അമ്പമ്പോ.. എന്തൊരു പടുകൂറ്റന്‍ സിക്സ്: അമ്പരന്ന് രോഹിത്തും, റെക്കോർഡും കുറിച്ച് ശുഭ്മാന്‍ ഗില്‍
ഐ സി സി ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിത് കുതിപ്പ് തുടരുകയാണ് ഇന്ത്യ. എട്ട് കളികളില്‍ നിന്നായി 16 പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഒമ്പതാം വിജയം തേടി ഇന്ന് നെതർലെന്‍ഡിനെതിരെ പോരാടുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയും ശുഭ്മാന്‍ ഗില്ലും നല്‍കിയിരിക്കുന്നത്.
രോഹിത് ശർമ്മ 61 റണ്‍സിനും ശുഭ്മാന്‍ ഗില്‍ 51 റണ്‍സിനും പുറത്തായപ്പോള്‍ പിന്നാലെ എത്തിയ കോഹ്ലിയും അർധശതകം തികച്ചതിന് ശേഷമാണ് പുറത്തായത്. 32 ബോളിലാണ് ഗില്‍ അർധശതകം പൂർത്തിയാക്കിയത്. മൂന്ന് ഫോറുകളുടേയും നാല് സിക്സറുകളുടേയും അകമ്പടിയോടെയായിരുന്നു ശുഭ്മാന്‍ ഗില്‍ തന്റെ 12-ാം അർധശതകം പൂർത്തിയാക്കിയത്.

ഗില്‍ അടിച്ച് പറത്തിയ ഒരു സിക്സ് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ തട്ടിയപ്പോൾ നോൺ-സ്ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന രോഹിത് ശർമ്മ പോലും ഞെട്ടിപ്പോയി. മൂന്നാം ഓവറിലെ അവസാന പന്തിൽ നെതർലൻഡ്‌സിന്റെ ആര്യൻ ദത്തിനെതിരെയായിട്ടായിരുന്നു ഗില്ലിന്റെ പടുകൂറ്റന്‍ സിക്സ്. സിക്സ് പറത്തിയതിന് ശേഷം ഇരുവരും പരസ്പരം മുഖത്ത് നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡും ഗില്‍ നേടി. രോഹിത് ശർമ്മയും നേരത്തെ 30 ബോളില്‍ അർധശകതം പൂർത്തിയാക്കിയിട്ടുണ്ട്. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ അർധശകതകമെന്ന ഓള്‍ടൈം റെക്കോര്‍ഡ് നിലവില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 26 ബോളിലാണ് അദ്ദേഹം അർധശതകം തികച്ചത്.
മാറ്റമില്ലാത്ത ഇലവനെയാണ് ഇരു ടീമുകളും മത്സരത്തിനായി ഇറക്കിയത്. എട്ട് മത്സരങ്ങളില്‍ ആറ് എണ്ണവും തോറ്റ നെതർലന്‍ഡ് ഇതിനോടകം തന്നെ സെമിഫൈനല്‍ സാധ്യതകളില്‍ നിന്നും പുറത്താണ്. അതേസമയം, " ഞങ്ങൾ ആദ്യം ബാറ്റ് ചെയ്താലും ആദ്യം ബൗൾ ചെയ്താലും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവക്കും. ഇന്ന് നന്നായി കളിക്കാനും എല്ലാ ബോക്സുകളും ടിക്ക് ചെയ്യാനും മറ്റൊരു അവസരം. അങ്ങേയറ്റം സന്തോഷമുണ്ട്. ഈ ടൂർണമെന്റിൽ ഞങ്ങൾ മികച്ച രീതിയില്‍ കളിച്ചു. വ്യത്യസ്ത സമയങ്ങളിൽ തങ്ങളുടെ റോളുകള്‍ ഒരോരുത്തരും മികവുറ്റതാക്കി. ഞങ്ങൾക്ക് ഇന്നും അതേ ടീമാണ്." ടോസ് നേടിയതിന് പിന്നാലെ രോഹിത് ശർമ്മ പറഞ്ഞു.
" ടോസ് ലഭിച്ചാല്‍ ഞങ്ങളും ബാറ്റ് ചെയ്യുമായിരുന്നു. നല്ല വിക്കറ്റ് പോലെ തോന്നുന്നു, പക്ഷേ ചേസിങ്ങിനും നല്ല ഗ്രൗണ്ടാണ്. മൊത്തത്തിൽ ഞങ്ങൾ വളരെ മികച്ച ടീമാണ്, ഞങ്ങൾ പുറത്തായ മത്സരങ്ങളുണ്ട്. രണ്ട് വിജയങ്ങൾ ഞങ്ങൾ ഇതുവരെ നേടി. ഈ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ നോക്കുന്നു. ഇന്ത്യ മികച്ച ടീമാണ്. അതുപോലെ ഞങ്ങളും പരമാവധി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കും." നെതർലൻഡ്‌സ് ക്യാപ്റ്റൻ സ്‌കോട്ട് എഡ്‌വേർഡും ടോസിന് പിന്നാലെ പറഞ്ഞു.












Click it and Unblock the Notifications