ഇഷന്‍ കിഷന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണം പുറത്ത്; 'ക്രിക്കറ്റില്‍ നിന്ന് ഇടവേള വേണം', ഇനി?
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇഷന്‍ കിഷന്‍ പിന്മാറി. ഇഷന്‍ കിഷന്‍ ബി സി സി ഐയോടും സെലക്ടര്‍മാരോടും അങ്ങോട്ട് ആവശ്യപ്പെട്ട് അവധിയെടുക്കുകയായിരുന്നു എന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് ബി സി സി ഐ വൃത്തങ്ങള് പറയുന്നത്. ഇതിന് പിന്നിലെ വിശദാംശങ്ങള്‍ ബി സി സി ഐ അവരുടെ ഔദ്യോഗിക പ്രസ്താവനയില്‍ വിശദീകരിച്ചിട്ടില്ല.
എന്നാല്‍ മാനസികമായ ചില പ്രശ്‌നങ്ങളാണ് ഇഷന്‍ കിഷന്‍ ടീമിനൊപ്പം ചേരാത്തത് എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരന്തരമായ യാത്രയില്‍ നിന്നും ഉണ്ടാകുന്ന 'മാനസിക ക്ഷീണം', വേണ്ടത്ര സമയക്കുറവ് എന്നിവയാണ് ഇഷാന്റെ തീരുമാനത്തിന് പ്രധാന കാരണം. കഴിഞ്ഞ ഒരു വര്‍ഷമായി ഇഷന്‍ കിഷന്‍ ടീമിനൊപ്പം നിര്‍ത്താതെ യാത്ര ചെയ്യുകയാണ്.

അതിനാല്‍ ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേളയ്ക്ക് താരം കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ടീം മാനേജ്മെന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് അനുവദിക്കുന്നതിന് മുമ്പ് സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. തനിക്ക് മാനസികമായി തളര്‍ച്ചയുണ്ടെന്നും ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലത്തേക്ക് ഇടവേള വേണമെന്നും അദ്ദേഹം ടീം മാനേജ്മെന്റിനെ അറിയിച്ചു എന്നും ഇത് എല്ലാവരും അത് സമ്മതിച്ചു എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ വര്‍ഷം ജനുവരി 3 മുതല്‍ ഇഷന്‍ കിഷന്‍ ടീമിനൊപ്പമുണ്ട്. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനായില്ല. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അദ്ദേഹം ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയുടെ ഭാഗമായിരുന്നു. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. ഐപിഎല്‍ 2023 സീസണിന് ശേഷം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരിച്ചെങ്കിലും റിസര്‍വ് ബെഞ്ചിലായിരുന്നു സ്ഥാനം.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ എല്ലാ മത്സരങ്ങളും കളിച്ചു. രണ്ട് ടെസ്റ്റുകള്‍, മൂന്ന് ഏകദിനങ്ങള്‍, ടി20കള്‍ എന്നിവ അതില്‍ ഉള്‍പ്പെടും. ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് പോകും മുമ്പ് ഏകദിന ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു. ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ കളിച്ചു. ചൊവ്വാഴ്ച സെഞ്ചൂറിയനില്‍ ആണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഇഷന്‍ കിഷന്റെ രണ്ടാമത്തെ ടെസ്റ്റ് പരമ്പരയായിരുന്നു ദക്ഷിണാഫ്രിക്കയിലേത്. ഇഷന്‍ കിഷന് പകരം കെ എസ് ഭരത് ആണ് പകരക്കാരനായി ടീമില്‍ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications