അപൂര്‍വ റെക്കോഡിന് തൊട്ടരികില്‍ വിരാട് കോലി; നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ താരമാകാം
ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ വിരാട് കോലിയേയും രോഹിത് ശര്‍മ്മയേയും ഉള്‍പ്പെടുത്തി അഫ്ഗാനിസ്ഥാനെതിരെ ടി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏക ടി 20 പരമ്പരയാണ് ഇത്. അതിനാല്‍ തന്നെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഈ പരമ്പരയും ഒപ്പം ഐ പി എല്ലും നിര്‍ണായകമാകും.
വ്യാഴാഴ്ചയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി 20 പരമ്പര ആരംഭിക്കുന്നത്. രോഹിതിനും കോലിക്കും ടീമില്‍ ഇടം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും ടീം പ്രഖ്യാപനത്തോടെ അത് നീങ്ങിയിരിക്കുകയാണ്. 2022 ലെ ടി 20 ലോകകപ്പിന് ശേഷം ഇരുവരും അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. എങ്കിലും ഇരുവരുടേയും പരിചയ സമ്പത്ത് ഉപയോഗപ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇരുവരും നടത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിനത്തിലെ സെഞ്ച്വറികളുടെ റെക്കോഡ് തകര്‍ത്ത കോലി വീണ്ടുമൊരു അപൂര്‍വ റെക്കോഡിലേക്ക് കണ്ണ് നട്ടിരിക്കുകയാണ്. ഇത്തവണ അത് ടി 20യിലാണ് എന്ന് മാത്രം. ടി 20യിലെ മികച്ച റണ്‍വേട്ടക്കാരനാണ് കോലി. 115 മത്സരങ്ങളില്‍ നിന്ന് 4008 റണ്‍സാണ് ടി 20യില്‍ കോലിയുടെ സമ്പാദ്യം.
ആകെ ടി 20 മത്സരങ്ങളില്‍ നിന്ന് (ഐപിഎല്‍ + ടി 20) കോലിക്ക് 11,965 റണ്‍സ് നേടിയിട്ടുണ്ട്. 35 കാരനായ അദ്ദേഹത്തിന് 12,000 റണ്‍സ് എന്ന നാഴികക്കല്ല് നേടുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ വെറും 35 റണ്‍സ് മാത്രം മതി. നിലവിലെ ഫോമില്‍ അഫ്ഗാനിസ്ഥാനെതിരെ തന്നെ വിരാട് കോലി റെക്കോഡില്‍വ മുത്തമിടാനാണ് സാധ്യത. അങ്ങനെ എങ്കില്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നതിനൊപ്പം ലോകത്തിലെ നാലാമത്തെയാള്‍ മാത്രമായിരിക്കും കോലി.
നിലവില്‍, 463 മത്സരങ്ങളില്‍ നിന്ന് 36.22 ശരാശരിയില്‍ 14562 റണ്‍സുമായി വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ആണ് പട്ടികയില്‍ ഒന്നാമത്്. പാകിസ്ഥാന്റെ ഷൊയ്ബ് മാലിക് 525 മത്സരങ്ങളില്‍ നിന്ന് 36.39 ശരാശരിയില്‍ 12993 റണ്‍സും വെസ്റ്റ് ഇന്‍ഡീസിന്റെ കെയ്റോണ്‍ പൊള്ളാര്‍ഡിന് 637 മത്സരങ്ങളില്‍ നിന്ന് 12390 റണ്‍സും ഉണ്ട്. അതേസമയം, 423 മത്സരങ്ങളില്‍ നിന്ന് 11035 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് പട്ടികയിലെ അടുത്ത മികച്ച ഇന്ത്യന്‍ താരം.












Click it and Unblock the Notifications