റെക്കോർഡുകള്‍ വാരിക്കൂട്ടി രോഹിത് ശർമ്മ: എബി ഡിവില്ലിയേഴ്സിനേയും പിന്നിലാക്കി
നെതർലന്‍ഡിന് മുന്നില്‍ 410 എന്ന പടുകൂറ്റന്‍ ലക്ഷ്യം ഉയർത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് നിര. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് അന്ത്യന്‍ ബാറ്റ്മാർ എല്ലാവരും ബാറ്റ് വീശിയത്. ശ്രേയസ് അയ്യരുടേയും (94 പന്തില്‍ 128), കെഎല്‍ രാഹുലിന്റേയും (64 പന്തില്‍ 102) സെഞ്ചറി നേട്ടമാണ് ഇന്ത്യയുടെ സ്കോർ 400 കടത്തിയത്.
ഓപ്പണിങ് ബാറ്റ്സ്മാന്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശർമ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. രോഹിത് ശർമ്മ 61 റണ്‍സിനും ശുഭ്മാന്‍ ഗില്‍ 51 റണ്‍സിനും പുറത്തായപ്പോള്‍ പിന്നാലെ എത്തിയ കോഹ്ലിയും അർധശതകം തികച്ചതിന് ശേഷമാണ് പുറത്തായത്. തുടർന്ന് എത്തിയ ശ്രേയസ് അയ്യരേയും രാഹുലിനേയും പിടിച്ച് കെട്ടാന്‍ നെതർലന്‍ഡ് ബോളിങ് നിരയ്ക്ക് സാധിച്ചില്ല.

മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പല പുതിയ റെക്കോർഡുകളും കുറിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടേത് തന്നെയാണ്. മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സിനെ മറികടന്ന് ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഏകദിന സിക്സറുകൾ നേടിയ ബാറ്ററായി രോഹിത് ശർമ്മ ഇന്നത്തോടെ മാറി. ഏഴാം ഓവറിൽ കോളിൻ അക്കർമാനെ അതിർത്തിക്ക് അപ്പുറത്തേക്ക് പായിച്ചാണ് തന്റെ സിക്സർ നേട്ടം രോഹിത് ശർമ്മ 59 ആയി ഉയർത്തിയത്.
ഓപ്പണറായി 14000 അന്താരാഷ്ട്ര റൺസ് തികച്ച ഇന്ത്യൻ നായകന് ഇത് മറ്റൊരു നേട്ടവുമായി. ഒരു ഏകദിന ലോകകപ്പ് എഡിഷനിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്‌സറുകളും ഫോറുകളും രോഹിത് ഇതിനോടകം നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ നായകൻ കൂടിയാണ് അദ്ദേഹം. തുടർച്ചയായ ലോകകപ്പുകളിൽ 500 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായും രോഹിത് മാറി. ലോകകപ്പില്‍ ഒരു ഇന്ത്യൻ ക്യാപ്റ്റൻ 500-ലധികം റൺസ് നേടുന്നത് ഇതാദ്യമാണ്.
അതേസമയം, ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് ഈ മത്സരത്തിലൂടെ ഗില്‍ നേടി. രോഹിത് ശർമ്മയും നേരത്തെ 30 ബോളില്‍ അർധശകതം പൂർത്തിയാക്കിയിട്ടുണ്ട്. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ അർധശകതകമെന്ന ഓള്‍ടൈം റെക്കോര്‍ഡ് നിലവില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 26 ബോളിലാണ് അദ്ദേഹം അർധശതകം തികച്ചത്.












Click it and Unblock the Notifications