തുടക്കക്കാരന്റെ ആവേശമല്ല... റിങ്കു സിംഗിന്റെ ഇതുവരെയുള്ള കരിയര്‍ റെക്കോഡ് കണ്ടോ..!?
പതിനൊന്ന് മത്സരങ്ങള്‍ ഏതൊരു കളിക്കാരനെയും വിലയിരുത്താനുള്ള അളവുകോലല്ല. എന്നാല്‍ റിങ്കു സിംഗ് എന്ന 26 കാരന്റെ കരിയറിനെ കുറിച്ച് പറയുമ്പോള്‍ ഈ 11 മത്സരങ്ങള്‍ അതിശയിപ്പിക്കുന്നതാണ് എന്നതില്‍ തെല്ലും സംശയമില്ല. 2023 ഓഗസ്റ്റില്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെ അന്താരാഷ്ട്ര ടി 20യില്‍ അരങ്ങേറ്റം കുറിച്ച ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഇതിനോടകം 356 റണ്‍സ് നേടിയിട്ടുണ്ട്.
89 ശരാശരിയില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികളോടെ 176.23 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിന് സ്വന്തമായുണ്ട്. 11 ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്തതില്‍ ഏഴ് തവണയും റിങ്കു സിംഗ് നോട്ടൗട്ടായിരുന്നു. ധോണിയും യുവരാജുമെല്ലാം ഒഴിച്ചിട്ട് പോയ ഫിനിഷര്‍ റോളിലേക്ക് റിങ്കു സിംഗ് ആണ് മുന്‍പന്തിയില്‍ എന്ന വിലയിരുത്തലുകളും ഇതിനോടകം തന്നെ പുറത്ത് വരുന്നുണ്ട്.

തന്റെ ആദ്യ ടി20 യില്‍ അയര്‍ലന്‍ഡിനെതിരെ 21 പന്തില്‍ 38 റണ്‍സ് നേടിയ റിങ്കു പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. 2023 ലെ ഏഷ്യന്‍ ഗെയിംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരെ 15 പന്തില്‍ നിന്ന് 37* റണ്‍സ് നേടിയ റിങ്കു ഒരിക്കല്‍ കൂടി തന്റെ കഴിവ് പുറത്തെടുത്തു. എന്നാല്‍ ദുര്‍ബലരായ എതിരാളികളായിരുന്നു അപ്പുറത്ത് എന്ന് പറഞ്ഞ് ചിലരെങ്കിലും റിങ്കുവിന് കൈയടിക്കാന്‍ മടിച്ചു.
അതേസമയം വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്ക്കെതിരെ 209 എന്ന വലിയ ചേസിംഗില്‍ റിങ്കു 14 പന്തില്‍ 22* റണ്‍സ് നേടി വിമര്‍ശകരുടെ വായടപ്പിച്ചു. സൂര്യകുമാര്‍ യാദവ് 42 പന്തില്‍ 80 റണ്‍സ് നേടി പുറത്താകുകയും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും സംയമനം പാലിച്ചുകൊണ്ട് ഇന്ത്യയെ കൈപിടിച്ചത് റിങ്കുവാണ്. കടുത്ത സമ്മര്‍ദത്തിന് കീഴിലും അദ്ദേഹം കൃത്യതയോടെ ബൗണ്ടറികള്‍ കണ്ടെത്തി.
അടുത്ത മത്സരത്തില്‍ ഒമ്പത് പന്തില്‍ 31* റണ്‍സെടുത്ത റിങ്കു ഒരിക്കല്‍ കൂടി തന്റെ വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചു. ഇതുവരെയുള്ള ടി 20 കരിയറില്‍ ഒരു തവണ മാത്രമാണ് റിങ്കു മോശം സ്‌കോറിന് പുറത്തായത്. ദക്ഷിണാഫ്രിക്കയില്‍ 39 പന്തില്‍ 9 ഫോറും രണ്ട് സിക്‌സും പറത്തി 39 പന്തില്‍ 68* റണ്‍സ് നേടി അദ്ദേഹം മികച്ച പ്രകടനം നടത്തി. പേസിനും സ്പിന്നിനും എതിരെ ഇഷ്ടാനുസരണം ബൗണ്ടറികള്‍ കണ്ടെത്താന്‍ സാധിക്കുന്നു എന്നതാണ് റിങ്കുവിന്റെ സവിശേഷത.
നേരത്തെ സൂചിപ്പിച്ചതുപോലെ റിങ്കുവിന്റെ ടി 20 കരിയറിലെ വളരെ ആദ്യ ദിവസങ്ങളാണിവ. ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ തന്നെ ഐപിഎല്ലില്‍ കൂടി റിങ്കു തന്റെ ഹിറ്റിംഗ് പാടവം പുറത്തെടുത്താല്‍ ലോകകപ്പ് ടീമില്‍ റിങ്കു ഉറപ്പായും സ്ഥാനം പിടിക്കും.












Click it and Unblock the Notifications