കിംഗ് കോലിക്ക് ഇന്ന് 35; ആരും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത കോലിയുടെ റെക്കോഡുകള്‍ അറിയാമോ?
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണ് എന്ന ചോദ്യത്തിന് ഇന്ന് വിരാട് കോലി എന്നല്ലാതെ മറിച്ചൊരു ഉത്തരം പറയാന്‍ സാധ്യതയില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് വിരാട് കോലി. ഇന്ന് 35 വയസ് പൂര്‍ത്തിയാകുന്ന വിരാട് കോലി ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് ഇറങ്ങാനിരിക്കുകയാണ്.
നിലവില്‍ ഏകദിനത്തില്‍ 48 സെഞ്ച്വറികളാണ് വിരാട് കോലിയ്ക്കുള്ളത്. 49 സെഞ്ച്വറികളുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ വേണ്ടത് ഒരു സെഞ്ച്വറി കൂടി മാത്രം. ഇന്ന് പിറന്നാള്‍ ദിനത്തില്‍ തന്നെ കോലി ഈ നേട്ടത്തിലേക്കെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു സെഞ്ച്വറി കൂടി അടിച്ചാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡും ആദ്യമായി സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി എന്ന റെക്കോഡും കോലിയുടെ പേരിലാകും.

2008 ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് വിരാട് കോലി ഏകദിനത്തില്‍ അരങ്ങേറിയത്. ഇതുവരെ 286 ഏകദിനങ്ങളില്‍ നിന്നായി 13525 റണ്‍സ് നേടി. 48 സെഞ്ച്വറിയും 70 അര്‍ധസെഞ്ച്വറിയും വിരാടിന്റെ പേരിലുണ്ട്. 2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. വിരാട് കോലിയുടെ നാലാമത്തെ ഏകദിന ലോകകപ്പാണിത്. ഏകദിനത്തില്‍ അരങ്ങേറി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റില്‍ കോലി അരങ്ങേറുന്നത്.
വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. 111 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 8676 റണ്‍സ് നേടിയിട്ടുണ്ട്. 29 വീതം സെഞ്ച്വറികളും അര്‍ധസെഞ്ച്വറികളുമാണ് വിരാട് കോലിയുടെ സമ്പാദ്യം. വിരാട് കോലിയുടെ 35-ാം പിറന്നാള്‍ ദിനത്തില്‍ മറ്റാരും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത അദ്ദേഹത്തിന്റെ റെക്കോഡുകളില്‍ ചിലതൊന്ന് നമുക്ക് പരിശോധിക്കാം.
ടി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. 27 കളികളില്‍ നിന്ന് 81.50 ശരാശരിയില്‍ 1141 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. സമീപകാലത്തൊന്നും ഈ റെക്കോഡ് ഒരു താരം മറികടക്കാന്‍ സാധ്യത കാണുന്നില്ല. ഏകദിനത്തില്‍ ചേസിംഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്.
തന്റെ 48 സെഞ്ച്വറികളില്‍ 26 എണ്ണവും വിരാട് കോലി ചേസിംഗില്‍ ആണ് സ്വന്തമാക്കിയത്. ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലും ഒരു അപൂര്‍വ റെക്കോഡ് കോലിയുടെ പേരിലുണ്ട്. 2011 ഇംഗ്ലണ്ടിനെതിരായ ടി-20 മത്സരത്തില്‍ കോലി പന്തെറിഞ്ഞപ്പോള്‍, കെവിന്‍ പീറ്റേഴ്സനെ ഒരു വൈഡ് ഡെലിവറിയിലൂടെ എംഎസ് ധോണി സ്റ്റംപ് ചെയ്തു. പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ പൂജ്യം പന്തില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ കളിക്കാരനാണ് കോലി.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് പിന്നിട്ട താരം എന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. തന്റെ മെന്ററും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 259 ഇന്നിംഗ്സുകളുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 10831 പന്തിലാണ് കോഹ്ലി 10,000 റണ്‍സ് തികച്ചത്. ഐപിഎല്ലിലെ ഒരു അപൂര്‍വ റെക്കോഡും വിരാട് കോലി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡാണ് കോലിയുടെ പേരിലുള്ളത്. 2016 ല്‍ 16 ഇന്നിംഗ്സുകളില്‍ നിന്ന് 81.08 ശരാശരിയിലും 152.03 സ്ട്രൈക്ക് റേറ്റിലും അദ്ദേഹം 973 റണ്‍സ് നേടിയിട്ടുണ്ട്. വിരാട് കോലിയുടെ ഈ റെക്കോഡും മറ്റുള്ളവര്‍ക്ക് അപ്രാപ്യമായിരിക്കും എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications