ഒരൊറ്റ സീസണില്‍ തലവര മാറ്റി റിയാന്‍ പരാഗ്; ഐപിഎല്ലില്‍ കിട്ടുന്ന ശമ്പളം കേട്ടോ..?
ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ അര്‍ധ സെഞ്ച്വറിയോടെ ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ സാക്ഷാല്‍ വിരാട് കോലിയെ പിന്നിലാക്കി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ്. മൂന്ന് കളിയിലും രാജസ്ഥാന് വേണ്ടി മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഈ 22 കാരന് സാധിച്ചിരുന്നു. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 29 പന്തില്‍ ഒരു ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 43 റണ്‍സ് നേടി.
രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി കണ്ടെത്തിയ റിയാന്‍ പരാഗ്, ഇന്നലെ മുംബൈയ്‌ക്കെതിരേയും ആ മികവ് കാണിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 45 പന്തില്‍ 84* റണ്‍സ് നേടിയ റിയാന്‍ പരാഗ് മുംബൈയ്‌ക്കെതിരെ 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും അടക്കം 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ മൂന്ന് കളിയില്‍ നിന്ന് 181 റണ്‍സായി പരാഗിന്.

കോലിക്കും 181 റണ്‍സുണ്ടെങ്കിലും മികച്ച സ്‌ട്രൈക്കിന്റെ ബലത്തിലാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താന്‍ റിയാന്‍ പരാഗിന് സാധിച്ചത്. മുന്‍ സീസണുകളിലെല്ലാം മോശം പ്രകടനത്തിന്റെ പേരില്‍ പഴി കേട്ട റിയാന്‍ പരാഗ് ഇത്തവണ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. അതേസമയം പ്രകടനം മോശമാണെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ആസ്തിയില്‍ വര്‍ധനവ് വരുത്താന്‍ താരത്തിന് സാധിച്ചിരുന്നു.
ക്രിക്കറ്റ് തന്നെയാണ് താരത്തിന്റെ വരുമാന മാര്‍ഗം. അതില്‍ തന്നെ ഐപിഎല്ലില്‍ ആണ് റിയാന്‍ പരാഗ് ഏറെ സമ്പാദിക്കുന്നത്. 2019 ല്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സില്‍ എത്തുന്നത്. 2021 ലെ സീസണ്‍ വരെ അതേ വിലക്ക് രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗിനെ നിലനിര്‍ത്തി പോന്നു. 2022 സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി അദ്ദേഹത്തെ വിട്ടയച്ചു.
എന്നാല്‍ ലേലത്തില്‍ 3.80 കോടി രൂപ മുടക്കി രാജസ്ഥാന്‍ റോയല്‍സ് തന്നെ താരത്തെ തിരികെ വിളിച്ചു. രാജസ്ഥാന്‍ റോയല്‍സുമായുള്ള കരാറിന്റെ ഭാഗമായി അദ്ദേഹം വലിയ തുക സമ്പാദിക്കുന്നു. 4.75 കോടി രൂപയാണ് റിയാന്‍ പരാഗിന്റെ നിലവിലെ ആസ്തി. 15 ലക്ഷം രൂപ വില വരുന്ന ഒരു ഹോണ്ട സിറ്റി കാറും റിയാന്‍ പരാഗിന് സ്വന്തമായുണ്ട്. റെഡ് ബുള്‍, റൂട്ടര്‍ തുടങ്ങിയ ബ്രാന്‍ഡുകളുമായും താരം സഹകരിക്കുന്നുണ്ട്.












Click it and Unblock the Notifications