സഞ്ജുവിനെ മടക്കിവിളിക്കുമോ? ഇന്ത്യന്‍ ടീമില്‍ ആ നമ്പറില്‍ പ്രശ്‌നങ്ങള്‍, സാധ്യതകള്‍ ഇങ്ങനെ
ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ഫൈനലിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയുടെ നാലാം നമ്പര്‍ പ്രശ്‌നം വീണ്ടും വലുതായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയാവുന്നത് സഞ്ജു സാംസണിന്റെ മടങ്ങിവരവാണ്. ലോകകപ്പ് ടീമിലും, ഏഷ്യ കപ്പ് ടീമിലും സഞ്ജുവില്ല. ഇനിയൊരു മടങ്ങി വരവ് ഉണ്ടാവില്ലെന്നായിരുന്നു ആരാധകര്‍ പോലും കരുതിയത്. പക്ഷേ നാലാം നമ്പര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ സഞ്ജുവിനെ പരീക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം നാലാം നമ്പറില്‍ സൂര്യകുമാര്‍ വീണ്ടും പരാജയപ്പെട്ടത് സഞ്ജുവിന് വലിയ അവസരമായി മാറുമെന്നാണ് സൂചന. തുടര്‍ച്ചയായ 19 ഇന്നിംഗ്‌സുകളാണ് ഒരു അര്‍ധസെഞ്ച്വറി പോലും ഇല്ലാതെ സൂര്യകുമാര്‍ കടന്നുപോയത്. ലോകകപ്പില്‍ കെഎല്‍ രാഹുലിനെ ഈ പൊസിഷനില്‍ കളിപ്പിക്കാമെന്ന് വെച്ചാല്‍ പ്രശ്‌നങ്ങളാണ്. രാഹുല്‍ പാകിസ്താനെതിരെ നേടിയ സെഞ്ച്വറി മാത്രമാണ് എടുത്ത് കാണിക്കാനുള്ളത്. ബാക്കിയുള്ള മത്സരങ്ങളില്‍ എല്ലാം പരാജയമായിരുന്നു. അതുപോലെ പന്തുകള്‍ ധാരാളം പാഴാക്കുകയും ചെയ്തു.

ശ്രേയസ് അയ്യര്‍ക്ക് ആണെങ്കില്‍ പരിക്ക് ഭീഷണിയാണ്. അതുപോലെ കളിച്ച ഏക കളിയില്‍ അയ്യര്‍ പരാജയമായിരുന്നു. ഇതെല്ലാം അനുകൂലമായി വരുന്നത് സഞ്ജുവിനാണ്. ലോകകപ്പ് പോലൊരു വമ്പന്‍ ടൂര്‍ണമെന്റ് ഉള്ളതിനാല്‍ നാലാം നമ്പറില്‍ മാറ്റം വരുത്താന്‍ ഇന്ത്യ ആഗ്രഹിച്ചേക്കാം. റിസര്‍വ് ലിസ്റ്റില്‍ സഞ്ജുവിന്റെ പേരും ഉള്‍പ്പെടുത്താനുള്ള സാധ്യത ഏറെയാണ്.
സഞ്ജുവും സൂര്യകുമാറും തമ്മിലുള്ള താരതമ്യത്തിലും സഞ്ജു തന്നെയാണ് മുന്നില്‍. 13 ഏകദിനങ്ങള്‍ കളിച്ച സഞ്ജു 390 റണ്‍സ് നേടിയിട്ടുണ്ട്. 55.71 ആണ് ശരാശരി. മൂന്ന് അര്‍ധ സെഞ്ച്വറികളും സഞ്ജുവിന്റെ പേരിലുണ്ട്. 104 ആണ് സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്. അതേസമയം സൂര്യകുമാര്‍ 27 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്.
537 റണ്‍സാണ് താരം ആകെ നേടിയത്. 24.41 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 99.81 ആണ്. ആകെ രണ്ട് ഫിഫ്റ്റികളാണ് താരത്തിനുള്ളത്. സൂര്യകുമാര്‍ ടി20 ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തുന്നത് കൊണ്ട് മാത്രമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും, രോഹിത് ശര്‍മയും, അഞ്ചാം നമ്പറില്‍ താരത്തെ പിന്തുണയ്ക്കാന്‍ കാരണവും അത് തന്നെയാണ്.
സൂര്യകുമാര്‍ അവസാനമായി ഒരു അര്‍ധ സെഞ്ച്വറി നേടിയത് ഒന്നര വര്‍ഷം മുമ്പാണ്. സൂര്യയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായ 64 പിറന്നത് 2022 ഫെബ്രുവരിയിലാണ്. അതിന് ശേഷമുള്ള 19 ഇന്നിംഗ്‌സിലും സൂര്യകുമാര്‍ പരാജയമായിരുന്നു. തുടര്‍ച്ചയായി മൂന്ന് പൂജ്യം ഓസ്‌ട്രേലിയക്കെതിരെയുണ്ടായിരുന്നു. 26 റണ്‍സാണ് ബംഗ്ലാദേശിനെതിരെ എടുത്തത്.
സഞ്ജു നിലവില്‍ ഫിറ്റ്‌നെസ്സില്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയാണ്. താരത്തെ മടക്കി വിളിക്കാനുള്ള സാധ്യത ഏറെയാണ്. ശ്രേയസിന് പരിക്ക്, സൂര്യയുടെ മോശം ഫോം, തിലക് വര്‍മ പരാജയപ്പെട്ടത് എന്നിവയെല്ലാം സഞ്ജുവിന് അനുകൂലമായി മാറിയേക്കും. നാല്, അഞ്ച് നമ്പറുകളിലാണ് സഞ്ജുവിന് സാധ്യത.












Click it and Unblock the Notifications