ഏഷ്യാ കപ്പ് ഇന്ത്യ നേടും? കാരണം കോലി, ശ്രീലങ്കയിലെ നേട്ടങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: നിര്‍ണായകമായ ഇന്ത്യ-പാകിസ്താന്‍ മത്സരം ശനിയാഴ്ച്ച നടക്കാനിരിക്കുകയാണ് മത്സരത്തിന് മഴ ഭീഷണിയായി നില്‍ക്കുന്നുണ്ട്. പക്ഷേ ഏഷ്യാ കപ്പില്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ ആ കിരീടം നേടാന്‍ ഇന്ത്യക്ക് സാധ്യത ഏറെയാണ്. പ്രധാന കാരണം വിരാട് കോലിയാണ്. മത്സരം നടക്കുന്ന ശ്രീലങ്കയില്‍ കോലിയുടെ പ്രകടനം ഏറ്റവും മികച്ചതാണ്.
മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇത്ര വലിയ നേട്ടങ്ങളില്ല. ശ്രദ്ധേയമായ നിരവധി പ്രകടനങ്ങള്‍ അവിടെ ഇന്ത്യ കാഴ്ച്ചവെച്ചിട്ടുണ്ട്. കോലിയുടെ മികച്ച ഇന്നിംഗ്‌സുകളും അതുപോലെ പിറന്ന മണ്ണാണ് ശ്രീലങ്ക. പാകിസ്താനേക്കാള്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെ ഇന്ത്യയെ മാറ്റുന്നതും കോലിയുടെ സാന്നിധ്യമാണ്.ശ്രീലങ്കയില്‍ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ ഉയര്‍ന്നതാണ്.

23 ഏകദിന മത്സരങ്ങളാണ് കോലി ശ്രീലങ്കയില്‍ കളിച്ചത്. അടിച്ചെടുത്തത് 899 റണ്‍സാണ്. ബാറ്റിംഗ് ശരാശരി 47.31 ആണ്. നാല് ഗംഭീര സെഞ്ച്വറികള്‍ കോലിക്ക് ശ്രീലങ്കയിലുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറികളും കോലി ലങ്കന്‍ മണ്ണില്‍ കുറിച്ചിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 131 റണ്‍സാണ്. നാല് തവണ ലങ്കന്‍ മണ്ണില്‍ താരം പുറത്താവാതെ നിന്നിട്ടുണ്ട്. ഇത്രയും മികച്ച ശരാശരി ഏതെങ്കിലും പാക് താരത്തിന് പോലും ശ്രീലങ്കയിലുണ്ടാവുമോ എന്ന് ഉറപ്പില്ല.
ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതും കോലിയുടെ ഈ ബാറ്റിംഗ് ശരാശരിയാണ്. ഇതേ ഫോം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ ഏഷ്യാ കപ്പ് നിഷ്പ്രയാസം ഇന്ത്യ നേടും. കോലിയുടെ മികവ് നേരത്തെ വിന്‍ഡീസിനെതിരെ അടക്കം കണ്ടതാണ്. ഫോം കണ്ടെത്തി കഴിഞ്ഞതിനാല്‍ കോലി കൂടുതല്‍ അപകടകാരിയാണ്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ വലിയ ആധിപത്യം കോലിക്കുണ്ട്. പാകിസ്താനെതിരെ 13 മത്സരം കളിച്ച കോലി 536 റണ്‍സ് ഇതുവരെ അടിച്ചെടുത്തിട്ടുണ്ട്.
ബാറ്റിംഗ് ശരാശരി 48.73 ആണ്. 96.23 സ്‌ട്രൈക്ക് റേറ്റുമുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറികളും, രണ്ട് സെഞ്ച്വറികളും പാകിസ്താനെതിരെ കോലിക്കുണ്ട്. കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 183 റണ്‍സ് കോലി അടിച്ചെടുത്തതും പാകിസ്താനെതിരെയാണ്. ഇത്രയും മികച്ച റെക്കോര്‍ഡുള്ള കോലിയെ അതുകൊണ്ട് തന്നെ പാകിസ്താന്‍ ഭയപ്പെടുന്നുണ്ട്.
ടൂര്‍ണമെന്റിലെ തന്നെ അപകടകാരിയായ ടീമാണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ അതിഗംഭീര ബാറ്റിംഗ് ശരാശരി കോലിക്കുണ്ട്. ഇതുവരെ 50 മത്സരങ്ങളാണ് ശ്രീലങ്കയ്‌ക്കെതിരെ കോലി കളിച്ചത്. അടിച്ചെടുത്തത് 2503 റണ്‍സും. 64.18 ആണ് ശരാശരി. 94.24 ആണ് സ്‌ട്രൈക്ക് റേറ്റ്. 10 സെഞ്ച്വറികളും, 11 അര്‍ധ സെഞ്ച്വറികളും ഇതുവരെ ലങ്കയ്‌ക്കെതിരെ കോലി അടിച്ചെടുത്തിട്ടുണ്ട്. പുറത്താവാതെ 166 ആണ് ഉയര്‍ന്ന സ്‌കോര്‍.
ബംഗ്ലാദേശിനതെിരെ 15 മത്സരങ്ങളില്‍ നിന്ന് 807 റണ്‍സാണ് കോലി നേടിയത്. നാല് സെഞ്ച്വറികളും, മൂന്ന് അര്‍ധ സെഞ്ച്വറികളും ഇതുവരെ നേടിയിട്ടുണ്ട്. 101 ആണ് പ്രഹര ശേഷി. 136 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പാകിസ്താനെതിരെ മത്സരം നടക്കുന്ന പല്ലേകലെ സ്റ്റേഡിയത്തില്‍ 3 മത്സരങ്ങളില്‍ നിന്ന് 30 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഇത്തവണ അത് മാറുമെന്നാണ് പ്രതീക്ഷ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ 8 മത്സരങ്ങളില്‍ നിന്ന് 519 റണ്‍സ് താരം നേടിയിട്ടുണ്ട്. 3 സെഞ്ച്വറിയും ഇവിടെ കുറിച്ചിട്ടുണ്ട്.












Click it and Unblock the Notifications