച ഫുട്‌ബോളര്‍ക്കുള്ള പോരാട്ടത്തില്‍ പോര്‍ച്ചുഗീസ് താരത്തിനൊപ്പം ഉണ്ടായിരുന്നത്.
പരിക്കിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങളില്‍ പഴയ പ്രഭാവം വീണ്ടെടുക്കാന്‍ മെസിക്ക് കഴിഞ്ഞില്ല എന്നാണ് ബ്രസീലിന്റെ പഴയകാല സൂപ്പര്‍സ്റ്റാര്‍ നിരീക്ഷിക്കുന്നത്. 1957 മുതല്‍ 1971 വരെയുള്ള കാലങ്ങളിലായി ബ്രസീലിന് 77 ഗോളുകളാണ് പെലെ അടിച്ചുകൂട്ടിയത്. അര്‍ജന്റീനയുടെ മറഡോണയ്‌ക്കൊപ്പം ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോളറായാണ് പെലെയെ കളിയാരാധകര്‍ കരുതുന്നത്.












Click it and Unblock the Notifications