ഫിഫ ലോകകപ്പിന് ആതിഥേയരാവാന്‍ സൗദി അറേബ്യ, ആ രാജ്യം പിന്‍മാറി, സംഭവിച്ചത് ഇങ്ങനെ
റിയാദ്: 2034ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാവാന്‍ സൗദി അറേബ്യ. കടുത്ത മത്സരവുമായി മുന്നിലുണ്ടായിരുന്ന ഓസ്‌ട്രേലിയ ബിഡില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ഇതോടെയാണ് സൗദിയുടെ സാധ്യതകള്‍ ശക്തമായത്. ഒക്ടോബര്‍ 31നാണ് ഫുട്‌ബോള്‍ ഓസ്‌ട്രേലിയ ആതിഥേയരാവാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിന് പുറമേ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ശക്തമായ പിന്തുണയും സൗദി അറേബ്യക്ക് ലഭിച്ചിരുന്നു.
ലോകകപ്പ് ആതിഥേയത്വം സൗദിക്ക് ലഭിക്കാനുള്ള സാധ്യത ഇതോടെ ശക്തമായിരിക്കുകയാണ്. അതേസമയം ഇത് യാഥാര്‍ഥ്യമായാല്‍ ഖത്തറിന് ശേഷം മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് ലോകകപ്പ് ആതിഥേയത്വം എത്തുന്ന കാഴ്ച്ച കൂടി കാണാനാവും. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനായുള്ള അവസരത്തിനായി ഞങ്ങള്‍ ശ്രമിച്ച് നോക്കി. എല്ലാ ഘടകങ്ങളും പരിശോധിച്ചപ്പോള്‍, അതുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ അറിയിച്ചു.

ലോകകപ്പിന്റെ ആതിഥേയത്വം ഏഷ്യ-ഓഷ്യാനിക് മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫിഫ നേരത്തെ ആരംഭിച്ചിരുന്നു. ഫുട്‌ബോളിനെ കൂടുതല്‍ ജനപ്രിയമാക്കാനാണ് ഇത്തരം രാജ്യങ്ങളിലേക്ക് ആതിഥേയത്വം നീട്ടുന്നത്. 2030ലെ ലോകകപ്പിനായി മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് ആതിഥേയ്വം വഹിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതേ മോഡലില്‍ തന്നെ 2034ലെ ലോകകപ്പും നടത്താനായിരുന്നു ഫിഫ തീരുമാനിച്ചത്.
ഇന്തോനേഷ്യയും ഓസ്‌ട്രേലിയയും സംയുക്തമായി ലോകകപ്പ് നടത്താമെന്നായിരുന്നു തീരുമാനം. ഇന്തോനേഷ്യ പക്ഷേ സൗദി അറേബ്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം ആഗോള തലത്തില്‍ കായിക പവര്‍ഹൗസായി മാറുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്. ലോകത്തുള്ള നിരവധി മികവുറ്റ താരങ്ങളെ സൗദി ലീഗില്‍ എത്തിക്കാനും നേരത്തെ അവര്‍ക്ക് സാധിച്ചിരുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോലുള്ള വമ്പന്‍ താരങ്ങളാണ് സൗദി ലീഗില്‍ കളിക്കുന്നത്. ലോകത്തുള്ള ഏത് ഫുട്‌ബോള്‍ ലീഗിനോടും കിടപിടിക്കുന്ന മത്സരങ്ങളാണ് സൗദി ലീഗിലും നടക്കുന്നുണ്ട്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതോടെ ലോകത്തുള്ള എല്ലാ ഫുട്‌ബോള്‍ പ്രേമികളുടെയും ശ്രദ്ധ സൗദിയിലേക്ക് നീളും. ഇത് കായിക മേഖലയ്ക്ക് വലിയ വളര്‍ച്ച തന്നെ സൗദിക്ക് സമ്മാനിക്കും.
അതേസമയം ഓസ്‌ട്രേലിയ മറ്റ് കായിക ഇവന്റുകള്‍ക്ക് ആതിഥേയരാവാനാണ് ശ്രമിക്കുന്നത്. 2026ലെ വനിതാ ഏഷ്യന്‍ കപ്പ്, 2029ലെ ഫിഫ ക്ലബ് ലോകകപ്പ് എന്നിവയാണ് ഓസ്‌ട്രേലിയ ആതിഥേയരാവാന്‍ വേണ്ടി ശ്രമിക്കുന്ന ടൂര്‍ണമെന്റുകള്‍. ഈ വര്‍ഷം നടക്കുന്ന വനിതാ ലോകകപ്പ് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ചേര്‍ന്നാണ് ആതിഥേയത്വം വഹിച്ചത്.ഇത് വന്‍ വിജയമായിരുന്നു. 2032ലെ ഒളിംപിക് ഗെയിംസിനും ഓസ്‌ട്രേലിയ ആതിഥേയരാവും. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു ലോകകപ്പിന് ആതിഥേയരാവേണ്ട എന്നായിരുന്നു ഓസ്‌ട്രേലിയയുടെ തീരുമാനം. ഇതാണ് സൗദിക്ക് കൂടുതല്‍ ഗുണകരമായി വന്നിരിക്കുന്നത്.












Click it and Unblock the Notifications