ഫീല്‍ഡിംഗ് കോച്ച് ജോണ്ടി റോഡ്‌സ്, ബൗളിംഗ് കോച്ച് സഹീറോ നെഹ്‌റയോ; ഗംഭീറിന്റെ ടീം സെറ്റ്..!!?
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറെക്കുറെ മുന്‍താരം ഗൗതം ഗംഭീര്‍ ഉറപ്പിച്ച മട്ടാണ്. ഇന്ത്യക്കായി ഏകദിന, ടി20 ലോകകപ്പുകള്‍ നേടിക്കൊടുത്തിട്ടുള്ള ഗംഭീര്‍ ചൊവ്വാഴ്ച ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റിയുമായുള്ള ആദ്യ റൗണ്ട് അഭിമുഖത്തിന് വിധേയനായിരുന്നു. ഇനി ഒരു സെഷന്‍ കൂടി ശേഷിക്കെ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിന് വെല്ലുവിളികള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.
ഗംഭീറിന് മുമ്പ് ഒരു ടീമിനെ ഔദ്യോഗികമായി പരിശീലിപ്പിച്ച് പരിചയമില്ല. എങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മൂന്ന് കിരീടങ്ങള്‍ നേടിക്കൊടുത്തതിന്റെ റെക്കോഡ് അദ്ദേഹത്തിനുണ്ട്. രണ്ട് തവണ ക്യാപ്റ്റനായും ഒരിക്കല്‍ മെന്ററായും കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. അതിനാല്‍ വിജയിക്കുകയും കഴിവുള്ള ഒരു ടീമിനെ മുകളില്‍ എത്തിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് ഗംഭീറിന് അറിയാം.

അതിനാല്‍ തന്നെ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ഗൗതം ഗംഭീറിനേക്കാള്‍ യോഗ്യത മറ്റാര്‍ക്കുമില്ല എന്നാണ് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മലിന്റെ അഭിപ്രായം. 'ഗംഭീര്‍ തൊടുന്നതെന്തും പൊന്നായി മാറും. അദ്ദേഹമുള്ള ടീം വിജയിക്കുന്നു. ടീം ഇന്ത്യക്ക് വിദേശ പരിശീലകരെ ആവശ്യമില്ല. ഇന്ത്യയില്‍ തന്നെ ധാരാളം ഓപ്ഷനുകളുണ്ട്,' അക്മല്‍ പറയുന്നു.
നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്ഷന്‍ ഗംഭീറാണെന്നും അക്മല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഗംഭീറിന്റെ വിജയം കെകെആറില്‍ മാത്രം ഒതുങ്ങുന്നില്ല. 2022-ലും 2023-ലും ഐപിഎല്ലിന്റെ ആദ്യ രണ്ട് സീസണുകളില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ എന്ന നിലയില്‍ പ്ലേഓഫിലെത്തിക്കാന്‍ ഗംഭീറിനായി. ഗംഭീറിന്റെ തിരശ്ശീലയ്ക്ക് പിന്നിലെ റോള്‍ ഫ്രാഞ്ചൈസിയുടെ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം ഗംഭീറിന്റെ കോച്ചിംഗ് സ്റ്റാഫിലേക്ക് തിരഞ്ഞെടുക്കേണ്ടവരേയും അക്മല്‍ നിര്‍ദേശിച്ചു. അദ്ദേഹത്തിന് തുല്യ വൈദഗ്ധ്യമുള്ള കോച്ചിംഗ് സ്റ്റാഫ് ആവശ്യമാണ്. എല്‍എസ്ജിയില്‍ ഗംഭീറുമായി അവരുടെ ഫീല്‍ഡിംഗ് കോച്ചായി സേവനമനുഷ്ഠിച്ച ജോണ്ടി റോഡ്സ് ഗൗതി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗംഭീറിന് ഒപ്പം ഒരു പുതിയ ബാറ്റിംഗ്, ബൗളിംഗ് കോച്ചും ആവശ്യമാണ്. ബൗളിംഗ് കോച്ചായി ഇന്ത്യയുടെ എക്കാലത്തേയും മികച്ച രണ്ട് പേസര്‍മാരെയാണ് അക്മല്‍ നിര്‍ദേശിക്കുന്നത്. സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവരില്‍ ആരെങ്കിലും ആയിരിക്കണം ഗംഭീറിനൊപ്പം കോച്ചിംഗ് സ്റ്റാഫില്‍ വരേണ്ടത് എന്നാണ് അക്മല്‍ അഭിപ്രായപ്പെടുന്നത്. ഇരുവരും ഗംഭീറിനൊപ്പം ദേശീയ ടീമി്ല്‍ കളിച്ചിട്ടുള്ളവരാണ്.
'ഗംഭീര്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനൊപ്പമായിരുന്നപ്പോള്‍ ആ ടീം മികച്ച പ്രകടനം നടത്തി. കെകെആറിന്റെ ഉപദേഷ്ടാവായപ്പോള്‍ അവര്‍ ചാമ്പ്യന്മാരായി. ഗംഭീര്‍ ഒരു മികച്ച ആസൂത്രകനും മികച്ച ക്രിക്കറ്റ് മൈന്‍ഡ് ഉള്ളവനുമാണ്. ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഞങ്ങള്‍ വളരെക്കാലം ഒരുമിച്ചുണ്ടായിരുന്നു. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്,' അക്മല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യ പരിശീലകനാകുന്നതിനായി ഗൗതം ഗംഭീര്‍ അവതരിപ്പിച്ച നിബന്ധനകള്‍ ബിസിസിഐ അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ടീമില്‍ പരമാവധി അധികാരം, വൈറ്റ് ബോളിനും റെഡ് ബോളിനും വെവ്വേറെ ടീമുകള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഗംഭീര്‍ മുന്നോട്ട് വെച്ചത്. ഇത് ബിസിസിഐ അംഗീകരിച്ചു എന്നാണ് വിവരം.












Click it and Unblock the Notifications