കോച്ചിംഗ് സെന്ററില്‍ സ്വീപ്പറായി ജീവിതം, കെകെആറില്‍ ഫിനിഷര്‍, റിങ്കുവിന്റെ ഇന്നത്തെ ആസ്തി അറിയുമോ?
ഇന്ത്യന്‍ ടീം ഒന്നടങ്കം ഇപ്പോള്‍ ഒരു കൊച്ചുപയ്യന്റെ പ്രകടനം കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ആരാകും ടീമിന്റെ ഫിനിഷര്‍ എന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. മറ്റാരുമല്ല റിങ്കു സിംഗാണ് ആ താരം. ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തില്‍ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ വരെ ഞെട്ടിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനായി റിങ്കു സിംഗ് മാറിയിരിക്കുകയാണ്.
ആദ്യ ടി20യില്‍ അവസാന പന്തില്‍ സിക്‌സറടിച്ചായിരുന്നു റിങ്കു ടീമിനെ വിജയിപ്പിച്ചത്. അതുപോലെ രണ്ടാം ടി20യില്‍ 9 പന്തില്‍ 31 റണ്‍സടിച്ചതോടെ റിങ്കു സൂപ്പര്‍ താരമായിരിക്കുകയാണ്. എന്നാല്‍ വളരെ കഷ്ടപ്പെട്ട ബാല്യം റിങ്കുവിന് പറയാനുണ്ട്. ഇന്ന് റിങ്കുവിന്റെ ആസ്തി അതുപോലെ എത്രയുണ്ടെന്ന് നോക്കാം.തീര്‍ത്തും ബുദ്ധിമുട്ടിയായിരുന്നു റിങ്കുവിന്റെ കരിയര്‍ ആരംഭിച്ചത്.

ജീവിതത്തിലെ പ്രതിസന്ധികള്‍ ഏറെയായിരുന്നു. ഒരു കോച്ചിംഗ് സെന്ററില്‍ സ്വീപ്പറുടെ ജോലിയായിരുന്നു ജീവിതം മുന്നോട്ട് പോകാനായി റിങ്കു ചെയ്തിരുന്നത്. നിത്യ ചെലവിന് പോലും പണമില്ലാത്ത ജീവിതമായിരുന്നു റിങ്കുവിന്റേത്. തന്റെ കടുത്ത ദാരിദ്ര്യം കാരണം ക്രിക്കറ്റ് പോലും ഉപേക്ഷിക്കേണ്ടി വന്നിരുന്നുവെന്നും റിങ്കു നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്റെ സഹോദരന്‍ മുമ്പൊരു കോച്ചിംഗ് സെന്ററില്‍ ജോലി ചെയ്തിരുന്നു.
അവിടെ തനിക്കൊരു ജോലി സഹോദരനാണ് വാങ്ങി തന്നത്. സ്വീപ്പറുടെ ജോലിയായിരുന്നു അത്. അവിടെ നിലം തുടച്ച് വൃത്തിയാക്കുന്നത് അടക്കമായിരുന്നു എനിക്ക് ലഭിച്ചിരുന്ന ജോലി. ആ ജോലിക്കായി ക്രിക്കറ്റ് പോലും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് അമ്മയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ തനിക്ക് സാധിക്കുമെന്ന് അമ്മയെ ബോധ്യപ്പെടുത്തി.
എന്റെ കളി അതുപോലെ മെച്ചപ്പെടുത്തുമെന്നും അമ്മയോട് താന്‍ പറഞ്ഞിരുന്നു. വളരെ തുച്ഛമായ തുകയായിരുന്നു തൂപ്പുകാരനെന്ന നിലയില്‍ തനിക്ക് ലഭിച്ചിരുന്നതെന്നും റിങ്കു വ്യക്തമാക്കി. 2018ലാണ് റിങ്കു സിംഗ് ഐപിഎല്ലില്‍ എത്തുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്നു റിങ്കു കളിച്ചത്. അതോടെ താരത്തിന്റെ തലവര മാറുകയായിരുന്നു. ആറ് വര്‍ഷത്തോളം റിങ്കു സിംഗ് ഇപ്പോള്‍ കെകെആറിന്റെ ഭാഗമാണ്. കോടികളാണ് ഐപിഎല്ലിലൂടെ താരം സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യം കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് 2017ല്‍ റിങ്കുവിനെ സ്വന്തമാക്കിയത്. 10 ലക്ഷമായിരുന്നു അന്നത്തെ തുക. എന്നാല്‍ ഒരു മത്സരം പോലും കളിക്കാനായില്ല. അടുത്ത വര്‍ഷം 80 ലക്ഷത്തിനാണ് റിങ്കുവിനെ കെകെആര്‍ വാങ്ങിയത്. ആ തുകയോട് നീതി പുലര്‍ത്തുന്ന പ്രകടനമായിരുന്നു താരം കാഴ്ച്ച വെച്ചത്.
2021 വരെ 80 ലക്ഷമാണ് താരത്തിന് ലഭിച്ചത്. 2022ല്‍ 55 ലക്ഷത്തിന് റിങ്കുവിനെ ടീം നിലനിര്‍ത്തി. 2023ലും ഇതേ തുക തന്നെയാണ് ലഭിച്ചത്. 4.40 കോടി രൂപയാണ് ഇതുവരെ താരം ഐപിഎല്ലിലൂടെ സമ്പാദിച്ചത്. അതേസമയം റിങ്കുവിന്റെ ഇപ്പോഴത്തെ ആസ്തി 50 കോടി രൂപയാണ്. ഏഴ് കോടി രൂപയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം.












Click it and Unblock the Notifications