യുവിക്ക് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച മികച്ച ഓള്‍റൗണ്ടര്‍; ജഡേജയെ വ്യത്യസ്തനാക്കുന്നത് ഈ കാര്യങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല സമകാലിക ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയ്ക്ക് ഇന്ന് 35 വയസ്. നിലവിലെ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളില്‍ ഒരാള്‍ കൂടിയായ ജഡേജ മികച്ച പ്രകടനമാണ് കഴിഞ്ഞ ഏകദിന ലോകകപ്പിലും കാഴ്ച വെച്ചത്. യുവരാജിന് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച മികച്ച ഔള്‍റൗണ്ടറാണ് ജഡേജ എന്നതില്‍ സംശയമില്ല.
ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ജഡേജ. 2009 ല്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം മുതല്‍ ജഡേജ ലോക ക്രിക്കറ്റില്‍ തന്റെ മുദ്ര പതിപ്പിക്കുന്നുണ്ട്. ബാറ്റിംഗില്‍ ഒരു ഫിഫ്റ്റിയോ സെഞ്ചുറിയോ പിന്നിട്ടാല്‍ ജഡേജ തന്റെ ബാറ്റ് വാള്‍ പോലെ വീശുന്നത് ആരാധകര്‍ക്ക് ആവേശം പകരുന്ന ഒന്നാണ്. നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്തിയും തകര്‍പ്പന്‍ ക്യാച്ചുകളും റണ്ണൗട്ടുകളും നടത്തിയും ജഡേജ 14 വര്‍ഷമായി ടീമിന്റെ നെടുന്തൂണാണ്.

67 ടെസ്റ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം 36.41 ശരാശരിയില്‍ 2804 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 19 അര്‍ധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്, മികച്ച സ്‌കോര്‍ 175* ആണ്. 24.04 ശരാശരിയിലും 59.4 സ്ട്രൈക്ക് റേറ്റിലും 275 ടെസ്റ്റ് വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 7/42 ആണ് അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം. ടെസ്റ്റില്‍ 12 അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് പത്ത് വിക്കറ്റ് നേട്ടവും സ്വന്തമായുണ്ട്.
2021ലും 2023ലും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. 197 ഏകദിനങ്ങള്‍ കളിച്ച ജഡേജ 32.42 ശരാശരിയില്‍ 13 അര്‍ധസെഞ്ചുറികളോടെ 2756 റണ്‍സ് നേടിയിട്ടുണ്ട്. മികച്ച സ്‌കോര്‍ 87 ആണ്. 36.07 ശരാശരിയിലും 44.3 സ്ട്രൈക്ക് റേറ്റിലും 220 വിക്കറ്റുകളും ജഡേജയുടെ പേരിലുണ്ട്. 5/33 ആണ് അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം.
2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ജഡേജ. അഞ്ച് കളികളില്‍ നിന്ന് 12 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി. ഈ വര്‍ഷം ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലും 2015ലും 2019ലും സെമിഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന്റെയും ഭാഗമായിരുന്നു. ലോകകപ്പില്‍ 21 മത്സരങ്ങളില്‍ നിന്ന് 11 ഇന്നിംഗ്സുകളില്‍ നിന്ന് 254 റണ്‍സും 27 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
64 ടി20 മത്സരങ്ങള്‍ കളിച്ച രവീന്ദ്ര ജഡേജയ്ക്ക് ഈ ഫോര്‍മാറ്റിലും മികച്ച റെക്കോഡാണ് ഉള്ളത്. 24.05 ശരാശരിയില്‍ 457 റണ്‍സ് നേടിയിട്ടുള്ള ജഡേജയുടെ മികച്ച സ്‌കോര്‍ 46* ആണ്. 51 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2016 ലെ ടി20 ലോകകപ്പിന്റെ സെമിഫൈനലിലും 2014ലെ ഫൈനലിലും എത്തിയ ടീമിന്റെ ഭാഗമായിരുന്നു. 22 ടി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 95 റണ്‍സും 21 വിക്കറ്റും നേടിയിട്ടുണ്ട്.
കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലുമായി 328 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 6,017 റണ്‍സും 546 വിക്കറ്റുകളും ജഡേജ
നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഏഴാമത്തെ ബൗളറാണ് അദ്ദേഹം. ഐപിഎല്ലിലും ആരേയും കൊതിപ്പിക്കുന്ന കരിയര്‍ റെക്കോഡാണ് രവീന്ദ്ര ജഡേജയ്ക്കുള്ളത്. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഗുജറാത്ത് ലയണ്‍സ്, കൊച്ചി ടസ്‌ക്കേഴ്സ് കേരള എന്നിവയ്ക്കായി താരം കളിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരു ഐപിഎല്‍ കിരീടവും സിഎസ്‌കെയ്ക്കൊപ്പം മൂന്ന് ഐപിഎല്‍ കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 226 ഐപിഎല്‍ ഗെയിമുകളില്‍, രണ്ട് അര്‍ദ്ധസെഞ്ച്വറികളും 128-ലധികം സ്ട്രൈക്ക് റേറ്റും സഹിതം 27-ന് മുകളില്‍ ശരാശരിയില്‍ 2,692 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച സ്‌കോര്‍ 62* ആണ്. 29.57 ശരാശരിയില്‍ 152 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഒമ്പതാമത്തെ ബൗളറാണ് അദ്ദേഹം. മൊത്തം 134 വിക്കറ്റുകളോടെ, ഡ്വെയ്ന്‍ ബ്രാവോയ്ക്ക് (154 വിക്കറ്റ്) പിന്നില്‍ സിഎസ്‌കെയുടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളര്‍ കൂടിയാണ് ജഡേജ.












Click it and Unblock the Notifications