'നന്ദിയുണ്ടേ..'; ടീമില്‍ നിന്ന് തെറിച്ചതിന് പിന്നാലെ പൃഥ്വി ഷായുടെ പ്രതികരണം
അച്ചടക്കമില്ലായ്മയും ഫിറ്റ്നസ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റിയെ പരിഹസിച്ച് പൃഥ്വി ഷാ. ഒരു ഇടവേള ആവശ്യമായിരുന്നു എന്നും നന്ദി എന്നുമാണ് പൃഥ്വി ഷാ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് അച്ചടക്കമില്ലായ്മയും ഫിറ്റ്നസ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുംബൈ ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്.
സഞ്ജയ് പാട്ടീല്‍, രവി താക്കര്‍, ജീതേന്ദ്ര താക്കറെ, കിരണ്‍ പൊവാര്‍, വിക്രാന്ത് യെലിഗെതി എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം മുംബൈ ടീമിനെ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി അരങ്ങേറ്റം ലഭിച്ച പൃഥ്വി ഷാ ഭാവി താരമായായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് താരത്തിന്റെ കളിയോടുള്ള സമീപനം പരക്കെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

പരിശീലനത്തിന് കൃത്യമായി എത്താതിരുന്ന പൃഥ്വി ഷായുടെ ശരീരഭാരവും വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുരയ്ക്കെതിരായ മൂന്നാം റൗണ്ട് മത്സരത്തില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്. പൃഥ്വി ഷായെ ടൂര്‍ണമെന്റില്‍ തുടര്‍ന്ന് കളിപ്പിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. മോശം ഫോമും താരത്തിന് വിനയായി. ഇതിനൊപ്പം താരത്തിന്റെ അച്ചടക്കമില്ലായ്മയില്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും സെലക്ഷന്‍ കമ്മിറ്റിയും അസ്വസ്ഥരായിരുന്നു.
നെറ്റ് സെഷനുകളില്‍ താരം സ്ഥിരമായി പങ്കെടുത്തിരുന്നി എന്നാണ് വിവരം. അജിങ്ക്യ രഹാനെയാണ് മുംബൈ ടീമിനെ നയിക്കുന്നത്. ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ വെറ്ററന്‍ താരങ്ങള്‍ വരെ കൃത്യമായി പരിശീലനത്തില്‍ പങ്കെടുക്കുമ്പോഴാണ് താരതമ്യേന ജൂനിയര്‍ താരമായ പൃഥ്വി ഷായുടെ നടപടി. പൃഥ്വി ഷായ്ക്ക് പകരം അഖില്‍ ഹെര്‍വാദ്കറെ മുംബൈ ടീമിലെടുത്തിട്ടുണ്ട്.
രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി, ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും സെഞ്ചുറി, 2018-ല്‍ ന്യൂസീലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍, പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി തുടങ്ങിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് പൃഥ്വി ഷാ. ഇന്ത്യയ്ക്കായി അഞ്ച് ടെസ്റ്റിലും ആറ് ഏകദിനങ്ങളിലും ഒരു ടി 20 യിലും താരം പാഡണിഞ്ഞിട്ടുണ്ട്.
ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടക്കം 339 റണ്‍സും ഏകദിനത്തില്‍ 189 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃഥ്വി ഷാ 79 മത്സരത്തില്‍ നിന്ന് 1892 റണ്‍സാണ് നേടിയിട്ടുള്ളത്.












Click it and Unblock the Notifications