രോഹിത്തും വിരാടും ടി20യില്‍ ഇല്ല, ഇനി കളിക്കില്ലേ? ആദ്യമായി തുറന്ന് പറഞ്ഞ് ബിസിസിഐ
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍ പ്രതീക്ഷിച്ചത് പോലെ രോഹിത് ശര്‍മയും വിരാട് കോലിയുമില്ല. ഇരുവരും ഇനി ടി20 ഏകദിന മത്സരങ്ങള്‍ കളിക്കില്ലേ? ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ആരാധകരെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കുന്നത് ഇക്കാര്യമാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ഇനി തിരിച്ചുവരവില്ലെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇന്ത്യന്‍ ടീമിന്റെ അടുത്ത ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയും, കെഎല്‍ രാഹുലുമെല്ലാം വരുമെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ട് വിരാട് കോലിയും, രോഹിത് ശര്‍മയും ടീമില്‍ ഇല്ല എന്ന കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രോഹിത്, വിരാട്, രാഹുല്‍, ബുംറ എന്നിവര്‍ കളിക്കുന്നില്ല. അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ വളരെ ഗൗരവത്തോടെയാണ് ബിസിസിഐ കാണുന്നത്.

എന്നാല്‍ രോഹിത്തിനും, കോലിക്കും ബിസിസിഐ പരിമിത ഓവര്‍ മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുകയായിരുന്നു ബിസിസിഐ. ഏകദിന, ടി20, ടെസ്റ്റ് പരമ്പരകളാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ കളിക്കുന്നത്. കോലിയും രോഹിത്തും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും, അതുകൊണ്ട് അവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ബിസിസിഐ പ്രതികരിച്ചത്. ഇതോടെ ഇരുവരും മടങ്ങി വരുന്നത് വൈകുമെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്.
ടെസ്റ്റ് മത്സരങ്ങളില്‍ ഇവര്‍ കളിക്കാനാണ് സാധ്യത.അതേസമയം മുഹമ്മദ് ഷമി ചികിത്സയിലാണെന്നും, ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ടാണ് വിശ്രമം അനുവദിച്ചതെന്നും ബിസിസിഐ വെളിപ്പെടുത്തി. ഓസീസിനെതിരെ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിന് വിജയം സമ്മാനിക്കാനും സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു.
ടി20യില്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തിലാണ് സൂര്യ ടീമിനെ നയിക്കുക. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന മത്സരത്തില്‍ ഇന്ത്യയെ നയിക്കുക കെഎല്‍ രാഹുലാണ്. ലോകകപ്പിന് ശേഷം രാഹുല്‍ കളിക്കുന്ന ആദ്യ പരമ്പരയാണിത്. രോഹിത്തിന്റെ അഭാവത്തിലാണ് ടീമിനെ രാഹുല്‍ നയിക്കുക.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കരുത്തോടെ തന്നെയാണ് ഇന്ത്യ ഇറങ്ങുക. ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ ടീമില്‍ മടങ്ങിയെത്തും. അതുപോലെ കോലിയും ടീമിലുണ്ടാവും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുണ്ടാവുക. ഡിസംബര്‍ പത്തിനാണ് ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് തുടക്കമാവുക.
ഡിസംബര്‍ പതിനേഴിന് ജൊഹന്നാസ്ബര്‍ഗിലാണ് ഏകദിന പരമ്പര ആരംഭിക്കുക. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ കളിക്കാനിറങ്ങാത്തതിനാല്‍ ആശങ്ക ആരാധകര്‍ക്കുണ്ട്. ഇരുവരും ലോകകപ്പിനുണ്ടാവുമോ എന്നാണ് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്.












Click it and Unblock the Notifications