തലനാരിഴക്ക് മെഡല്‍ നഷ്ടമായെങ്കിലും പരസ്യപ്രതിഫലം കൂട്ടി വിനേഷ് ഫോഗട്ട്; ഒരു പരസ്യത്തിന് ലഭിക്കുന്നത്..!
പാരീസ് ഒളിംപിക്‌സില്‍ തലനാരിഴക്ക് മെഡല്‍ നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പരസ്യ പ്രതിഫലത്തില്‍ വന്‍ വര്‍ധനവ്. ഒളിംപിക്‌സിന് മുമ്പ് വരെ 25 ലക്ഷം രൂപയായിരുന്നു താരത്തിന്റെ എന്‍ഡോഴ്സ്മെന്റ് ഫീസ്. എന്നാല്‍ ഒളിംപിക്‌സിന് ശേഷം ഇത് 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വര്‍ധിപ്പിച്ചതായാണ് വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാരീസ് ഒളിംപിക്സിന് ശേഷം താരത്തിന്റെ ബ്രാന്‍ഡ് മൂല്യം കുതിച്ചുയര്‍ന്നതാണ് പ്രതിഫലം വര്‍ധിക്കാന്‍ കാരണമായത്. 100 ഗ്രാം വര്‍ധിച്ചു എന്നതിനെ തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം ചുരുങ്ങിയത് 15 ബ്രാന്‍ഡുകളെങ്കിലും താരവുമായി കരാര്‍ ഒപ്പുവെക്കാന്‍ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഒളിംപിക്‌സിന് മുന്‍പ് നൈക്ക് സ്പോര്‍ട്സ് വെയര്‍, കണ്‍ട്രി ഡിലൈറ്റ് ഡയറി എന്നിവരുമായി വിനേഷ് ഫോഗട്ട് കരാര്‍ ഒപ്പിട്ടിരുന്നു.

ഒളിംപിക്‌സിന് ശേഷം പാക്കേജ്ഡ് ഫുഡ്സ്, ആരോഗ്യം, പോഷകാഹാരം, ആഭരണങ്ങള്‍, ബാങ്കിംഗ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള വിവിധ ബ്രാന്‍ഡുകളാണ് വിനേഷ് ഫോഗട്ടിനെ സമീപിച്ചത്. ഒളിംപിക്സ് ഗുസ്തിയില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയെങ്കിലും ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്.
പിന്നാലെ വെള്ളി മെഡലിനായി കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. ഇതോടെ വിനേഷ് മെഡലില്ലാതെയാണ് നാട്ടിലേക്ക് മടങ്ങിയത്. മെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കിലും വിനേഷിന് ഗംഭീര സ്വീകരണമാണ് ഡല്‍ഹി വിമാനത്താവളത്തിലും സ്വന്തം നാടായ ഹരിയാനയിലും ലഭിച്ചത്. അതിനിടെ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന് ഒന്നിലധികം ക്യാഷ് റിവാര്‍ഡുകള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഭര്‍ത്താവ് സോംവീര്‍ രതി നിരസിച്ചിരുന്നു.
വിനേഷിന് 16 കോടിയോളം രൂപ ക്യാഷ് അവാര്‍ഡായി ലഭിച്ചിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും വിലകുറഞ്ഞ രീതിയില്‍ ജനശ്രദ്ധ നേടാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും വ്യക്തമാക്കി സോംവീര്‍ രതി രംഗത്തെത്തുകയായിരുന്നു. അതേസമയം പാരീസ് ഒളിംപിക്സിലെ മെഡല്‍ ജേതാക്കളായ നീരജ് ചോപ്രയും മനു ഭാക്കറും പരസ്യ പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്.
ഒരു കരാറിന് 25 ലക്ഷം രൂപ വരെ വാങ്ങിയിരുന്ന മനു ഭാക്കറിന് ഇപ്പോള്‍ 1.5 കോടി രൂപയാണ് പരസ്യ പ്രതിഫലമായി ലഭിക്കുന്നത്. ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും ഒരു കോടിക്ക് മുകളില്‍ പരസ്യ ഇടപാടുകളില്‍ നിന്ന് ഈടാക്കുന്നുണ്ട്.












Click it and Unblock the Notifications