കാൽപന്തിന്റെ ലോകം കീഴടക്കിയ സ്‌പെയിൻ; ഫെയർപ്ലേ മറന്ന അർജന്റീന, ഇതല്ല ഫുട്‍ബോൾ, ഇതല്ല ഫൈനൽ!

ഒരു ലോകകപ്പ് കൂടി കഴിഞ്ഞു. യൂറോപ്പിന്റെ കിരീടവും ഒളിമ്പിക് സ്വർണവും നേടിയതിന് പിന്നാലെ ലോകകിരീടം കൂടി സ്പെയിൻ ചാമ്പ്യൻമാരുടെ പട്ടികയിൽ രണ്ടാമതും പേര് എഴുതിച്ചേർത്തു. ഒരേ സമയം പുരുഷകിരീടവും വനിതാകിരീടവും നേടുന്ന ആദ്യത്തെ രാജ്യമായി. 38മത്സരങ്ങളായി സ്പെയിൻ തോൽവി അറിയാതെ മുന്നേറുന്നു. കളിച്ച എട്ട് മത്സരങ്ങളിൽ വഴങ്ങിയത് ഒരേ ഒരു ​ഗോൾ. മധ്യനിരയുടെ ഹൃദയവും ടീമിന്റെ നായകനുമായ റോഡ്രി മികച്ച താരമായി. മികച്ച ​ഗോൾ കീപ്പറായി ഉനായി സിമോൻ. മികച്ച യുവതാരമായി പ്രതിരോധനിരയുടെ കൗമാരത്തിളക്കം കുബാർസി മികച്ച യുവതാരമായി. ലമീൻ യമാൽ ലോകപ്പ് ഫൈനൽ കളിക്കുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിൽ അഞ്ചാമനായി. ലൂയി ഫുവന്തെ ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്ന ഏറ്റവും പ്രായം കൂടിയ കോച്ചായി.

ഫുട്ബോളിന്റെ മിശിഹക്ക് രണ്ടാം കിരീടത്തോടെ യാത്രയയപ്പ് നൽകാൻ കഴിയാത്തതിൽ അർജന്റീന ടീമും ആ നാടും എന്തിന് ഫുട്ബോൾ പ്രേമികളാകെയും വിഷമിച്ചു. പക്ഷേ മെസ്സിയുടെ കണ്ണീര് കണ്ട ദുഃഖിച്ച ആരാധകമനസ്സുകളിലും ഫൈനലിൽ ജയം അർഹിച്ചിരുന്നത് സ്പെയിൻ തന്നെ ആയിരുന്നു. അർജന്റീനയുടെ നിരയിൽ അസ്സലായി കളിച്ചത് ഒരേ ഒരാൾ ആയിരുന്നു. ​ഗോൾവലയം കാത്ത എമിലിയാനോ മാർട്ടിനെസ്. പതിനൊന്ന് സേവുകളാണ് എമി നടത്തിയത്. കളിയുടെ നിശ്ചിത സമയത്ത് ​ഗോൾ പോസ്റ്റിലേക്ക് നല്ല ഒരു ഷോട്ട് പോലും ഉതിർക്കാനാകാതെ അർജന്റീനയെ സ്പെയിൻ പൂട്ടിയിട്ടു. സാക്ഷാൽ മെസ്സിക്ക് പോലും അനങ്ങാൻ പറ്റിയില്ല. ആ മഹാപ്രതിഭക്ക് തന്റെ സ്വതസിദ്ധമായ മാജിക്കുള്ള ഒരു ഷോട്ടിന് ശ്രമിക്കാൻ പോലും കഴിഞ്ഞത് അധികസമയത്തിന്റെ അവസാനഭാ​ഗത്ത്.

football

അർജന്റീന പക്ഷേ തോറ്റുപോയത് ഫെറാൻ ടോറസ് നേടിയ ഒരു ​ഗോളിന്റെ മുന്നിലല്ല എന്നതാണ് സത്യം. തോറ്റുപോകുന്നവർ പുതിയ ചരിത്രമെഴുതിയും കൂടുതൽ ആരാധകരെ ഉണ്ടാക്കിയും തലയുയർത്തി പോകുന്നത് ഈ ലോകകപ്പിലും നമ്മൾ കണ്ട യാഥാർത്ഥ്യം. പക്ഷേ മൈതനത്ത് കളിയുടെ സമയത്തും ശേഷവും അർജന്റീന കളിക്കാർ ചെയ്ത ചില പ്രവർത്തികൾ ആ രാജ്യത്തിന്റെ ​ഗരിമക്ക് ചേർന്നതായിരുന്നോ? അല്ല എന്ന് ഉത്തരം. അതുകൊണ്ടാണ് അർജന്റീനയുടെ തോൽവി ഒരു ​ഗോളിന്റെ പേരിൽ അല്ലാതാകുന്നത്.

അൾജീരിയ ക്യാപ്റ്റന് കാലിൽ മെസ്സി ചവിട്ടിയത് കാണാതെ പോയത്, ഈജിപ്തിന്റെ ഒന്നാന്തരം ​ഗോൾ അനുവദിക്കാതിരുന്നത്. വാർ തീരുമാനങ്ങളിൽ ഒന്ന് പോലും അ‌ർജന്റീനക്ക് എതിരാകാതിരുന്നത്, വേണമെങ്കിൽ ഒഴിവാക്കാമായിരുന്നിട്ടും സ്വിറ്റ്ലർലൻഡ് താരം എംബോളക്ക് റെഡ് കാർട്ട് കിട്ടിയത്, ഇം​ഗ്ലണ്ടിന് എതിരെയുള്ള മത്സരത്തിൽ പല ഫൗളുകളും കാണാതെ പോയത്..അങ്ങനെ പതിവില്ലാത്ത വിധം പരാതികളുടെയും വിമർശനങ്ങളുടെയും ആക്ഷേപങ്ങളുടെയും നിഴൽ അർജന്റീന ടീമിനെ പിന്തുടരുന്നുണ്ടായിരുന്നു ഇത്തവണ.

അർജന്റീനക്കാരുടെ ഫൗളുകൾ അവ​ഗണിക്കപ്പെടുകയോ ലളിതവത്കരിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന ആക്ഷേപം വെറുതെയല്ലെന്ന് വിമർശകരെ കൊണ്ട് പറയിപ്പിക്കും വിധമാണ് ഫൈനലിൽ അർജന്റീന കളിച്ചത്. എൻസോ ഫെർണാണ്ടസിന് രണ്ടാംമഞ്ഞക്കാർഡ് കിട്ടിയ ഫൗൾ ഉദാഹരണം. കുബാർസി ആകാശത്ത് കരണം മറിഞ്ഞാണ് വീണത്. എന്നിട്ടും കളിക്കാർ തർക്കിക്കുകയാണ് ചെയ്തത്. വായിൽ മുറിവ് പറ്റിയെന്ന് പറയാൻ വന്ന കുക്കുറാസി വാ മൂടി വർത്തമാനം പറഞ്ഞെന്ന് കാട്ടി റഫറിയോട് പരാതിപ്പെടാൻ പോയത് കുറച്ച് കടുത്തുപോയെന്ന് ആരും പറയുകയും ചെയ്യും. മെസ്സിയെ പോലെ ലോകപരിചയമുള്ള, തലപ്പൊക്കമുള്ള ഒരു താരം കൂടി അതിൽ പങ്കുചേർന്നതാണ് കഷ്ടം.

തീർന്നില്ല. ഓരോ മത്സരം കഴിയുമ്പോഴും എതിർടീമിന്റെ താരങ്ങളെ കളിയാക്കുക അർജന്റീന സ്ഥിരം ചെയ്യാറുണ്ട്. ഈജിപ്ത് ടീമിനെ പ്രകോപിപ്പിക്കാൻ ഇസ്രായേലിന്റെ പതാക ഉയർത്തിക്കാണിക്കുകയും അവരുടെ ആരാധകരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തത് ലോകം കണ്ടതാണ്. അത്യന്തം ആവേശം മുറ്റി നിന്ന സെമിക്കൊടുവിൽ ഇം​ഗ്ലണ്ടിന് എതിരെ നേടിയ വിജയത്തിന്റെ മുഴുവൻ ശോഭ കെടുത്തുംവിധം വാലെന്റെൻ ബാർക്കോ ജൂഡ് ബെല്ലിങ്ഹാമിനെ പരിഹസിച്ചതും ജൂഡ് തലക്ക് കൊട്ടുകൊടുക്കുന്നതും ലോകം കണ്ടു. അതിനെയെല്ലാം കവച്ചുവെക്കുന്ന കാഴ്ചയാണ് ഫൈനലിന് ശേഷം കണ്ടത്.

കളിയുടെ സമയത്ത് പന്തിന്റെ കയ്യടക്കം കിട്ടാത്തതിന്റെ ചൊരുക്ക് പരുക്കൻ കളിയെടുത്ത് കാണിച്ചു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോഴോ, തോൽവിയുടെ ചൊരുക്ക്. ക്യാപ്റ്റൻ റോഡ്രിയോട് ഒട്ടാമെൻഡി എന്തോ പറഞ്ഞ് തടയുന്നു. ക്യാപ്റ്റനെ രക്ഷിക്കാൻ എറിക് ​ഗാർസിയ എത്തുന്നു. എവിടെ നിന്നോ ഓടിയെത്തുന്ന പരേഡസ് ​ഗാർസിയയുടെ കഴുത്തിൽ കുത്തിപ്പിടിക്കുന്നു. തടസ്സം പിടിക്കാൻ വന്ന ​ഗാവിയെ നിലത്തേക്ക് വലിച്ചിടുന്നു. മറ്റുള്ളവർ ഓടിയെത്തി തടയുകയും പിടിച്ചുമാറ്റുകയും ചെയ്തില്ലായിരുന്നുവെങ്കിൽ ആകെ മൊത്തം അടിയായേനെ. എന്തിനായിരുന്നു അത്? സ്പെയിൻ കിരീടം ഏറ്റുവാങ്ങുമ്പോൾ കാണിക്കേണ്ട മര്യാദ ഇല്ലാതെ അ‌ർജന്റീന ടീം മൊത്തം മാറിനിന്നത് ഏത് കായികമര്യാദയായിരുന്നു?

തോൽവിയിൽ കാണിക്കുന്ന അന്തസ്സ് ഒരു ടീമിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് ആണ് വ്യക്തമാക്കുക. ടീം എന്ന നിലക്കുള്ള അന്തസ്സും. അതിലാണ് ശരിക്ക് പറഞ്ഞാൽ അർജന്റീന തോറ്റത്. മെസ്സിക്ക് യാത്രയയപ്പ് നൽകാൻ പരാജയപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+