' പുല്ല് കണ്ട് കേറിയതാ സാറേ..!'; മത്സരത്തിനിടെ ഗ്രൗണ്ടില്‍ പാമ്പ്, ലങ്കന്‍ താരം രക്ഷപ്പെട്ടത് തലനാരിഴക്ക്
കൊളംബോ: ക്രിക്കറ്റ് പലപ്പോഴും അവിചാരിതമായ പല സംഭവങ്ങള്‍ക്കും വേദിയാകാറുണ്ട്. മൈതാനത്തില്‍ കളിക്കിടെ നായയും പൂച്ചയും കയറുന്നതും കിളികള്‍ പിച്ചില്‍ വന്നിരിക്കുന്നതും ഒന്നും പുതുമയുള്ള സംഭവമല്ല. എന്നാല്‍ ആവേശകരമായ മത്സരത്തിനിടെ മൈതാനത്ത് പാമ്പ് വന്നാല്‍ എന്തായിരിക്കും അവസ്ഥ. പാമ്പ് എന്ന് കേട്ടാല്‍ പടയും പേടിക്കും എന്നാണല്ലോ ചൊല്ല്.
അതിനാല്‍ നായയും പൂച്ചയും കയറുന്നത് പോലെ അത്ര ലാഘവത്തോടെ കാണേണ്ട ഒന്നല്ല പാമ്പ് ഗ്രൗണ്ടിലെത്തുന്നത്.
എന്തായാലും അത്തരമൊരു സംഭവമാണ് ശനിയാഴ്ചത്തെ ലങ്കന്‍ പ്രീമിയര്‍ ലീഗിനിടെ ഉണ്ടായത്. ബി-ലവ് കാന്‍ഡി പേസര്‍ ഇസുരു ഉദാന ഫീല്‍ഡ് ചെയ്യുന്നതിന്റെ തൊട്ടടുത്ത് കൂടെയായിരുന്നു പാമ്പ് ഇഴഞ്ഞ് നീങ്ങിയത്. ഇത് അറിയാതെ ഇസുരു ഉദാന ഫീല്‍ഡിംഗിനായി തയ്യാറാകുകയായിരുന്നു.

പാമ്പ് ഇഴഞ്ഞ് പോകുന്നതിന്റെ തൊട്ടടുത്തെത്തിയപ്പോഴാണ് ഇസുരു ഉദാന ഇതിനെ കാണുന്നത്. ഇതോടെ താരം പെട്ടെന്ന് ഒഴിഞ്ഞ് മാറി. തലനാരിഴക്കാണ് ഇസുരു ഉദാന പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെടുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത് കൂടാതെ പാമ്പ് പവലിയന് സമീപത്ത് കൂടി ഇഴഞ്ഞ് നീങ്ങുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തായിട്ടുണ്ട്.
Snake in LPL...!!!!
— Johns. (@CricCrazyJohns) August 13, 2023
A lucky escape for Udana. pic.twitter.com/R3Gg2yxVkh
ഇതാദ്യമായല്ല ലങ്കന്‍ പ്രീമിയര്‍ ലീഗ് പാമ്പ് തടസപ്പെടുത്തുന്നത്. നേരത്തെ ജൂലൈയില്‍ ഗാലെ ടൈറ്റന്‍സും ദാംബുള്ള ഓറയും തമ്മിലുള്ള മത്സരത്തിനിടേയും ഗ്രൗണ്ടില്‍ പാമ്പ് എത്തിയിരുന്നു. ദാംബുള്ളയുടെ 181 റണ്‍സ് ഗാലെ ടൈറ്റന്‍സ് പിന്തുടരുന്നതിന്റെ അഞ്ചാം ഓവറിനിടെയാണ് സംഭവം. അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ജാഫ്ന കിംഗ്സിനെതിരെ ബി-ലവ് കാന്‍ഡി എട്ട് റണ്‍സിന് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത കാന്‍ഡി 20 ഓവറില്‍ 178/8 എന്ന സ്‌കോറാണ് നേടിയത്. മുഹമ്മദ് ഹാരിസ് 81 റണ്‍സ് നേടി. ഫഖര്‍ സമാനും ആഞ്ചലോ മാത്യൂസും 22 റണ്‍സ് വീതം നേടി. ജാഫ്‌നയ്ക്കായി നുവാന്‍ തുഷാര മൂന്നും ദുനിത് വെല്ലലഗെ, ദില്‍ഷന്‍ മധുശങ്ക എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ജാഫ്‌ന 170/6 എന്ന നിലയില്‍ ഒതുങ്ങി. ഏഞ്ചലോ മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
It’s snaking around in Colombo today…#LPLT20 pic.twitter.com/JzrWLaQYcy
— Hemant (@hemantbuch) August 12, 2023
ഷൊയിബ് മാലിക് 37 പന്തില്‍ പുറത്താകാതെ 55 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. തിസാര പെരേര 36 റണ്‍സെടുത്തപ്പോള്‍ ക്രിസ് ലിന്‍ 27 റണ്‍സെടുത്ത് പറത്തായി. ഏഞ്ചലോ മാത്യൂസിനെ കൂടാതെ നുവാന്‍ പ്രദീപും ഇസാര ഉദുനയും ബൗളിംഗില്‍ തിളങ്ങി. നുവാന്‍ പ്രദീപ് രണ്ട് വിക്കറ്റും ഇസുരു ഉദാനയും ഒരു വിക്കറ്റും വീഴ്ത്തി.












Click it and Unblock the Notifications