ലോകകപ്പ് 2023: മോഹിച്ച ഒന്നാം സ്ഥാനം കിട്ടി, പക്ഷേ റണ്‍റേറ്റില്‍ ഇന്ത്യയേക്കാള്‍ ആ ടീം മുന്നില്‍
അഹമ്മദാബാദ്: പാകിസ്താനെതിരെ പടുകൂറ്റന്‍ വിജയത്തോടെ ഇന്ത്യ ആ സ്വപ്‌നം നേടിയെടുത്തു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ലോകകപ്പ് തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ടീം പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീം പിന്നിലായി പോയിരുന്നു.
പാകിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. അത് മാത്രമല്ല ബാറ്റ് കൊണ്ടും പന്തും കൊണ്ടും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യയുടെ വിജയം. ജസ്പ്രീം ബുംറ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍, ബാറ്റിംഗില്‍ രോഹിത് ശര്‍മയും, ശ്രേയസ് അയ്യരും കളം നിറഞ്ഞ് നിന്നു. അതേസമയം ഇത്രയും ദിവസങ്ങളിലായി ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ മറികടന്നത്. മൂന്നാം സ്ഥാനത്ത് നിന്നായിരുന്നു ഇന്ത്യ ഒന്നിലേക്ക് കുതിച്ചത്.

നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുകള്‍ ടീം ഇന്ത്യക്കുണ്ട്. ന്യൂസിലന്‍ഡിനും ആറ് പോയിന്റുണ്ട്. പക്ഷേ നെറ്റ് റണ്‍റേറ്റില്‍ ടീം പിന്നില്‍ പോയിരിക്കുകയാണ്. ഇന്ത്യക്ക് +1.821 ആണ് റണ്‍റേറ്റ്. കിവീസിന്റെ റണ്‍റേറ്റ് +1.604 ആണ്. ഇത്രയും ദിവസങ്ങളില്‍ കിവീസ് ഒന്നാമത് നിന്നിരുന്നത് റണ്‍റേറ്റ് മികവിലായിരുന്നു. എന്നാല്‍ പാകിസ്താനെതിരെ ഇന്ത്യ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്തിയെങ്കിലും ഒരു ടീം ഇപ്പോഴും ഇന്ത്യയേക്കാള്‍ അക്കാര്യത്തില്‍ മുന്നിലാണ്.
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ന്യൂസിലന്‍ഡാണ്. അതേസമയം മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ് എല്ലാ ടീമുകളേക്കാള്‍ റണ്‍റേറ്റില്‍ മുന്നിലുള്ളത്. നാല് പോയിന്റുകളാണ് അവര്‍ക്കുള്ളത്. പക്ഷേ +2.360 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. അടുത്ത മത്സരം ചെറിയ മാര്‍ജിനില്‍ വിജയിച്ചാല്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.
അതേസമയം നാലാമത് പാകിസ്താനാണ്. പക്ഷേ അവര്‍ ടൂര്‍ണമെന്റിലെ ആദ്യത്തെ തോല്‍വിയാണ് ഇന്ത്യക്കെതിരെ വഴങ്ങിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയത്തോടെ നാല് പോയിന്റാണ് അവര്‍ക്കുള്ളത്. പക്ഷേ വമ്പന്‍ തോല്‍വിയോടെ അവരുടെ നെറ്റ് റണ്‍റേറ്റ് മൈനസായി മാറിയിരിക്കുകയാണ്. -0.137 ആണ് പാകിസ്താന്റെ റണ്‍റേറ്റ്. നേരത്തെ ഇത് പ്ലസായിരുന്നു.
അതേസമയം ഇന്ത്യയുടെ ഒന്നാം സ്ഥാനം ഉടനെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് ചൊവ്വാഴ്ച്ച നെതര്‍ലന്‍ഡ്‌സിനെതിരെ മത്സരമുണ്ട്. നിലവിലെ ഫോമില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെ മുന്‍തൂക്കമുണ്ടാവാനാണ് സാധ്യത. ഒക്ടോബര്‍ പത്തൊന്‍പതിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇന്ത്യ 117 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം നേടിയത്. അതാണ് നെറ്റ് റണ്‍റേറ്റ് ഉയരാന്‍ സഹായിച്ചത്. ജസ്പ്രീത് ബുംറയായിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ്. രണ്ട് പോയിന്റാണ് രണ്ട് മത്സരങ്ങളില്‍ നിന്ന് അവര്‍ക്കുള്ളത്.












Click it and Unblock the Notifications