ഈ ഐപിഎല്ലിലെ മികച്ച താരം ആര്: കോലിയോ ഗില്ലോ; ഇവരൊന്നും അല്ലെന്ന് ഡിവില്ലിയേഴ്‌സ്
ഐപിഎല്‍ 2023 ലെ തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി മുന്‍ റോയല്‍ ചലഞ്ചേഴ്സ് താരവും പ്രമുഖ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററുമായ എബി ഡിവില്ലിയേഴ്‌സ്. റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ഗുജറാത്ത് താരം ശുഭ്മാൻ ഗില്ലോ ബാംഗ്ലൂർ ക്യാപ്റ്റന്‍ വിരാട് കോലിയോ അല്ല ആ താരം എന്നുള്ളതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. രാജസ്ഥാന്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ഈ സീസണിലെ നട്ടെല്ലായ യശ്വസ്വി ജയ്‌സ്വാളിനെയാണ് ഡിവില്ലേഴ്സ് തന്റെ ഇഷ്ടതാരമായി തിരഞ്ഞെടുത്തിരിക്കുന്നത്.
പ്ലേ ഓഫിലേക്ക് സാധ്യത നേടാന്‍ കഴിയാതെ പോയ രാജസ്ഥാന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍നേടിയ താരമായ യശ്വസ്വി ജയ്‌സ്വാള്‍ ടൂർണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാമതുമാണ്. 14 മത്സരങ്ങളിൽ നിന്ന് 48.08 ശരാശരിയിലും 163.61 സ്‌ട്രൈക്ക് റേറ്റിലും 625 റൺസാണ് ജയ്‌സ്വാൾ അടിച്ചുകൂട്ടിയത്. സീസണിൽ, അദ്ദേഹം ഒരു സെഞ്ചറിയും അഞ്ച് അർദ്ധസെഞ്ചുറികളും അടിച്ചു. 124 ആണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ.

ദേശീയ ടീമില്‍ ഇതുവരെയെത്താത്ത കളിക്കാരനായ ജയ്സ്വാൾ ഷോട്ട് സെലക്ഷനും ഫീല്‍ഡിങ് വിടവുകൾ കണ്ടെത്തുന്ന രീതിയും കാരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഫോമിലല്ലാത്ത സ്റ്റാർ ഓപ്പണർ ജോസ് ബട്ട്‌ലറെ പോലും ആരാധകർ ജയ്സ്വാർ കാരണം മറന്നു പോയി. ഇതിനെല്ലാം ഒടുവിലാണ് ജിയോ ടിവിയില്‍ സംസാരിച്ച മുൻ ആർസിബി താരം എബി ഡിവില്ലിയേഴ്‌സ് ജയ്‌സ്വാളിനെ പ്രത്യേക പ്രശംസിക്കുകയും ഐപിഎൽ 2023 ലെ തന്റെ പ്രിയപ്പെട്ട കളിക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്തത്.
"യശസ്വി ജയ്‌സ്വാൾ എന്ന യുവതാരം മികച്ച പ്രകടനം കാഴ്ചവെക്കുന്നു, കൂടാതെ പുസ്തകത്തിലെ എല്ലാ ഷോട്ടുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. വിക്കറ്റിൽ ശാന്തവും കംപോസ് ചെയ്തതുമായ സ്വഭാവമുണ്ട്, ബൗളർമാരിൽ ആധിപത്യം പുലർത്തുന്ന അദ്ദേഹം ക്രീസില്‍ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് ഇഷ്ടമാണ്. "അദ്ദേഹം പറഞ്ഞു. ശുഭ്മാൻ അവനേക്കാളും മുതിർന്ന ആളാണ്. ജയ്‌സ്വാളിന് ഒരുപാട് ദൂരം പോകാനുണ്ടെന്ന് ഞാൻ കരുതുന്നു, കൂടാതെ ഒരു മികച്ച താരമാകാനുള്ള എല്ലാ യോഗ്യതകളും അവനുണ്ടെന്നും ഡിവില്ലേഴ്സ് കൂട്ടിച്ചേർത്തു.

അതേസമയം അഞ്ചാം സ്ഥാനവുമായി പ്ലേ ഓഫ് കാണാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ലീഗ് ഘട്ടം പൂർത്തിയാക്കിയത്, 14 മത്സരങ്ങളിൽ ഏഴ് ജയവും ഏഴ് തോൽവിയുമടക്കം 14 പോയിന്റ് നേടാനെ അവർക്ക് കഴിഞ്ഞുള്ളു. സീസണിലെ മികച്ച തുടക്കത്തിന് ശേഷം പിന്നീട് പുറകോട്ട് പോവുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ഓറഞ്ച് ക്യാപ്പ് ജേതാവായ ബട്ട്‌ലർ പഞ്ചാബ് കിംഗ്‌സിനെതിരായ തന്റെ ടീമിന്റെ അവസാന മത്സരത്തില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാവുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് ഇത്തവണ മടങ്ങിയത്.












Click it and Unblock the Notifications