പാക് ടീമിനെ പരിഹസിച്ച് അക്തർ: കുട്ടികളെപ്പോലെ തോറ്റു, കപ്പ് സാധ്യത ഇന്ത്യക്ക് തന്നെ, പക്ഷെ
ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയെന്ന എക്കാലത്തേയും വലിയ മോഹം സാക്ഷാത്കരിക്കാതെയാണ് ശനിയാഴ്ചത്തെ ഇന്ത്യ-പാക് മത്സരവും അവസാനിച്ചത്. മുന്നൂറിന് മുകളിലേക്ക് കുതിക്കുമെന്ന വിചാരിച്ച പാക് ബാറ്റിങ് നിരയെ ഇരുന്നൂറ് കടക്കാതെ പിടിച്ച് കെട്ടിയ ഇന്ത്യന്‍ ബോളർമാർ ബാറ്റ്സ്മാന്‍മാരുടെ പണി എളുപ്പമാക്കി. 63 പന്തിൽ 86 റണ്‍സ് എടുത്ത് ക്യാപ്റ്റന്‍ രോഹിത്ത് തന്നെ ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായി.
മറുവശത്ത് പാക് ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തില്‍ ഷൊയ്ബ് അക്തർ അടക്കമുള്ള മുന്‍ താരങ്ങള്‍ വരെ വലിയ വിമർശനമാണ് നടത്തുന്നത്. കുട്ടികളെയെന്നപോലെ ഇന്ത്യ പാകിസ്താന്‍ ടീമിനെ തോല്‍പ്പിച്ചുവെന്നാണ് ഷുഹൈബ് അക്തർ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ നിരയില്‍ രോഹിത് ശർമ്മയെ പ്രത്യേകം അഭിനന്ദിക്കാനും ഷൊയ്ബ് മറന്നില്ല. തന്റെ മികച്ച പ്രകടനത്തിലൂടെ അദ്ദേഹം മത്സരത്തെ പൂർണ്ണമായും ഏകപക്ഷീയമാക്കിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

"നിരാശജനകമായ പ്രകടനം, വളരെ നിരാശാജനകമായ പ്രകടനം. ഇന്ത്യ പാക്കിസ്ഥാനെ പൂർണ്ണമായും തകർത്തു. രോഹിത് ശർമ്മ ഒരു ഒറ്റയാൾ പട്ടാളമായിരുന്നു... അവൻ വളരെ വലിയ കളിക്കാരനാണ്, കൂടാതെ വിശാലമായ ഷോട്ടുകളും ഉണ്ട്. അവൻ ഒരു സമ്പൂർണ്ണ ബാറ്ററാണ്. ഇന്ത്യ ഒരു സമ്പൂർണ്ണ ടീം," അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. "രോഹിത് കളിച്ച തരത്തിലുള്ള ഇന്നിംഗ്‌സ് പാകിസ്ഥാന്റെ ബൗളിംഗ് നിരയെ അപമാനിക്കുന്ന രീതിയിലുള്ളതയിരുന്നു." അക്തർ കൂട്ടിച്ചേർത്തു.
രോഹിത് നയിക്കുന്ന ഇന്ത്യന്‍ ടീമിനെ വീണ്ടും ചരിത്രം കാത്തിരിക്കുകയാണെന്ന് അക്തർ കരുതുന്നു. "ഇന്ത്യ 2011 ലോകകപ്പിന്റെ ചരിത്രം ആവർത്തിക്കാൻ പോവുകയാണെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. സെമിയിൽ മണ്ടത്തരം കാണിച്ചില്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള സാധ്യത ഏറെയാണ്. അഭിനന്ദനങ്ങൾ, ഇന്ത്യ. നിങ്ങൾ ഒരു മികച്ച ജോലി ചെയ്തു. നിങ്ങൾ ഞങ്ങളെ തകർത്തു, ശരിക്കും നിരാശപ്പെടുത്തി" അക്തർ പറയുന്നു.
അതേസമയം, അക്തറിന്റെ പരിഹാസത്തോടെയുള്ള ട്വീറ്റിന് സച്ചിന്‍ നല്‍കിയ മറുപടി കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇന്നലെ ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്‍പ് അക്തര്‍ പങ്ക് വെച്ച ഒരു ട്വീറ്റും അതിലെ ഫോട്ടോയിലുമാണ് സംഭവത്തിന്റെ തുടക്കം. 'നാളെ ഇതുപോലെ എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കില്‍ കൂളായി ഇരിക്കണം' എന്ന് പറഞ്ഞ് കൊണ്ട് സച്ചിന്റെ വിക്കറ്റെടുത്ത ശേഷം തറയില്‍ മുട്ടുകുത്തിയിരുന്ന് ആഘോഷിക്കുന്ന തന്റെ ചിത്രമാണ് ഷൊയ്ബ് അക്തര്‍ പോസ്റ്റ് ചെയ്തിരുന്നത്.
ഷൊയ്ബ് അക്തറിന് മറുപടിയെന്നോണം 'സുഹൃത്തേ നിങ്ങളുടെ ഉപദേശം അതേപടി പാലിച്ചു..! എല്ലാം കൂള്‍ ആയി തന്നെ തീര്‍ത്തിട്ടുണ്ട്' എന്നായിരുന്നു മത്സരശേഷം സച്ചിന്‍ മറുപടി നല്‍കിയത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ സച്ചിന്റെ മറുപടി വൈറലായി മാറുകയായിരുന്നു.












Click it and Unblock the Notifications