അശ്വിന് ബിസിസിഐ കൊടുക്കുന്ന ശമ്പളം കേട്ടോ? ആഡംബര കാറുകളും കൊട്ടാരം പോലുള്ള വീടും, ആസ്തി ഇത്ര
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് അവിശ്വസനീയമായി തിരിച്ചുവന്ന് 280 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. അശ്വിന്റെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റും വീഴ്ത്തിയ അശ്വിനാണ് മാന്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ പത്ത് കൊല്ലത്തിലേറെയായി ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ് അശ്വിന്‍. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും ഒഴിച്ചിട്ട സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് റെക്കോഡ് നേട്ടങ്ങളോടെയാണ് അശ്വിന്‍ നടന്ന് കയറിയത്. ബാറ്റ്‌സ്മാന്‍മാര്‍ പതറുമ്പോഴെല്ലാം മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ടീമിന് മികച്ച ടോട്ടല്‍ സമ്മാനിക്കുന്ന താരം കൂടിയാണ് അശ്വിന്‍. ആറ് സെഞ്ച്വറിയാണ് ടെസ്റ്റില്‍ അശ്വിന്റെ പേരിലുള്ളത്.

കളിക്കളത്തിലെ നേട്ടങ്ങള്‍ സാമ്പത്തികമായി സ്ഥിരത കൈവരിക്കാനും താരത്തിന് സഹായകമായിട്ടുണ്ട്. ടെസ്റ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനം താരത്തെ ഈ ഫോര്‍മാറ്റിലെ മികച്ച താരങ്ങളിലൊരാളായി ബിസിസിഐ കരാറിലൂടെ അംഗീകരിക്കുന്നതിനും കാരണമായിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 16 മില്യണ്‍ യുഎസ് ഡോളറാണ് ആര്‍ അശ്വിന്റെ ആസ്തി. അതായത് ഏകദേശം 132 കോടി രൂപ!
അദ്ദേഹത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് പ്രൊഫഷണല്‍ ക്രിക്കറ്റ് കരിയറും ബ്രാന്‍ഡ് അംഗീകാരവുമാണ്. ദേശീയ ടീമിനായി എല്ലാ ഫോര്‍മാറ്റുകളിലും അശ്വിന്‍ കളിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും ഐപിഎല്ലില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട്. രവിചന്ദ്രന്‍ അശ്വിന്റെ വാര്‍ഷിക വരുമാനം ഏകദേശം 10 കോടി രൂപയും പ്രതിമാസ വരുമാനം 50 ലക്ഷം രൂപയുമാണ്.
രാജസ്ഥാന്‍ റോയല്‍സ് ഓരോ സീസണിലും 5 കോടി രൂപയാണ് അദ്ദേഹത്തിന് നല്‍കുന്നത്. അതിനാല്‍ തന്നെ ഐപിഎല്‍ വരുമാനം അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ബിസിസിഐയുടെ ഏറ്റവും പുതിയ കരാര്‍ ലിസ്റ്റിലെ ഗ്രേഡ് എ വിഭാഗത്തിലാണ് അശ്വിന്‍. അതായത് മാച്ച് ഫീ ഒഴികെ 5 കോടി രൂപ ബിസിസിഐ ശമ്പളമായി അശ്വിന് നല്‍കുന്നുണ്ട്.
ഐപിഎല്‍ ആദ്യ സീസണില്‍ തന്നെ (2008) അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലൂടെ ഭാഗമായിരുന്നു. അന്ന് 12 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്ന് 5 കോടി രൂപ അദ്ദേഹത്തിന് ലഭിക്കുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നും ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും അശ്വിന് 7.6 കോടി രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നത്.
ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ പ്രതിഫലവും. അരങ്ങേറ്റം മുതല്‍ ഐപിഎല്ലില്‍ നിന്ന് 82 കോടി രൂപയാണ് അശ്വിന്‍ നേടിയത്. മിന്ത്ര, ബോംബെ ഷേവിംഗ് കമ്പനി, മന്ന ഫുഡ്സ്, അരിസ്റ്റോക്രാറ്റ് ബാഗുകള്‍, ഓപ്പോ, മൂവ്, സ്‌പെക്സ് മേക്കേഴ്സ്, കോക്ക് സ്റ്റുഡിയോ തമിഴ്, ഡ്രീം11 തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുമായി അശ്വിന്‍ സഹകരിക്കുന്നുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ ആസ്തിയിലേക്ക് വലിയൊരു തുക സംഭാവന ചെയ്യുന്നുണ്ട്.
രവിചന്ദ്രന്‍ അശ്വിന്റെ കൈവശം 93 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ 7, ഏകദേശം 6 കോടി രൂപ വിലവരുന്ന റോള്‍സ് റോയ്സ് എന്നിവയുള്‍പ്പെടെ ഏതാനും ആഡംബര കാറുകള്‍ ഉണ്ട്. പച്ചപ്പ് നിറഞ്ഞ മുറ്റം, ഇന്‍ഡോര്‍ ക്രിക്കറ്റ് സെഷിന് അനുയോജ്യമായ തുറസ്സായ ഇടങ്ങള്‍, അലങ്കരിച്ച പുരാതന വസ്തുക്കള്‍, വലിയ പെയിന്റിംഗുകള്‍ എന്നിവ അടങ്ങുന്ന കൊട്ടാര സമാനമായ ഒരു വീടും അദ്ദേഹത്തിന് ചെന്നൈയില്‍ ഉണ്ട്.












Click it and Unblock the Notifications