കിവീസിനെ വീഴ്ത്തും, ജ്യോതിഷിയുടെ വൈറല്‍ പ്രവചനം യാഥാര്‍ത്ഥ്യമായി; പറഞ്ഞതില്‍ ഇക്കാര്യങ്ങള്‍
മുംബൈ: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ വീഴ്ത്തുമെന്ന ജ്യോതിഷി സുമിത് ബജാജിന്റെ പ്രവചനം യാഥാര്‍ത്ഥ്യം. ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ ഈ പ്രവചനം ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്. 8.50നും 9.50നും ഇടയിലുള്ള ഓവറുകള്‍ ഇന്ത്യക്ക് അനുകൂലമായ സമയമായി മാറുമെന്നാണ് പ്രവചനങ്ങളിലൊന്ന്. ഇവിടെ വെച്ചാണ് ഇന്ത്യക്ക് നിര്‍ണായക ബ്രേക് ത്രൂ ലഭിച്ചത്.
8.50ന് ശേഷം ഇന്ത്യക്ക് ധാരാളം ഭാഗ്യം ലഭിച്ചതായും സുമിത് പറയുന്നു. ന്യൂസിലന്‍ഡ് ഏതെല്ലാം സമയത്ത് മികവ് പുലര്‍ത്തുമെന്നും സുമിത് പ്രവചിച്ചിരുന്നു. 6.32 മുതല്‍ 10.15 വരെയുള്ള സമയങ്ങളില്‍ കിവീസിന് ആധിപത്യം കുറഞ്ഞും ഉയര്‍ന്നും ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനെ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലെ ഫൈനലിലേക്ക് നയിക്കുമെന്നായിരുന്നു പ്രധാന പ്രവചനം.

സെപ്റ്റംബര്‍ 27ന് ഈ പ്രവചനം അദ്ദേഹം നടത്തിയിരുന്നു. അതിന്റെ കൃത്യതയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. അതുപോലെ വിരാട് കോലിക്ക് ഇത് ഏറ്റവും മികച്ച ലോകകപ്പായിരിക്കുമെന്നും പ്രവചനമുണ്ടായിരുന്നു. ഗംഭീരമായ ഇന്നിംഗ്‌സ് അദ്ദേഹം കളിക്കുമെന്നും, സച്ചിന്റെ ഏകദിന സെഞ്ച്വറികള്‍ മറികടക്കുമെന്നും സുമിത് പ്രവചിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. വിരാട് ടീമിന്റെ നിര്‍ണായക ശക്തിയാവുകയും, സച്ചിന്റെ റെക്കോര്‍ഡ് സെമിയില്‍ കിവീസിനെതിരെ മറികടക്കുകയും ചെയ്തു.
ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍മാരില്‍ ഒരാളാവും വിരാടെന്നും പ്രവചനത്തിലുണ്ടായിരുന്നു. അതും യാഥാര്‍ത്ഥ്യമായി. നിലവില്‍ ഒന്നാം സ്ഥാനത്താണ് റണ്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ വിരാട് കോലി. ഇന്ത്യ കിവീസിനെതിരെ 2019ലെ സെമി ഫൈനലിന്റെ കണക്കുതീര്‍ക്കുമെന്നും, രോഹിത് ശര്‍മയാണ് ഇതില്‍ നിര്‍ണായകമാവുകയെന്നും അദ്ദേഹം പറഞ്ഞു.
കിവീസിന്റെ ഇന്നിംഗ്‌സ് 50ാം ഓവറിലേക്ക് നീളില്ലെന്നും സുമിത്തിന്റെ പ്രവചനത്തിലുണ്ടായിരുന്നു. ഇതും കൃത്യമായി തന്നെ നടന്നിരുന്നു. അതേസമയം വിരാട് കോലിയുടെ കരിയര്‍ അടുത്ത ഏഴ് മുതല്‍ പന്ത്രണ്ട് മാസത്തേക്ക് ഏറ്റവും ഉയരത്തിലെത്തുമെന്നും, അത് ലോകകപ്പ് പോലെ തന്നെ ഏറ്റവും തിളങ്ങി നില്‍ക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം സുമിത് പ്രവചിച്ച 8.50നാണ് മുഹമ്മദ് ഷമിയുടെ ഓവര്‍ ആരംഭിച്ചത്. ഈ രണ്ടാം സ്‌പെല്ലിലാണ് കെയ്ന്‍ വില്യംസണ്‍ പുറത്താവുന്നത്. മത്സരത്തിലെ ഏറ്റവും നിര്‍ണായക നിമിഷമായിരുന്നു അത്. ആ ഓവറില്‍ തന്നെ ടോം ലാഥത്തെയും മടക്കി ന്യൂസിലന്‍ഡിനെ ഇരട്ടി സമ്മര്‍ദത്തിലേക്ക് നയിക്കാനും ഷമിക്ക് സാധിച്ചു. അതുപോലെ കിവീസ് നിരയില്‍ അവരുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ രചിന്‍ രവീന്ദ്ര തിളങ്ങില്ലെന്ന പ്രവചനവും സത്യമായി.
ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ രചിന്‍ പരാജയപ്പെട്ടു. രോഹിത് ശര്‍മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ തിളങ്ങുമെന്ന സുമിത് ബജാജിന്റെ പ്രവചനവും അതുപോലെ സത്യമായി. ഇന്ത്യ കിരീടം നേടുമെന്ന സുമിത്തിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാകാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.












Click it and Unblock the Notifications