കോലിക്ക് ഇതെന്തുപറ്റി..! ഈ പരമ്പരയില്‍ ഇനി കളിക്കാനില്ല, ബിസിസിഐയെ തീരുമാനം അറിയിച്ചു?
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും സൂപ്പര്‍താരം വിരാട് കോലി കളിക്കില്ല എന്ന് റിപ്പോര്‍ട്ട്. ബി സി സി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് താന്‍ പിന്മാറുന്നതായി വിരാട് കോലി ബി സി സി ഐ അധികൃതരെയും സെലക്ഷന്‍ കമ്മിറ്റിയെയും ഇന്ത്യന്‍ ടീം മാനേജ്മെന്റിനെയും അറിയിച്ചതായാണ് വിവരം.
ഇതേ കാരണത്താല്‍ ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളും കോലിക്ക് നഷ്ടമായിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹം തന്റെ തീരുമാനം സെലക്ടര്‍മാരെ അറിയിച്ചത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചേക്കും. ആദ്യ ടെസ്റ്റിന്റെ പരിശീലന സെഷനില്‍ കോലി പങ്കെടുത്തിരുന്നു. പിന്നീടാണ് പിന്‍മാറ്റം അറിയിച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, കോച്ച് രാഹുല്‍ ദ്രാവിഡ്, സെലക്ടര്‍മാര്‍ എന്നിവരുമായി സംസാരിച്ച ശേഷമാണ് കോലി തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത ദിവസം കോലിയുടെ സ്വകാര്യത അഭ്യര്‍ത്ഥിച്ച് ബി സി സി ഐ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ബോര്‍ഡും സെലക്ടര്‍മാരും ടീം മാനേജ്മെന്റും കോലിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് കോലിക്ക് ഒരു ഹോം പരമ്പര നഷ്ടമാകുന്നത്. അതേസമയം മോശം ഫോമിലുള്ള ബാറ്റിംഗ് നിരക്ക് കോലിയുടെ അഭാവം വിനയാകും. പരിക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്തുന്നത് ആശ്വാസകരമാണ്. ആദ്യ ടെസ്റ്റിന് ശേഷം ഇരുവരെയും എന്‍ സി എയിലേക്ക് അയച്ചിരുന്നു.
രാഹുല്‍ വേഗത്തില്‍ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ജഡേജയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. എന്നിരുന്നാലും, ഫെബ്രുവരി 15 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് ഓള്‍റൗണ്ടര്‍ ഫിറ്റായിരിക്കും എന്ന ആത്മവിശ്വാസത്തിലാണ് സെലക്ടര്‍മാര്‍. വിശാഖപട്ടണത്ത് അരങ്ങേറ്റം കുറിച്ച രജത് പടിദാറും സര്‍ഫറാസ് ഖാനും ടീമില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയേക്കും.
ശ്രേയസ് അയ്യര്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിലുണ്ടായേക്കില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവില്‍ 1-1ന് സമനിലയിലാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന് ജയിച്ച് പരമ്പര സമനിലയിലാക്കി.












Click it and Unblock the Notifications