സഞ്ജുവിന് ഇനിയും ലോകകപ്പ് ടീമിലെത്താം; എങ്ങനെയെന്ന് അറിയുമോ? സാധ്യതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചതോടെ സഞ്ജാ സാംസണ്‍ ആരാധകര്‍ വലിയ നിരാശയിലാണ്. ഇനിയൊരു തിരിച്ചുവരവ് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനുണ്ടാവില്ല എന്ന് വരെ ആരാധകര്‍ പറയുന്നു. പരിക്കേറ്റ കെഎല്‍ രാഹുലും, ജസ്പ്രീത് ബുംറയും ടീമിലെത്തിയതോടെ സഞ്ജുവിനെ എവിടെ കളിപ്പിക്കുമെന്ന ചോദ്യവും ഉയര്‍ന്നു. സഞ്ജുവിന് പകരം സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ ഇടംപിടിച്ചു.
വിക്കറ്റ് കീപ്പര്‍മാരായി രാഹുലും ഇഷാന്‍ കിഷനുമാണ് ടീമില്‍ ഇടംപിടിച്ചത്. ആരാധകര്‍ വലിയ പ്രതിഷേധത്തിലാണ്. മുംബൈ ലോബി സഞ്ജുവിനെ തഴഞ്ഞു എന്നെല്ലാമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. അതേസമയം സഞ്ജുവില്‍ നിന്ന് സ്ഥിരതയുള്ള പെര്‍ഫോമന്‍സ് വന്നിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. നിലവില്‍ ഏഷ്യാ കപ്പിനുള്ള ടീമിന്റെ ഭാഗമായി ശ്രീലങ്കയിലാണ് സഞ്ജുവുള്ളത്.

എന്നാല്‍ ടീമില്‍ നിന്ന് തഴയപ്പെട്ടെങ്കിലും സഞ്ജുവിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇനിയും ഇടംപിടിക്കാന്‍ അവസരമുണ്ട്. അതെങ്ങനെയാണെന്ന് അറിയാമോ? സെപ്റ്റംബര്‍ 27നാണ് ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിക്കുക. നിലവില്‍ പ്രൊവിഷണല്‍ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 27നാണ് ഐസിസിക്ക് അന്തിമ സ്‌ക്വാഡിന്റെ വിവരങ്ങള്‍ കൈമാറേണ്ടത്. അതിനുള്ളില്‍ ബിസിസിഐക്ക് ടീമില്‍ മാറ്റം വരുത്താം.
ഇന്ത്യന്‍ ടീമില്‍ രണ്ട് താരങ്ങളുടെ മുന്നോട്ട് പോക്കിനെ ആശ്രയിച്ചാണ് സഞ്ജുവിന്റെ ഭാവിയുള്ളത്. ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവരാണത്. ഇവരില്‍ ഒരാള്‍ക്കെങ്കിലും പരിക്കേറ്റാല്‍ സഞ്ജു ടീമില്‍ ഇടംപിടിക്കും. നിലവില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന കിഷനും, പരിക്ക് മാറി വന്ന രാഹുലിനും ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനമുണ്ട്. അതാണ് സഞ്ജുവിന് വെല്ലുവിളിയായി മാറിയത്.
രാഹുലിന് വീണ്ടുമൊരിക്കല്‍ കൂടി പരിക്കേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അങ്ങനെ സംഭവിച്ചാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കും. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ക്ക് പരിക്കേറ്റാലും സഞ്ജു ഇന്ത്യ ടീമിലെത്തും. അതേസമയം നിലവിലെ ഇതൊന്നും നടക്കുമോ എന്ന് ഉറപ്പില്ല. പക്ഷേ 2007, 2011 ലോകകപ്പില്‍ ശ്രീശാന്ത് ലോകകപ്പ് ഫൈനല്‍ കളിച്ചത് ഇത്തരം ഭാഗ്യത്തിന്റെ പുറത്താണ്. സഞ്ജുവിന് അത്തരമൊരു ഭാഗ്യമുണ്ടോ എന്ന് കണ്ടറിയണം.
സഞ്ജുവിന് മാത്രമല്ല, യുസവേന്ദ്ര ചാഹല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും പരിഗണനാ പട്ടികയിലേക്ക് ഉറ്റുനോക്കുകയാണ്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇവര്‍ക്കും ടീമിലെത്താം. ഇരുവരും മികച്ച സ്പിന്‍ ഓപ്ഷനാണ്. വമ്പന്‍ ടൂര്‍ണമെന്റില്‍ തിളങ്ങുന്ന ചാഹലിന് ടീമിലെത്താനുള്ള സാധ്യത കൂടുതലായിരുന്നു. പക്ഷേ അവസാന നിമിഷം താരം പുറത്താവുകയായിരുന്നു.












Click it and Unblock the Notifications