ശ്രീലങ്കയെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി; അമ്പരന്ന് ക്രിക്കറ്റ് ലോകം, കാരണമിത്...
ദുബായ്: ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അംഗത്വം ഐസിസി സസ്‌പെന്‍ഡ് ചെയ്തു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അടിയന്തര പ്രാബല്യത്തോടെ ആണ് അംഗത്വം ഐ സി സി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്റെ വ്യവസ്ഥകള്‍ ഐ സി സി ബോര്‍ഡ് യഥാസമയം തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
വാര്‍ത്താകുറിപ്പിലൂടെയാണ് ഐ സി സി ഇക്കാര്യം അറിയിച്ചത്. ഐ സി സി ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ഒരു അംഗം എന്ന നിലയിലുള്ള അതിന്റെ കടമകള്‍ പ്രത്യേകിച്ച് അതിന്റെ കാര്യങ്ങള്‍ സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെയും ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലും ഗുരുതരമായ ലംഘനമാണ് നടത്തിയത് എന്ന് ഐ സി സി നിരീക്ഷിച്ചു.

നേരത്തെ ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പിന്നാലെ 1996 ലോകകപ്പ് ജേതാവായ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയെ തലവനായി ഒരു ഇടക്കാല കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നു. പിന്നീട്, ശ്രീലങ്കയിലെ അപ്പീല്‍ കോടതി ഈ തീരുമാനം അസാധുവാക്കി. പൂര്‍ണ്ണമായ വാദം കേള്‍ക്കുന്നതുവരെ എല്ലാ ഉദ്യോഗസ്ഥരെയും കോടതി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് ഐ സി സിയുടെ കടുത്ത നടപടി വന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. 2023 ലെ ഐസിസി ലോകകപ്പില്‍ 9 ലീഗ് മത്സരങ്ങളില്‍ 2 മത്സരങ്ങളില്‍ മാത്രമാണ് ശ്രീലങ്ക വിജയിച്ചത്. നിലവില്‍ ലോകകപ്പ് പോയിന്റ് പട്ടികയില്‍ 9-ാം സ്ഥാനത്താണ് ശ്രീലങ്ക.
ലോകകപ്പിലും ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യയോട് ടീം സ്‌കോര്‍ രണ്ടക്കം പോലും തികക്കാനാകാതെ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കായിക മന്ത്രി റോഷന്‍ രണസിംഗ മുഴുവന്‍ ബോര്‍ഡിനെയും പുറത്താക്കിയത്.
സര്‍ക്കാരിന്റെ ഓഡിറ്റര്‍ ജനറല്‍, മോശം ഭരണം, അഴിമതി, ഉദ്യോഗസ്ഥരുടെ ഫണ്ട് ദുരുപയോഗം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടത്. ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, എസ്എല്‍സി ഫണ്ടുകളുടെ അമിത ഉപയോഗം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ സഹിതമായിരുന്നു ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.
പ്രസിഡന്റ് ഷമ്മി സില്‍വയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തല്‍ക്കാലം ഭരണഘടനാപരമായി നിലനില്‍ക്കുമെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. ടൂര്‍ണമെന്റ് കാണാന്‍ ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 അംഗങ്ങള്‍, എസ്എല്‍സിയുമായി ബന്ധമുള്ളവരായി കണക്കാക്കപ്പെടുന്ന 9 അംഗങ്ങള്‍, എസ്എല്‍സിക്ക് പുറത്തുള്ള 36 പേര്‍ എന്നിവരുള്‍പ്പെടെ 56 പേര്‍ക്ക് വിസ വാങ്ങുന്നതിനായി ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷനിലേക്ക് അപേക്ഷ അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications