'എന്തോ ഒരു പ്രശ്‌നമുണ്ട്..'; പത്ത് വര്‍ഷമായിട്ടും ഇന്ത്യ ഐസിസി കിരീടം നേടാത്തതില്‍ വെങ്കടേഷ് പ്രസാദ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി ഐ സി സി ടൂര്‍ണമെന്റുകളില്‍ പരാജയപ്പെടുന്നതില്‍ 'സംശയം' ഉന്നയിച്ച് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. കഴിഞ്ഞ 10 വര്‍ഷമായി ഐ സി സി ടൂര്‍ണമെന്റുകളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇതില്‍ എന്തോ പന്തികേടുണ്ട് എന്നാണ് വെങ്കടേഷ് പ്രസാദ് പറയുന്നത്. എക്‌സില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ അവസാനമായി ഐ സി സി ട്രോഫി നേടിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി, ഇന്ത്യന്‍ ടീമാണോ 'ലോക ക്രിക്കറ്റിലെ പുതിയ ചോക്കറുകള്‍' എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വെങ്കടേഷ് പ്രസാദ്. ഇന്ത്യയെ ചോക്കേഴ്‌സ് എന്ന് വിളിക്കാന്‍ സാധിക്കില്ല എന്ന് ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ബാക്ക്-ടു-ബാക്ക് ടെസ്റ്റ് പരമ്പര വിജയങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ട് വെങ്കടേഷ് പ്രസാദ് പറഞ്ഞു.

എന്നിരുന്നാലും, ഇന്ത്യയുടെ ഐ സി സി കിരീട വരള്‍ച്ച നീളുന്നതിനാല്‍, ടീമിന് എന്തോ കുഴപ്പമുണ്ടെന്ന് വെങ്കടേഷ് പ്രസാദ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി താന്‍ കരുതുന്നു എന്ന് വെങ്കടേഷ് പ്രസാദ് പറഞ്ഞു. കാരണം ആ ടീമില്‍ പ്രധാന കളിക്കാരില്‍ പകുതിയില്‍ അധികം പേരും കളിച്ചിരുന്നില്ല. എന്നാല്‍ 11 വര്‍ഷമായി ഒരു പ്രധാന ടൂര്‍ണമെന്റും വിജയിക്കാത്തത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ അവസാനമായി ഒരു പ്രധാന ഐ സി സി ടൂര്‍ണമെന്റ് ജയിച്ചത് 2013 ലാണ്, ഐ സി സി ചാമ്പ്യന്‍സ് ട്രോഫി. അന്ന് എം എസ് ധോണിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അതിന് ശേഷം വിരാട് കോലി, രോഹിത് ശര്‍മ്മ എന്നീ സ്ഥിരം ക്യാപ്റ്റന്‍മാരും മറ്റ് താല്‍ക്കാലിക ക്യാപ്റ്റന്‍മാരും ഉണ്ടായെങ്കിലും ടീമിന് കിരീടം മാത്രം അകന്ന് നിന്നു. 2013 ല്‍ എം എസ് ധോണിക്ക് കീഴില്‍ ഐ സി സി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയശേഷം ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല.
2014 ലെ ടി20 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായി. 2015 ലെ ഏകദിന ലോകകപ്പ് സെമിയില്‍ പുറത്തായി. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും ഇന്ത്യയ്ക്ക് പരാജയം രുചിക്കാനായിരുന്നു വിധി. 2021 ലെ ടി 20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. 2021 ലും 2022 ലും നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയെങ്കിലും തോറ്റു.
2022ലെ ടി 20 ലോകകപ്പ് സെമിയിലും 2023 ലെ ഏകദിന ലോകകപ്പില്‍ ഫൈനലിലും തോറ്റു. തുടര്‍ച്ചയായ 10 കളികള്‍ ജയിച്ച് ഫൈനലിലെത്തി റെക്കോര്‍ഡിട്ട ശേഷമാണ് ഇന്ത്യ കലാശപ്പോരില്‍ ഓസ്‌ട്രേലിയയോട് കീഴടങ്ങിയത്.












Click it and Unblock the Notifications