കോലിയെ ഉടന്‍ പ്രതീക്ഷിക്കേണ്ട, ഏകദിനത്തിലും ടി20യിലും കളിക്കില്ല, രോഹിത്തിനും മടുപ്പ്?
വിരാട് കോലി ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ മടങ്ങി വരില്ലെന്ന് റിപ്പോര്‍ട്ട്. ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാല ഇടവേളയെടുക്കുകയാണെന്ന് കോലി ബിസിസിഐയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് തോല്‍വി ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ കാര്യമായി ബാധിച്ചുവെന്നാണ് വ്യക്തമാകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വരാനിരിക്കുന്ന പരമ്പരയില്‍ വിരാട് കോലി കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനെതിരെ ജനുവരിയില്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. അതിലും കോലി കളിക്കില്ല. അതേസമയം കോലി കൂടുതലായും ടെസ്റ്റ് ക്രിക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ കോലി കളിക്കുമെന്നാണ് സൂചന. എന്നാല്‍ ഏകദിന-ടി20 മത്സരങ്ങളില്‍ കളിക്കില്ല.

ബിസിസിഐയെയും സെലക്ടര്‍മാരെയും കോലി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് കോലിക്ക് ഒരു ഇടവേള ആവശ്യമാണെന്ന് അദ്ദേഹം സെലക്ടര്‍മാരെ അറിയിക്കുകയായിരുന്നു. എപ്പോഴാണോ തനിക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹം, അപ്പോള്‍ താന്‍ തിരിച്ചുവരുമെന്നാണ് കോലി അറിയിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്നും കോലി അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതോടെ കോലി കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
അതേസമയം രോഹിത് ശര്‍മയുടെ കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്. നിലവില്‍ രോഹിത്തോ കോലിയോ ഓസീസിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ കളിക്കുന്നില്ല. 2022 ടി20 ലോകകപ്പിന് ശേഷം രോഹിത്തോ കോലിയോ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന-ടി20 മത്സരത്തില്‍ രോഹിത് കളിക്കുമോ എന്നും വ്യക്തമല്ല.
അടുത്ത വര്‍ഷം ജൂണില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. രോഹിത്തിനും കോലിക്കും ടി20 ടീമിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു ഐസിസി ട്രോഫി അവസാനമായി നേടാനാണ് ഇരുവരും ആഗ്രഹിക്കുന്നത്. ടി20 ലോകകപ്പിലൂടെ അത് സാധിപ്പിച്ചെടുക്കാനാണ് ശ്രമം. ഇന്ത്യയാണെങ്കില്‍ 2007ലെ ആദ്യ ടൂര്‍ണമെന്റില്‍ കിരീടം നേടിയ ശേഷം പിന്നീട് അത് സ്വന്തമാക്കിയിട്ടില്ല.
ഇത്തവണ ലോകകപ്പില്‍ രോഹിത്തിന്റെ ബാറ്റിംഗും അതുപോലെ നേതൃത്വവും ഒരുപോലെ പ്രശംസിക്കപ്പെട്ടിരുന്നു. അതുകൊണ്ട് ഒരിക്കല്‍ കൂടി ബിസിസിഐ രോഹിത്തിനോട് ഇന്ത്യയെ നയിക്കാന്‍ ആവശ്യപ്പെട്ടേക്കും. വെറും ആറ് മാസം മാത്രമാണ് ഇനി ടി20 ലോകകപ്പിലേക്ക് ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പക്ഷേ കോലിയും രോഹിത്തും ടി20 കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഏകദിനത്തിലും ഇവരുടെ കരിയര്‍ അവസാനിച്ച പോലെയാണ്. ടി20 ലോകകപ്പ് വരെ ഇന്ത്യക്ക് അധികം ഏകദിന മത്സരങ്ങളും കളിക്കാനില്ല. ടെസ്റ്റ് മത്സരത്തില്‍ രോഹിത് കളിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് വരുന്നുണ്ട്. അത് കഴിഞ്ഞാല്‍ ഐപിഎല്ലാണ്. അതിന് ശേഷം ടി20 ലോകകപ്പാണ്. അതുവരെ ഇന്ത്യക്ക് ആറ് ടി20യും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്ളത്.












Click it and Unblock the Notifications