പിവി സിന്ധുവിന് മാംഗല്യം, വിവാഹം ഈ മാസം തന്നെ; വരന്‍ ആരാണെന്നോ?
ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ പി വി സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22 ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം. പോസിഡെക്സ് ടെക്നോളജീസിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കട ദത്ത സായി ആണ് വരന്‍. സോര്‍ ആപ്പിള്‍ അസറ്റ് മാനേജ്മെന്റിന്റെ സഹ-ഉടമയും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം.
ഡിസംബര്‍ 20 ന് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കും എന്ന് സിന്ധുവിന്റെ പിതാവ് പി വി രമണ പി ടി ഐയോട് പറഞ്ഞു. 'ഇരു കുടുംബങ്ങള്‍ക്കും പരസ്പരം അറിയാമായിരുന്നു, എന്നാല്‍ ഒരു മാസം മുമ്പാണ് ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. ജനുവരി മുതല്‍ സിന്ധുവിന്റെ ഷെഡ്യൂള്‍ തിരക്കേറിയതായിരിക്കുമെന്നതിനാല്‍ വിവാഹം ഡിസംബറില്‍ തന്നെ നടത്തണം.

അതുകൊണ്ടാണ് ഡിസംബര്‍ 22 ന് ഇരു കുടുംബങ്ങളും വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്,' പി വി രമണ പറഞ്ഞു. ഡിസംബര്‍ 24 ന് ഹൈദരാബാദില്‍ റിസപ്ഷന്‍ നടക്കും എന്നും അടുത്ത സീസണ്‍ പ്രധാനമായതിനാല്‍ വിവാഹത്തിന് ശേഷം ഉടന്‍ തന്നെ പരിശീലനം ആരംഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ലഖ്നൗവിലെ സയ്യിദ് മോദി ഇന്റര്‍നാഷണലില്‍ നടന്ന വിജയത്തോടെ സിന്ധു നീണ്ട നാളത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചിരുന്നു.
മുന്‍ ലോകചാമ്പ്യനായ സിന്ധു ഇന്ത്യയ്ക്കായി രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയിട്ടുണ്ട്. റിയോ ഒളിംപിക്‌സ് 2016, ടോക്കിയോ ഒളിംപിക്‌സ് 2020 എന്നിവയില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടുകയും 2017-ല്‍ കരിയറിലെ ഉയര്‍ന്ന ലോക റാങ്കിംഗായി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുള്ള സിന്ധു ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റുകളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
ഒളിംപിക് ഗെയിംസിലെ വെള്ളിയും വെങ്കലവും കൂടാതെ 2019 ലെ ഒരു സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും താരത്തിനുണ്ട്. നിലവില്‍ വനിതാ ബാഡ്മിന്റണില്‍ 18-ാം റാങ്കിലാണ് 29 കാരിയായ സിന്ധു. 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്സിനുള്ള തയ്യാറെടുപ്പിലാണ് താരം. വിരമിക്കല്‍ വാര്‍ത്തകളെ തള്ളിയ സിന്ധു കുറച്ച് നാള്‍ കൂടി കളിക്കളത്തിലുണ്ടാകും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
''പരിക്കുകളില്ലാതെ തുടരുക എന്നതാണ് എന്റെ ലക്ഷ്യം, അത് വളരെ പ്രധാനമാണ്. ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സ് ഇപ്പോഴും വളരെ അകലെയാണ്. ഞാന്‍ തീര്‍ച്ചയായും കളിക്കും, പക്ഷേ പ്രധാന കാര്യം പരിക്കില്ലാതെ തുടരുകയും കളിക്കുന്നത് ആസ്വദിക്കുകയും ചെയ്യുക എന്നതാണ്,' എന്നായിരുന്നു കഴിഞ്ഞ ദിവസം സിന്ധു മാധ്യമങ്ങളോട് പറഞ്ഞത്.












Click it and Unblock the Notifications