ഒന്നര മണിക്കൂര്‍ അവര്‍ ഭയപ്പെടുത്തി, കിവീസിനെ കുറിച്ച് രജനീകാന്ത്, ലോകകപ്പ് ആ ടീം നേടുമെന്ന് പ്രവചനം
ചെന്നൈ: ലോകകപ്പിലെ സെമി പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും സെമിയില്‍ ഏറ്റുമുട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഈ വന്‍ ശക്തികളുടെ പോരാട്ടത്തില്‍ ആരാകും വിജയിക്കുക. ഇക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസം തനിക്കുണ്ടെന്ന് പറയുകയാണ് സൂപ്പര്‍ താരം രജനീകാന്ത്. ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം കാണാന്‍ മുംബൈയില്‍ എത്തിയിരുന്നു അദ്ദേഹം.
മത്സരം കഴിഞ്ഞ് ചെന്നൈയില്‍ മടങ്ങിയെത്തിയപ്പോഴാണ് നിര്‍ണായകമായ പ്രവചനം രജനീകാന്ത് നടത്തിയിരിക്കുന്നത്. ലോകകപ്പ് കിരീടം ഇന്ത്യ നേടുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്നും, ആത്മവിശ്വാസമാണ് ഉള്ളതെന്നും രജനീകാന്ത് പറഞ്ഞു. അതേസമയം രജനീകാന്തിന്റെ പ്രവചനം വൈറലായിരിക്കുകയാണ്. സെമി ഫൈനലില്‍ താന്‍ ആകെ ആശങ്കപ്പെട്ട് പോയെന്നാണ് രജനീകാന്ത് പറയുന്നത്.

ആദ്യ ശരിക്കും വിറച്ച് പോയി. എന്നാല്‍ വിക്കറ്റ് വീണ് തുടങ്ങിപ്പോയപ്പോഴാണ് ആശ്വാസമായത്. പിന്നീട് എല്ലാം നല്ലത് പോലെ നടന്നു. കിവീസ് അടിച്ചുതകര്‍ത്ത ആ ഒന്നര മണിക്കൂറില്‍ ശരിക്കും ഞാന്‍ വിറച്ചുപോയി. വല്ലാത്ത ആശങ്കയായിരുന്നു ആ സമയം. എന്നാല്‍ ഫൈനല്‍ നമ്മള്‍ ജയിക്കും. ലോകകപ്പ് നമ്മള്‍ തന്നെ നേടുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും രജനീകാന്ത് പറഞ്ഞു. ഭാര്യ ലതയ്‌ക്കൊപ്പമാണ് രജനീകാന്ത് മുംബൈയില്‍ മത്സരം കാണാന്‍ എത്തിയത്.
രജനിക്കൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് ബിസിസിഐ ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കിയിരുന്നു.ഗോള്‍ഡന്‍ ടിക്കറ്റ് ഉണ്ടെങ്കില്‍ ലോകകപ്പിലെ 48 മത്സരങ്ങളും കാണാന്‍ സാധിക്കും. നേരത്തെ മാധുരി ദീക്ഷിതും സ്റ്റേഡിയത്തിലെത്തി. ഭര്‍ത്താവ് ശ്രീറാമിനൊപ്പമായിരുന്നു വന്നത്. രജനീകാന്തിനൊപ്പം അവര്‍ ഫോട്ടോയ്ക്ക് പോസും ചെയ്തു. അനുഷ്‌ക ശര്‍മ, വിക്കി കൗശല്‍, കുനാല്‍ ഖേമു, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കിയാര അദ്വാനി, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരും സെമി ഫൈനല്‍ കാണാന്‍ വാംഖഡെയില്‍ എത്തിയിരുന്നു.
ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. മത്സരം കാണാന്‍ അദ്ദേഹവും എത്തിയിരുന്നു. മത്സരത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയും ഫൈനലില്‍ എത്തിയിരിക്കുകയാണ്. അതേസമയം ഇന്ത്യയുടെ ലോകകപ്പിലെ ആധിപത്യം ഗംഭീരമാണ്. അവരാണ് ഈ ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീമെന്നും ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് പറഞ്ഞു.
തീര്‍ച്ചയായും ഞങ്ങളുടെ ആദ്യ മത്സരത്തില്‍ അവരെ നേരിട്ടതാണ്. അവസാന മത്സരത്തിലും ഇന്ത്യയെയാണ് നേരിടുന്നത്. എന്തൊരു ലോകകപ്പാണിത്. മനോഹരമായ അനുഭവമാണിതെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും, രവീന്ദ്ര ജഡേജയും ഭീഷണിയാണ്. അഹമ്മദാബാദില്‍ എത്തിയാല്‍ അറിയാം പിച്ച് ഏത് തരത്തിലുള്ളതാണെന്ന്. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഞങ്ങള്‍ ഫൈനലില്‍ കളിച്ചിട്ടുണ്ട്. ഓരോ സമയത്തും സമ്മര്‍ദം വ്യത്യസ്തമായിരിക്കും. എന്തായാലും മികച്ച കാഴ്ച്ചാനുഭവം ആയിരിക്കും ഫൈനലെന്നും സ്റ്റാര്‍ക് വ്യക്തമാക്കി.












Click it and Unblock the Notifications