ഒരേ പോയിന്റായിട്ടും ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടം, ഒന്നാം സ്ഥാനത്ത് ആ ടീം
ന്യൂഡല്‍ഹി: പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നിന്ന് ഇന്ത്യക്ക് വീഴ്ച്ച. ഇതുവരെ മത്സരങ്ങളൊന്നും തോറ്റിട്ടില്ലെങ്കിലും ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. പാകിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കും ഒരേ പോയിന്റാണ് ഉള്ളത്.
എന്നിട്ടും ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടപ്പെട്ടതിന് കാരണം നെറ്റ് റണ്‍റേറ്റിലെ വ്യത്യാസമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ആറ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റാണ് ഉള്ളത്. അഞ്ച് മത്സരങ്ങള്‍ അവര്‍ വിജയിച്ചു. +2.032 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ്. അതേസമയം ഇന്ത്യക്ക് +1.353 ആണ് റണ്‍റേറ്റ്. അഞ്ച് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചതാണ്. പത്ത് പോയിന്റുണ്ട് ടീമിന്.അതേസമയം ഇന്ത്യക്ക് രണ്ടാം സ്ഥാനവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും തമ്മില്‍ മത്സരം ലോകകപ്പില്‍ നടക്കുന്നുണ്ട്. ഇതില്‍ ന്യൂസിലന്‍ഡ് വിജയിച്ചാല്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തും. ന്യൂസിലന്‍ഡിന് +1.481 ആണ് റണ്‍റേറ്റ്. അഞ്ച് മത്സരങ്ങളില്‍ നിന്നായി അവര്‍ക്ക് എട്ട് പോയിന്റുണ്ട്. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനത്തെത്താം. അതേസമയം കിവീസിനെ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ ഓസീസിന് മൂന്നാം സ്ഥാനത്തെത്താന്‍ സാധിക്കും.
അഞ്ച് കളിയില്‍ നിന്ന് ആറ് പോയിന്റുമായി അവര്‍ നാലാം സ്ഥാനത്താണ്. നാല് പോയിന്റുള്ള ശ്രീലങ്കയാണ് അഞ്ചാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ടിന്റെ സാധ്യതകളാണ് തീര്‍ത്തും അവസാനിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് അവര്‍. അതേസമയം ഇന്ത്യ ന്യൂസിലന്റിനേക്കാളും ദക്ഷിണാഫ്രിക്കയേക്കാളും ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത്. ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കയ്ക്ക് പാകിസ്താനെതിരെ ജയമൊരുക്കിയത്.
തബ്‌റീസ് ഷംസി, മാര്‍ക്കോ യാന്‍സന്‍ എന്നിവരാണ് മികച്ച് നിന്നത്. 46.4 ഓവറില്‍ 270 റണ്‍സിനാണ് പാകിസ്താന്‍ പുറത്തായത്. നാല്‍പ്പതാം ഓവറില്‍ അഞ്ചിന് 225 എന്ന നിലയിലായിരുന്നു ടീം. എന്നാല്‍ അനാവശ്യമായി അവര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മാക്രമാണ് തകര്‍പ്പന്‍പ്രകടനം നടത്തിയത്. 91 റണ്‍സുമായി താരം ടീമിന്റെ ടോപ് സ്‌കോററായി.
ഏറ്റവുമധികം റണ്ണടിച്ചവരുടെ പട്ടികയില്‍ ഇതോടെ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് മാക്രം. വിരാട് കോലിയെയാണ് മറികടന്നത്. വളരെ എളുപ്പത്തില്‍ ജയിക്കേണ്ട കളിയില്‍ അനാവശ്യ സമ്മര്‍ദമാണ് ദക്ഷിണാഫ്രിക്കയെ പിന്നോട്ട് നയിച്ചത്. ഡേവിഡ് മില്ലര്‍ക്കൊപ്പം 70 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും മാക്രത്തില്‍ നിന്ന് വന്നിരുന്നു. എന്നാല്‍ 34ാം ഓവറില്‍ മില്ലര്‍ അഫ്രീദിയുടെ പന്തില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലായി.
ഹാരിസ് റൗഫിന്റെ സിക്‌സര്‍ പറത്തിയ യാന്‍സന്‍ അടുത്ത പന്തില്‍ ബാബറിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പ്രതിരോധത്തിലായി. 36 റണ്‍സ് അപ്പോഴും ജയിക്കാന്‍ ടീമിന് വേണമായിരുന്നു. പിന്നാലെ തന്നെ മാക്രവും മടങ്ങി. 22 റണ്‍സായിരുന്നു ജയിക്കാന്‍ അപ്പോള്‍. അവസാനം കേശവ് മഹാരാജും ഷംസിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്.












Click it and Unblock the Notifications